കോട്ടയം: ഇന്നാരംഭിച്ച കേരള നിയമസഭാ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് (എം) പങ്കെടുക്കുന്നത് രണ്ട് മുന്നണികളോടും അകലം പാലിച്ചുള്ള സ്വതന്ത്ര നിലപാടെന്ന രാഷ്ട്രീയ പരീക്ഷണത്തിലൂടെ. ഫലത്തില്‍ ഇടത്തും വലത്തും ശത്രുക്കളും നടുക്ക് മാണിയും എന്ന അവസ്ഥയിലാണ്. മാണി ഗ്രൂപ്പിനെ ഒപ്പം കൂട്ടി മുന്നണി വിപുലീകരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ആലോചന തുടങ്ങിയെന്ന പ്രചാരണത്തിനിടെ നടക്കുന്ന സമ്മേളനം ഒട്ടേറെ കൗതുകകരമായ രംഗങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുമെന്നുറപ്പ്.
യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിച്ച് ആറ് സീറ്റ് നേടിയ മാണി ഗ്രൂപ്പ് ആശങ്കയോടെയാണ് നിയമസഭാ സമ്മേളനത്തെ കാണുന്നത്. നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പറയുമ്‌ബോഴും, ബാര്‍ കോഴ വിവാദത്തില്‍ ഇതുവരെ പിന്തുണച്ച കോണ്‍ഗ്രസ് ഇനി എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.

ഇടതുമുന്നണിക്കെതിരെ വാക്കൗട്ട് അടക്കം യു.ഡി.എഫ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കണമോയെന്നും തീരുമാനിച്ചിട്ടില്ല. സന്ദര്‍ഭമനുസരിച്ച് തീരുമാനിക്കാമെന്നായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എം.എല്‍.എമാരുടെ സംശയത്തിന് മാണി നല്കിയ മറുപടി. സ്വതന്ത്രമായി ഇരിക്കുമ്‌ബോള്‍ ആരും പാര്‍ട്ടിയുടെ കൈകാലുകള്‍ കെട്ടിയിടില്ലെന്നും മാണി വ്യക്തമാക്കി. ബാര്‍ കോഴ ആരോപണത്തില്‍പ്പെടുത്തി നിയമസഭയില്‍ ഇടതുമുന്നണി നടത്തുന്ന ആക്രമണത്തിനൊപ്പം യു.ഡി.എഫ് ചേരില്ലെന്ന വിശ്വാസമാണ് പാര്‍ട്ടിക്കുള്ളത്. ബാര്‍ കോഴയിലെ പല രഹസ്യങ്ങളും മാണിക്ക് അറിയാമെന്നതും, കെ. ബാബുവിനെതിരെ തിരിയാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണിത്. ആക്രമിച്ചാല്‍ തിരിച്ചടിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ന്യൂനപക്ഷ പിന്തുണയോടെ കേരളത്തില്‍ എന്‍.ഡി.എ ശക്തിപ്പെടുത്തണമെന്ന ബി.ജെ.പി ദേശീയ നേതാക്കളുടെ ആഹ്വാനത്തിനൊപ്പം, മാണി ഗ്രൂപ്പിനെ എന്‍.ഡി.എ ഘടകകക്ഷിയാക്കാന്‍ ശ്രമം തുടങ്ങിയെന്ന പ്രചാരണം ശക്തമാണ്. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ പച്ചക്കൊടി കാട്ടിയാല്‍ എന്‍.ഡി.എയില്‍ ചേരാന്‍ മാണി ഗ്രൂപ്പ് തയ്യാറാകുമെന്ന വിശ്വാസമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുള്ളത്. ചില ബിഷപ്പുമാര്‍ കോഴിക്കോട്ട് പ്രധാനമന്ത്രിയെ കാണാന്‍ താത്പര്യം കാട്ടിയതിനെ ഏറെ പ്രതീക്ഷയോടെയാണ് അവര്‍ കാണുന്നത്. അതേസമയം, ബി.ജെ.പിയോട് ആഭിമുഖ്യം കാട്ടിയാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം എം.എല്‍എമാരും ഒപ്പം നില്‍ക്കില്ലെന്നതും, പാര്‍ട്ടിയില്‍ പുതിയ പിളര്‍പ്പിന് കാരണമാകുമെന്നതും മാണിയെ അലട്ടുന്നു. മാണി ഗ്രൂപ്പ് ഏതു മുന്നണിയില്‍ ചേരുമെന്ന ചോദ്യത്തിന്, കുരുടന്‍ ആനയെ കണ്ടത് പോലെയാണ് ഏതു മുന്നണിയിലേക്കെന്ന ചോദ്യമെന്നും. എന്‍.ഡി.എ ഉള്‍പ്പെടെ ഒരു മുന്നണിയിലേക്കും പോകില്ലെന്നുമായിരുന്നു മാണിയുടെ മറുപടി. എങ്കിലും ബി.ജെ.പി നേതാക്കള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here