തിരുവനന്തപുരം: ഇനി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഒരു മാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു. തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫിസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. അടുത്ത ഘട്ടമായി മൊബൈല്‍ ഫോണില്‍ വരെ കൊണ്ടുപോകാവുന്ന തരത്തില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ നടപ്പാക്കും. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാക്കിവരികയാണ്. പാസ്‌പോര്‍ട്ട് അപേക്ഷകന്‍ നല്‍കുന്ന വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ പൊലീസിനു കൈമാറും. പരിശോധനയ്ക്കു ശേഷം ഡിജിറ്റലായി തന്നെ പാസ്‌പോര്‍ട്ട് ഓഫിസിനു കൈമാറുകയും ചെയ്താല്‍ കാലതാമസം കുറയ്ക്കാം- മന്ത്രി പറഞ്ഞു.

പാസ്‌പോര്‍ട്ട് ഓഫിസില്‍ ഊഴം കാത്തിരിക്കുന്ന അപേക്ഷകരുടെ മുന്നിലേക്ക് വന്ന് ‘എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ എന്നു ചോദിച്ചാണ് മന്ത്രി എത്തിയത്. ഒരു അസൗകര്യവും നേരിടുന്നില്ലെന്ന് അപേക്ഷകര്‍ മറുപടി നല്‍കി. ആദ്യമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ എത്ര പേരുണ്ടെന്നായി അടുത്ത ചോദ്യം. ഒരു യുവാവ് മാത്രം കയ്യുയര്‍ത്തി. റിസപ്ഷനിലും അന്വേഷണ കൗണ്ടറിലും ജീവനക്കാരെയും ക്യു നിന്നവരെയും കണ്ടതിനു ശേഷമാണ് പരിശോധനയ്ക്കു രേഖകള്‍ നല്‍കുന്നതിനായി കാത്തിരുന്നവരുടെ അരികിലേക്കു മന്ത്രി എത്തിയത്.

തുടര്‍ന്ന് ഓഫിസിലേക്കു കയറി. ഓരോ വിഭാഗത്തിലും കയറിയിറങ്ങി. രേഖകളുമായി ജീവനക്കാരുടെ മുന്നില്‍ ഇരിക്കുന്നവരോട്, അപേക്ഷ നല്‍കിയിട്ട് എത്രദിവസമായെന്ന് അന്വേഷിച്ചു. പൊതുജനങ്ങളുടെ തോളില്‍പിടിച്ചു കൊണ്ടാണ് കാര്യങ്ങള്‍ ചോദിച്ചത്. ഉദ്യോഗസ്ഥരോടും അസൗകര്യം എന്തെങ്കിലും നേരിടുന്നുണ്ടോ എന്നു ചോദിച്ചു. ജീവനക്കാരുടെയോ പൊതുജനങ്ങളുടെയോ ഭാഗത്തുനിന്നു പരാതി ഉയര്‍ന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here