വാഷിംഗ്ടണ്‍:പ്രാദേശിക തലത്തില്‍ യൂസര്‍മാര്‍ക്ക് വസ്തുക്കള്‍ വില്‍ക്കാനും വാങ്ങാനും അവസരമൊരുക്കി മാര്‍ക്കറ്റ്‌പ്ലേസ് എന്ന ഷോപ്പിങ്ങ് പ്ലാറ്റ്‌ഫോം കഴിഞ്ഞദിവസമാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. ഇതിന് മാര്‍ക്കറ്റ്‌പ്ലേസിന് അമേരിക്കയില്‍ വലിയ സ്വീകാര്യത കിട്ടിയെങ്കിലും ചില വിരുതന്‍മാരുടെ വിക്രിയകള്‍ ഫെയ്‌സ്ബുക്കിന് തലവേദന ആയിരിക്കുകയാണ്. പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കരുതെന്ന് ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ട സാധനങ്ങള്‍ വില്‍ക്കാന്‍ യൂസര്‍മാര്‍ ശ്രമിക്കുന്നതാണ് ഫെയ്‌സ്ബുക്കിനെ വലച്ചിരിക്കുന്നത്. മയക്കുമരുന്ന്, മൃഗങ്ങള്‍, ആയുധങ്ങള്‍, ശരീര ഭാഗങ്ങള്‍ അങ്ങനെ പോകുന്നു ചിലര്‍ വില്‍പ്പനക്കായി എത്തിച്ച വസ്തുക്കളുടെ നിര. സേവനം ഉപയോഗിക്കുന്നതിന് പറഞ്ഞിരുന്ന മാനദണ്ഡങ്ങള്‍ ലംഘിച്ച യൂസര്‍മാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഫെയ്‌സ്ബുക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ കമ്പനിയ്ക്ക് മാപ്പും പറയേണ്ടി വന്നു.
യൂസര്‍മാര്‍ക്ക് പ്രാദേശികതലത്തിലുള്ള മറ്റു യൂസര്‍മാര്‍ക്കുമായി ക്രയവിക്രയം നടത്താനുള്ള സേവനമെന്നോണമാണ് ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസ് അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്ക് ആപ്പിന്റെ ബോട്ടം സ്‌ക്രീനില്‍ കാണുന്ന മാര്‍ക്കറ്റ്‌പ്ലേസ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ക്രയവിക്രയം ആരംഭിക്കാം. പ്രാദേശിക യൂസര്‍മാര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വസ്തുക്കളുടെ ചിത്രങ്ങളുടെ വിന്‍ഡോ ആയിരിക്കും മാര്‍ക്കറ്റ്‌പ്ലേസില്‍ ആദ്യം കാണാനാകുക. ഏതെങ്കിലും പ്രത്യേക വസ്തുവിനെക്കുറിച്ച് അറിയണമെങ്കില്‍ ലൊക്കേഷന്‍, കാറ്റഗറി, വില എന്നിവയുടെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്താനും പ്ലാറ്റ്‌ഫോമില്‍ സൗകര്യമുണ്ട്. വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ നിരവധി കാറ്റഗറികളും സജ്ജമാക്കിയിരിക്കുന്നു. സാധനങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച യൂസര്‍മാരുമായി ആശയവിനിമയവും നടത്താം.
ഇനി വസ്തുക്കള്‍ വില്‍ക്കാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ വില്‍ക്കേണ്ട വസ്തുവിന്റെ ചിത്രമെടുത്ത് ഉല്‍പ്പനത്തിന്റെ പേര്, വിവരണം, വില എന്നിവ സഹിതം മാര്‍ക്കറ്റ്‌പ്ലേസില്‍ നല്‍കുക. ഉല്‍പ്പന്നത്തിന്റെ കാറ്റഗറി തെരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങളുടെ ലൊക്കേഷനും ഉറപ്പുവരുത്തണമെന്നുമാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here