തിരുവനന്തപുരം: നിയമസഭയില്‍ നാടിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് ഫേസ്ബുക്കിലൂടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിഴച്ചുവോ? ഏറ്റവും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെട്ടത് മദ്യനിരോധനവും മദ്യനിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ കപ്പ, നെല്ല്, കശുമാങ്ങ തുടങ്ങിയവയില്‍ നിന്ന് മദ്യമുണ്ടാക്കി വിറ്റാല്‍ നമ്മുടെ കാര്‍ഷിക മേഖല രക്ഷപ്പെടുമെന്ന നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടും.
ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് ഫേസ് ബുക്ക് വഴി അഭിപ്രായങ്ങള്‍ ക്ഷണിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച 7500 നിര്‍ദ്ദേശങ്ങളില്‍ ചിലതാണിത്. 9,04,401 പേര്‍ ഫേസ് ബുക്കില്‍ ചെന്നിത്തലയുടെ അഭ്യര്‍ത്ഥന വായിച്ചു. ലൈക്കോ, ഷെയറോ, കമന്റോ ചെയ്തത് 35520 പേര്‍.
കേരളത്തില്‍ ഇതാദ്യമായാണ് ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഹോട്ടലുകളിലെ മോശപ്പെട്ട ഭക്ഷണം മുതല്‍ കേരളത്തെ കുരുതിക്കളമാക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ കാര്യവും തെരുവ് നായ ശല്യവും ഭൂമി കൈയേറ്റവും വരെ ഉന്നയിക്കണം. നാദാപുരത്തെ അസ്ലം വധക്കേസിലെ പ്രതിയെ പിടികൂടാത്ത സര്‍ക്കാരിനെതിരെ സഭയില്‍ പോരാടണം. മാലിന്യ പ്രശ്‌നം പരിഹരിക്കണം. പ്‌ളാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതിനെതിരെ നിലപാടെടുക്കണം. അന്യ സംസ്ഥാന തൊഴിലാളികളില്‍ പലര്‍ക്കും വ്യക്തി ശുചിത്വമില്ല. ഇവരാണ് ഹോട്ടലുകളില്‍ പാചകം ചെയ്യുന്നത്. ഇതുയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സഭയിലുന്നയിക്കണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുതല്‍ പേരെയും ഉത്കണ്ഠാകുലരാക്കുന്നു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കരുതെന്ന് പറയുന്ന സി.പി.എമ്മുകാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നത് തുറന്ന് കാട്ടണം. പ്രവാസികളുടെ പ്രശ്‌നങ്ങളും പലരും ചൂണ്ടിക്കാട്ടി. ഈ നിര്‍ദ്ദേശങ്ങള്‍ ചോദ്യ രൂപത്തിലും ശ്രദ്ധക്ഷണിക്കലും സബ്മിഷനും വഴിയും സഭയില്‍ അവതരിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here