ആലപ്പുഴ∙ കടൽതീരത്ത് കഴിഞ്ഞ ദിവസം തിളക്കമുള്ള തിരമാലകൾ ദൃശ്യമായതിനു പിന്നിൽ ആഴക്കടലിലെ സസ്യ–ജന്തു പ്ളവക സമൂഹം തീരദേശത്ത് ഒഴുകിയെത്തിയതു മൂലമാണെന്ന് സമുദ്ര ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ആഴക്കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന സൂക്ഷ്മ സസ്യങ്ങളും ജന്തുക്കളും സ്വയം പ്രകാശിക്കുന്നവയാണ്. ഇവ ഒരുമിച്ചെത്തുന്നതോടെ കടലിൽ പ്രകൃതിയുടെ ദീപാലങ്കാരം ദൃശ്യമാകും. അതേസമയം തിളങ്ങുന്ന തിരമാലകളുടെ വ്യാപക സാന്നിധ്യം സമുദ്രത്തിലെ സന്തുലിതാവസ്ഥയുടെ മാറ്റത്തിന്റെ സൂചനകളാണെന്ന് നിഗമനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിക്സ് ശാസ്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ കടൽ തീരത്ത് നിരീക്ഷണം ആരംഭിച്ചു.

മത്സ്യസമ്പത്തിന്റെ ശോഷണവും കടലിലെ ആവാസവ്യവസ്ഥയുടെ തകർച്ചയും അടക്കമുള്ള പാരിസ്ഥിതിക മാറ്റങ്ങളാണ് ശാസ്ത്ര സമൂഹം സംശയിക്കുന്നത്. ഇന്നലെ രാത്രിയാണ് ആലപ്പുഴ ബീച്ചിൽ തിളങ്ങുന്ന തിരമാലകൾ ദൃശ്യമായത്. ആഴക്കടലിൽ നിന്നു തിളക്കമുള്ള തിരമാലകൾ രൂപപ്പെടുകയും ബീച്ചിൽ അടിച്ചു കയറുകയുമാണ് ഉണ്ടായത്. കവര് എന്ന് തീരദേശ മേഖലകളിൽ അറിയപ്പെടുന്ന പ്രതിഭാസം സാധാരണയായി ആഴക്കടലിൽ ചെറിയ തോതിൽ മാത്രമാണ് ദൃശ്യമാകാറുള്ളത്. ബയോലൂമിനസ് എന്നും അറിയപ്പെടും. ആഴക്കടലിൽ നിന്നു വ്യാപകമായ തോതിൽ തീരദേശത്ത് സസ്യ–ജന്തു പ്ലവക സമൂഹം എങ്ങനെ എത്തിയെന്നതാണ് ശാസ്ത്രസമൂഹത്തെ അമ്പരപ്പിക്കുന്നത്.

ആഴക്കടലിൽ കാണപ്പെടുന്ന സൂക്ഷ്മജീവികളുടെയും സൂക്ഷ്മ സസ്യങ്ങളുടെയും സമൂഹങ്ങളാണ് പ്ളവകങ്ങൾ. കടലിന്റെ അടിത്തട്ടിൽ വെളിച്ചമില്ലാത്ത മേഖലകളിൽ വളരുന്ന ഇവയ്ക്കു സ്വയം പ്രകാശിക്കാൻ സാധിക്കും. മത്സ്യങ്ങളുടെയും മറ്റു കടൽ‌ജീവികളുടെയും പ്രധാന ഭക്ഷണമാണ് ഈ പ്ളവകങ്ങൾ. ആഴക്കടലിന്റെ മുകൾതട്ടിൽ ഇവ എത്തിച്ചേരുമ്പോൾ വൈദ്യുത ദീപാലങ്കാരം പോലെയുള്ള ദൃശ്യഭംഗി കൈവരും. എന്നാൽ മൺസൂണിന്റെ താളം തെറ്റിയത് അടക്കമുള്ള കടലിന്റെ സന്തുലിതാവസ്ഥയുടെ മാറ്റമാണ് പ്ലവകങ്ങളുടെ തീരദേശ യാത്ര സൂചിപ്പിക്കുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി.കെ. ദിനേശ് കുമാർ പറഞ്ഞു. ആഴക്കടലിൽ നിന്ന് ജലപ്രവാഹത്തിന്റെ കൂടെയാണ് സ്വയംപ്രാകാശിത പ്ളവക സമൂഹം തീരത്ത് അടിഞ്ഞിരിക്കുന്നത്.

കാലവർഷത്തിന്റെ തുടക്കത്തോടെ കടലിലെ ജൈവാംശ സാന്ദ്രത ഏറി. ഇവയ്ക്കൊപ്പം സമുദ്രത്തിന്റെ അടിത്തട്ടിലെ ജലം മുകൾപരപ്പിലേക്കു വരുന്ന ‘അപ് വെല്ലിങ്’ എന്ന പ്രതിഭാസവും നടക്കുന്നുണ്ട്. ഇതോടെ ആഴക്കടലിൽ അടിത്തട്ടിലുള്ള പ്ളവകസമൂഹം തീരത്ത് അടിഞ്ഞു. അതേസമയം, പ്ലവകങ്ങളെ തിന്നുന്ന മത്സ്യങ്ങളുടെയും മറ്റു കടൽജീവികളുടെയും അസാന്നിധ്യമാണ് ഇവ കൂട്ടമായി തീരത്ത് അടിയാൻ കാരണമെന്ന് സംശയിക്കുന്നുണ്ട്. മാത്രമല്ല, ഓക്സിജൻ അധികം ആവശ്യമുള്ള ഡയാറ്റം പ്ലവകങ്ങൾക്ക് പകരം ഓക്സിജൻ കുറച്ചു മാത്രം ആവശ്യമുള്ള നോക്ടിലൂക്ക എന്നറിയപ്പെടുന്ന വിഭാഗമാണ് തീരത്ത് അടിഞ്ഞതെന്നും സംശയിക്കുന്നുണ്ട്. മഴ വെള്ളം ഒഴുകിയെത്തി കടൽവെള്ളവുമായി കലരുമ്പോഴാണ് സമുദ്രത്തിലെ ഓക്സിജന്റെ അളവ് വർധിക്കുന്നത്.

മൺസൂൺ കുറവു മൂലം പ്രകൃതിദത്തമായ പ്രക്രിയ നടന്നില്ലെന്നും സംശയിക്കുന്നുണ്ട്. മത്സ്യ സമ്പത്തിന്റെ ശോഷണവും കടലിലെ ഓക്സിജന്റെ അളവു കുറയുകയും ചെയ്യുന്നതു ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കു വഴിതെളിക്കുമെന്നും ആശങ്കയുണ്ട്. സമുദ്രത്തിലെ ഭക്ഷണ വ്യവസ്ഥ തകർന്നതായും സംശയമുണ്ട്.alppuzha-beach.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here