ഒക്ടോബർ 15 നു ഫിലാഡൽഫിയയിൽ നടന്ന ഫൊക്കാനാ ജനറൽ കൗൺസിലിൽ താരമായി തിളങ്ങിയത് എതിരില്ലാതെ ജയിച്ച പ്രസിഡന്റോ, എതിർത്തു ജയിച്ച സ്വന്തം പാനലിലെ മത്സരാര്ഥികളോ അല്ല, മറിച്ചു എല്ലാ റീജിയനുകളിൽ നിന്നും, കമ്മിറ്റിയിൽ നിന്നും പിന്തുണ ഉണ്ടായിരുന്നിട്ടും ഫൊക്കാനയുടെ ഭാവിക്കു വേണ്ടി, കെട്ടുറപ്പിന് വേണ്ടി, കേസിനു പോയാൽ എതിര്ഭാഗത്തു മറ്റൊരു മൂന്നാം സംഘടനാ, ഒരു പക്ഷെ “ഫോമാന”എന്ന പേരിൽ പിറവിയെടുക്കാതിരിക്കാൻ വേണ്ടി സ്വന്തം സ്ഥാനാർത്ഥിത്വം ആരുടേയും പ്രേരണ ഇല്ലാതെ സ്വയം പിൻവലിച്ച മാധവൻ ബി നായരാണ്.

 നാമം എന്ന പേരിലുള്ള ഒരു മഹത്തായ സംഘടയ്ക്കു ഫൊക്കാനയിൽ അംഗത്വം കൊടുത്തു  എന്നതിന്റെ പേരിൽ തുടങ്ങിയ വാദപ്രതിവാദമാണ് കാനഡായിൽ കൺവൻഷനോടനുബന്ധിച്ചു നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പിനെ ഇതുവരെ എത്തിച്ചു. നാമത്തിന്റെയും മഞ്ചിന്റെയും പേരിലുള്ള വിവാദങ്ങൾ ഒരു സമവായത്തിലൂടെ പരിഹരിക്കുവാൻ നിയമിക്കപ്പെട്ട സമിതിയുടെ ശ്രമവും പരാജയപ്പെട്ടിരുന്നു. പ്രശ്ന പരിഹാരത്തിന് വിട്ടുവീഴ്ച ചെയ്യുവാൻ തയാറാകാതെ ഫൊക്കാനയിൽ ഇനിയും ഒരു പിളർപ്പിന് വകയുണ്ടെന്നും അതിലൂടെ മറ്റൊരു സംഘടനയുടെ ചുക്കാൻ പിടിക്കാമെന്നും  ചിന്തിച്ചിരുന്നവർക്കു തെറ്റി. വാക്കുതർക്കങ്ങൾക്കിടയിൽ എന്തുവന്നാലും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രസ്താവിച്ചിരുന്നു മാധവൻ ബി നായർ അതുവരെ അനിശ്ചിതത്വത്തിലായിരുന്ന ഫൊക്കാനാ തെരഞ്ഞെടുപ്പ് ഒരു നിമിഷം കൊണ്ട് സുനിശ്ചിതത്വത്തിത്തിലാക്കി. ഫൊക്കാനാ പ്രസിഡന്റായി മത്സരിക്കുവാൻ തീരുമാനിച്ച സമയം മുതൽ നേരിടുന്ന മാനഹാനി, സമയ നഷ്ടം, ധന നഷ്ടം, വ്യക്തിഹത്യ ഇവയൊന്നും കണക്കിലെടുക്കാതെ സമയോചിതമായി അദ്ദേഹം കൈക്കൊണ്ട തീരുമാനം അക്ഷരാർത്ഥത്തിൽ ഫൊക്കാനയെ രക്ഷിക്കുകയാണ് ചെയ്തത്. കൂടെ നിന്നവരെപോലും ഞെട്ടിച്ചുകൊണ്ട് ഫൊക്കാനയിൽ വരേണ്ടിയിരുന്ന മറ്റൊരു കേസ് ഇല്ലാതാക്കി. സ്വയം ബലിയാടായിക്കൊണ്ട് തനിക്കു കിട്ടേണ്ടിയിരുന്ന ഒരു വലിയ സ്ഥാനം, ഫൊക്കാനാ പ്രസിഡന്റ് എന്ന പദവി നിരുപാധികം പിൻവലിച്ചതിലൂടെ ആ വലിയ മനസിന്റെ മഹത്വം നമുക്ക് മനസിലാക്കാം. തന്നത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും എന്ന് പറയുന്നതുപോലെ അദ്ദേഹത്തിന്റെ ഈ തീരുമാനം എല്ലാവരാലും പ്രശംസിക്കപ്പെടും. എളിമയും വിനയവും കൈമുതലായ അദ്ദേഹത്തിന് മാത്രമേ ഇതിനു സാധിക്കുകയുള്ളു.

പ്രസിഡന്റായി മത്സരിക്കുവാൻ ഉറപ്പിച്ച സമയം മുതൽ പല മാധ്യമങ്ങളിലൂടെയും നാമത്തിന്റെ പേരിൽ അദ്ദേഹം അവഹേളിക്കപ്പെട്ടു. പല പൊതു പരിപാടികളിലും ക്രൂശിക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഫൊക്കാനയുടെ ഉന്നമനത്തിനുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചു കഷ്ടപ്പെട്ട പലരെയും വാക്കുകൊണ്ടും തൂലിക കൊണ്ടും അപമാനിക്കുവാനും വ്യക്തിഹത്യ ചെയ്യുവാനും വിവിധ മാധ്യമങ്ങളിലൂടെ ചിലർ ശ്രമിച്ചു. ഫ്ലോറിഡ കൺവൻഷനോടനുബന്ധിച്ചാണ് ഫൊക്കാനാ പ്രതിസന്ധിയിലായത്. ഫൊക്കാനാ കേസിന്റെ മൂർദ്ധന്യാവസ്ഥയിൽ ഫൊക്കാനാ വേണ്ടെന്നു പറഞ്ഞു പാതിയിൽ ഉപേക്ഷിച്ചവരാണ് കൂടുതലും, ആദർശ തീരുമാനത്തോടെ ഒപ്പം നിന്നവരും ഉണ്ട്. കേസും കോടതിയുമായി മാസങ്ങളോളം വിലപ്പെട്ട സമയവും, പണവും, നഷ്ടപ്പെടുത്തിയവരെ താറടിച്ചു കാണിക്കുകമൂലം ഫൊക്കാനയെ വളർത്തുവാനാണോ തളർത്തുവാനാണോ ശ്രമിക്കുന്നത്.

വർഷങ്ങളായി അമേരിക്കയിലെ അറിയപ്പെരുന്ന  ബിസിനസുകാരനും, ട്രൈസ്റ്റേറ്റിലെ പ്രമുഖ സംഘടനാ പ്രവർത്തകൻ കൂടിയായ മാധവൻ ബി നായർ സ്വന്തം ബിസിനസ് നടത്തുകയാണ് ന്യൂ ജേഴ്സിയിൽ. ഊർജ സ്വലതയും നിസ്വാർത്ഥ സേവനവും സത്യസന്ധതെയും കൈമുതലായുള്ള അദ്ദേഹത്തിന്റെ അവസരോചിതമായ പ്രവർത്തി ഫൊക്കാനയുടെ ചരിത്രത്തിലെ അസുലഭ മുഹൂർത്തമായി മാറി. ഒരു മൂന്നാം മുന്നണിക്ക് തടയിട്ടു, അഭിനന്ദനങ്ങൾ…..

LEAVE A REPLY

Please enter your comment!
Please enter your name here