വാഷിംഗ്ടണ്‍:അമേരിക്കയില്‍ വീണ്ടും വെടിവയ്പ്.ഇന്നലെ രാത്രി ബാള്‍ട്ടിമോറില്‍ നടന്ന വെടിവയ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുറ്റവാളികളായ മൂന്ന് തോക്ക്ധാരികള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് വെടിവയ്പ് നടന്നിരിക്കുന്നത്. ഈ ബ്ലോക്കില്‍ ഇന്നലെ രാവിലെ ഒരു പാര്‍ട്ടി നടന്ന ഇടമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വെടിവയ്പില്‍ പരുക്കേറ്റവരുടെയൊന്നും ജീവന് ഭീഷണിയില്ലെന്നും ഇവരില്‍ ഒരു അച്ഛനും മൂന്ന് വയസുകാരിയുമുണ്ടെന്നുമാണ് പോലീസ് വക്താവായ ടി.ജെ.സ്മിത്ത് വെളിപ്പെടുത്തുന്നത്.
വെടിവയ്പിന് ശേഷം തോക്ക് ധാരികള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് സ്മിത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിലൊരാള്‍ ഷോട്ട്ഗണ്ണും മറ്റ് രണ്ട് പേര്‍ ഹാന്‍ഡ് ഗണ്ണുകളുമായിരുന്നു ഉപയോഗിച്ചിരുന്നതെന്നും സൂചനയുണ്ട്. വെടിവയ്പിനെ തുടര്‍ന്ന് ഇവിടെ മൂന്ന് ബ്ലോക്കുകള്‍ പോലീസ് ഒഴിപ്പിച്ച് അരിച്ച് പെറുക്കി പരിശോധിച്ചിരുന്നു. ഇവിടേയ്ക്ക് ബൈസ്റ്റാന്‍ഡര്‍മാരെയും റിപ്പോര്‍ട്ടര്‍മാരെയും പ്രവേശിപ്പിച്ചിരുന്നില്ല. പോലീസ് കമ്മീഷണറായ കെവിന്‍ ഡേവിസ് സംഭവസ്ഥലത്തുണ്ടായിരുന്നു. ഇദ്ദേഹം ഡിറ്റെക്ടീവുകളുമായി സംസാരിക്കുന്നത് കാണാമായിരുന്നു.
ഇതിലൊരു ബ്ലോക്കിലായിരുന്നു വെടിവയ്പ് നടന്നതെങ്കിലും മറ്റുള്ളവയു പോലീസ് മുന്‍കരുതലായി പരിശോധിക്കുകയായിരുന്നു. വെടിവയ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എത്തരത്തിലാണ് ആളുകള്‍ക്ക് പരുക്കേറ്റതെന്നും അവരുടെ പേര് വിവരങ്ങളും പരസ്യമാക്കിയിട്ടില്ല. വിവിധ ഏജന്‍സികള്‍ സൂക്ഷ്മമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here