ആദിത്യന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബോംബെ വിടുകയാണ്. ജീവിതത്തില്‍ എന്തൊക്കെയോ പിടിച്ചടക്കിയതിന്റെ പ്രത്യാശാനിര്‍ഭരമായ ഭാവം. തീവണ്ടി ഇറങ്ങി നാട്ടിലെ ഇടവഴി പിന്നിടുമ്പോള്‍ അപശകുനം പോലെ ചാറ്റല്‍മഴ വീണ് തുടങ്ങിയിരുന്നു. ചാറ്റല്‍ മഴയുടെ പെയ്ത്ത് അയാളുടെ സ്വത്വം ഉടച്ച് കളയുന്ന, ജീവിതത്തിന്റെ വഴിത്തിരിവാകുമെന്നും അറിയില്ലായിരുന്നു. ആദിത്യന്‍ മഴയെ അവഗണിച്ചു. തന്നെ മാത്രം പ്രതീക്ഷിച്ച് രാധ വഴിക്കണ്ണെറിഞ്ഞായിരിക്കും നില്‍ക്കുന്നതെന്ന് ആദിത്യന്‍ കരുതി. മദ്ധ്യാഹ്‌നത്തിന്റെ വെളിച്ച കീറുകളെ മഴ പൂര്‍ണ്ണമായും കുടിച്ച് വറ്റിച്ചിരുന്നു. വീട്ടില്‍ എത്തിപ്പെട്ടതുതന്നെ അറിഞ്ഞില്ല. മനസ്സിനും പാദങ്ങള്‍ക്കും അത്ര വേഗതയായിരുന്നു.
ചാവടിയുടെ മുന്‍പില്‍ ആദിത്യന്റെ പാദം എത്തിപ്പെട്ട നിമിഷം ചാവടിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ പൊടുന്നനെ ആനയുടെ മുന്‍പില്‍ പെട്ടതുപോലെ പകച്ച് നിന്നിട്ട് അകത്തേക്ക് ഓടിപ്പോയി.
”അവര്‍ക്കെന്നെ അറിയില്ലായിരിക്കും”
അയാള്‍ കരുതി. ‘ആറേഴ് വര്‍ഷമായില്ലെ നാട് വിട്ടിട്ട്’ എന്നോര്‍ത്ത് ചാവടിയില്‍ കിടന്ന കസേരയില്‍ ഇരുന്നു. കൈയ്യിലിരുന്ന ബ്രീഫ്‌കെയ്‌സ് താഴെ വെച്ചു. പൊടുന്നനെ രാധാമുറിയില്‍ നിന്ന് ചാവടിയിലേക്ക് പ്രവേശിച്ചു. ആദിത്യനെ കണ്ടു.
‘നിങ്ങളാരാണ് ?’
അവള്‍ ക്രുദ്ധയായി ആരാഞ്ഞു. ആ ചോദ്യത്തിന്റെ പൊരുള്‍ അയാള്‍ക്ക് മനസിലായില്ല. ഒന്നും പിടികിട്ടാത്തതിനാല്‍ ദുരൂഹമായി മൗനം പാലിച്ച് വെറുതെ രാധയെ തന്നെ നോക്കിയിരുന്നു. ‘നിങ്ങള്‍ക്കെന്ത് വേണം ?’
അടുത്ത ചോദ്യവും അവള്‍ എയ്തു. തന്നെ കളിയാക്കാനുള്ള പുറപ്പാടാണ് ഇതെന്ന് അയാള്‍ വിചാരിച്ചു.
‘രാധേ, ഞാനാ ആദിത്യന്‍’
അയാള്‍ തുറന്നടിച്ചു.
‘ഏതാദിത്യന്‍?”
അവള്‍ വിടാന്‍ ഭാവമില്ല.
‘രാധയുടെ സ്വന്തം ആദിത്യന്‍’
‘ഏത് രാധ ?’
ആ ചോദ്യം കേട്ട് അയാള്‍ പകച്ചുപോയി. തിരിച്ചറിയലിന്റെ, സൗഹൃദത്തിന്റെ, ആര്‍ദ്രതയുടെ നേരിയ ഗന്ധം പോലും ആ ചോദ്യത്തിലില്ല എന്ന സത്യം ആദിത്യനെ ഉലച്ച് കളഞ്ഞു. ഭൂചലനത്തില്‍ പെട്ട് നിലം പൊത്തിയ കെട്ടിടമാണോ താന്‍ എന്ന് സംശയിച്ച് വിഹ്വലനായി നടുങ്ങി. വല്ലാത്തൊരു അപരിചിതത്വം അയാളെ വിഴുങ്ങി. ദുരൂഹതയുടെ ചതുപ്പിലേക്ക് ആഴ്ന്ന് പോയി.
‘ഇതെന്റെ രാധയല്ലേ? ഈ ഭവനം എന്റെതല്ലേ ? എന്നെ മറന്ന്‌പോയതാണോ ? അയാള്‍ സ്വത്വം തേടി.
‘നിങ്ങളേതാണ് മനുഷ്യാ’
അവള്‍ ആക്രോശിച്ചു കൊണ്ടിരുന്നു. അയാളത് കേട്ടോ ആവോ ?….. തന്റെ പൊരുള്‍ മുഴുവന്‍ കര്‍ണ്ണന്റെ കവചകുണ്ഡലങ്ങള്‍ പോലെ അറുത്തെടുക്കുകയാണോ ഇവള്‍? മുത്തശ്ശി ചാവടിയിലെത്തിയത് ഈ നേരത്താണ്.
‘ഇയാളേതാണ് മോളേ?, മുത്തശ്ശി അവളോട് ആരാഞ്ഞു.
‘മുത്തശ്ശി ഞാനാണ് ആദിത്യന്‍’
വിളറിയ ഭാവത്തോടെ അയാള്‍ അറിയിച്ചു. ‘ആദിത്യനോ? മോന്റെ നാടേതാണ്? മുത്തശ്ശി പൊടുന്നനെ ചോദിച്ചു. ആ ചോദ്യം കേട്ട് കരള്‍ നെടുകേ പിളര്‍ന്ന് പോയി. അജ്ഞാതമായ ഏതോ ലോകത്തില്‍ എത്തിപ്പെട്ടതായി അയാള്‍ക്ക് തോന്നി. പെട്ടെന്നയാള്‍ മനസ്സിന്റെ തിര ഇളക്കങ്ങളെ നിയന്ത്രിച്ചു. സംഭവിച്ചതൊന്നും തന്നെ കാര്യമാക്കാതെ ബ്രീഫ് കെയ്‌സ് മലര്‍ക്കെതുറന്ന് വെച്ചു. അതില്‍ നിന്ന് വെട്ടിത്തിളങ്ങുന്ന റെഡിമെയ്ഡ് ഷര്‍ട്ടും, പാന്റ്‌സും,മിഡിയും ടോപ്പും, സാരിയും, സ്‌പ്രേയും ഒക്കെ പുറത്തെടുത്തു.
‘എന്റെ മക്കളെവിടെ ?’
മുത്തശ്ശിയോട് ചോദിച്ചു.
‘നിങ്ങളുടെ മക്കളിവിടാണോ ഇരിക്കുന്നെ ?
മുത്തശ്ശിയും അയാളെ ആക്രമിച്ചു.
‘എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ?
ആദിത്യന്‍ വെളിവ് അറ്റവനെ പോലെ അലറി. രാധയും ചാവടിയിലാണ്. പൊടുന്നനെ അയാള്‍ ശാന്തനായി.
‘അവരെയൊന്ന് വിളിക്കാമോ ? ഇതൊക്കെ അവര്‍ക്കായി ബോംബെയില്‍ നിന്ന് വാങ്ങിയതാണ്’ ബ്രീഫ് കെയ്‌സില്‍ നിന്ന് പുറത്തിട്ട കുപ്പായത്തിലും മിഡിയിലും നോട്ടമെറിഞ്ഞ് രാധയോട് കേണപേക്ഷിച്ചുകൊണ്ടിരുന്നു.
‘ഇയാള്‍ക്ക് നൊസാന്നാ തോന്നുന്നേ’
മുത്തശ്ശി രാധയോട് പറഞ്ഞു. ‘രാധെ നീയെങ്കിലും’ ആദിത്യന്‍ എന്തൊക്കയോ പിറുപിറുത്തു. ഞാന്‍ നിങ്ങളുടെ രാധയല്ല’ അവള്‍ രാക്ഷസിയായി. അത് കൂടി കേട്ടപ്പോള്‍ അഗാധമായ നിരാശയുടെ ചതുപ്പിലേക്ക് എടുത്തെറിയപ്പെട്ടു.
‘ഞാന്‍ എവിടെയാണ് ? ഇതെന്റെ രാധയും മുത്തശ്ശിയും അല്ലേ? രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് അയച്ച കത്ത് കിട്ടിയില്ലേ? സംശയത്തിന്റെ നൂല്‍ പാലത്തിലൂടെ………..
‘ഇയാളേതാണ് മുത്തശ്ശി? ‘
അടുക്കളയില്‍ നിന്ന് ചാവടിയിലേക്ക് ഇറങ്ങിവന്ന രണ്ട് മക്കള്‍ പൊടുന്നനെ ചോദ്യം എറിഞ്ഞു.
‘ആ….. ആര്‍ക്കറിയാം’
‘വാ മക്കളെ ‘
എന്ന് പറഞ്ഞ് തുണിത്തരങ്ങള്‍ വാത്സല്യത്തോടെ അവരുടെ നേരെ നീട്ടി. ‘ഞങ്ങള്‍ക്കതൊന്നും വേണ്ട, അന്യരുടെ ഒന്നും, വാങ്ങിക്കരുതെന്നാ അച്ഛന്‍ പറഞ്ഞേക്കുന്നേ’ കുട്ടികളും കൈയ്യൊഴിഞ്ഞു. അപ്പോള്‍ പുറത്ത് അപരാഹ്നം പെയ്തു കൊണ്ടിരുന്നു. അതൊന്നും അയാള്‍ അറിഞ്ഞതേ ഇല്ല. അനന്തരം ഏതോ ഉള്‍വിളി തോന്നിയപ്പോള്‍ പാന്റ്‌സും ഷര്‍ട്ടും അത്തറും സാരിയുമെല്ലാം ബ്രീഫ് കെയ്‌സില്‍ വാരിവലിച്ച് വെച്ചിട്ട് നോക്കുകുത്തിയെ പോലെ ഇരുന്നു. ചാവടിയില്‍ മൗനമായി ഇരിയ്ക്കുകയാണെങ്കിലും അയാള്‍ അവിടില്ലായിരുന്നു.
രാധ തന്റെ ജീവിതത്തിലേക്ക് ഇറങ്ങിവന്നതും ജോലിതേടി ബോംബെയില്‍ എത്തിയതും അയവിറക്കി. ഒരു കത്ത് താമസിച്ചാല്‍ നിറയെ പരിഭവങ്ങളും ചുംബനങ്ങളും കൊണ്ട് കത്ത് നിറച്ചിരുന്ന രാധ എങ്ങനെയാണ് എന്നെ മറന്നത്? മുത്തശ്ശിയും മക്കളും പോലും എന്നെ അറിയുന്നില്ല. എവിടെയോ നിഗൂഡതയുണ്ട്.
എപ്പോഴോ ഒരാള്‍ ചാവടിയില്‍ എത്തിയതും ആദിത്യന്‍ അറിഞ്ഞില്ല. മുത്തശ്ശിയും രാധയും കുട്ടികളും തനിക്ക് പകര്‍ന്ന് തരുമായിരുന്ന സ്‌നേഹപ്രകടനങ്ങളിലേക്ക് ആ നേരത്ത് അയാള്‍ ഇറങ്ങിചെല്ലുകയായിരുന്നു.
‘നിങ്ങളാരാണ് സുഹൃത്തെ ?
ചാവടിയിലേക്ക് കയറിയ അപരിചിതന്‍ ചോദിച്ചു. അത് കേട്ട് ആദിത്യന്‍ തലവെട്ടിച്ച് അയാളെ നോക്കി. സാമാന്യം തടിയുള്ള കറുമ്പന്‍, പറ്റം വെട്ടിയ തലമുടി, കട്ടിമീശ, നെറ്റിയിലും മുഖത്തും വെട്ടേറ്റ നാലഞ്ച് പാടുകള്‍, ഒരു ഗുണ്ടയുടെ ഭാവം, തുറിച്ചുനോട്ടം.
‘നിങ്ങളാരാണ്? ‘
ആദിത്യന്‍ പൊടുന്നനെ അതേ നാണയത്തില്‍ തിരിച്ചടിച്ചു,
‘ഞാനീ വീട്ടുടമ’
‘എന്ന് മുതലാണ്?’
‘പണ്ടേ’
അയാള്‍ തടിച്ച ചുണ്ട് കോട്ടി പറഞ്ഞു.
‘നിങ്ങളാരാണ്? ‘
‘ഞാനാദിത്യന്‍. രാധയുടെ ആദിത്യന്‍’
‘ഏത് രാധ?’
‘എന്റെ രാധ’
ഇങ്ങോട്ടു വാ പെണ്ണെ, ഇയാളെ നീയറിയുമോ? അകത്തെ മുറിയിലേക്ക് നോക്കി തടിയന്‍ വിളിച്ച് പറഞ്ഞു. അതുകേട്ട് രാധ ചാവടിയിലെത്തി.
‘ആ എനിക്കറിയില്ല. ഇയാളേതോ ആദിത്യനാണെന്ന്. അയാളുടെ ഭാര്യ ഞാനാണെന്ന് കയറിവന്നപ്പോഴെ പുലമ്പുന്നുണ്ടായിരുന്നു.’
‘ടെയ് വീട്ടിക്കേറിവന്ന് അനാവശ്യം പറയരുത്. വേഗം ഇവിടുന്നിറങ്ങണം.’ തടിയന്‍ രൂക്ഷമായ നോട്ടമെറിഞ്ഞ് ആക്രോശിച്ചു. ആര്‍ക്കും തന്നെ തിരിച്ചറിയാനായില്ലല്ലൊ എന്ന തീപിടിക്കുന്ന ചിന്ത ആദിത്യനെ എങ്ങോട്ടോ വലിച്ചിഴച്ച് കൊണ്ട് പോയി. കാട്ടുതീയ്ക്കുള്ളില്‍ പെട്ട പാവം പക്ഷിക്കുഞ്ഞായി അയാള്‍.
‘നിങ്ങളിവിടുന്നിറങ്ങി പോകുന്നുണ്ടോ ?
തടിയന്‍ പെട്ടെന്ന് ഒച്ച ഉയര്‍ത്തി. അതൊക്കെ കേട്ടെങ്കിലും ആദിത്യന്റെ കണ്ണും കാതും ഒക്കെ ആരോ കൊട്ടി അടച്ചിരുന്നു. ഇരുണ്ട കടല്‍ പോലെ കിടന്നലറിയ മാനസം തന്റെ അസ്തിത്വത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു.
‘എനിക്കിവിടെന്തു കാര്യം?’
എന്നോര്‍ത്ത് ദുരൂഹതയില്‍ എവിടെയോ രാധയെ തേടി. എവിടെയും അയാളുടെ രാധയെ കണ്ടെത്താനായില്ല.
പൊടുന്നനെ ബോധോദയം സംഭവിച്ചതു പോലെ ആദിത്യന്‍ എഴുന്നേറ്റു. ബ്രീഫ് കെയ്‌സും എടുത്ത് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ചാവടി വിട്ടിറങ്ങി. അത് ദര്‍ശിച്ച് അവര്‍ ആദിത്യനെ സൂക്ഷിച്ചുനോക്കി. അവര്‍ എന്തൊക്കയോ പിറുപിറുക്കുന്നത് അയാള്‍ക്ക് പിന്നില്‍ നിന്ന് കേള്‍ക്കാമായിരുന്നു. അപ്പോഴും അയാള്‍ കൊഴിഞ്ഞ് വീണ ദുരൂഹമായ ഇരുണ്ട നിമിഷത്തിന്റെ പൊരുള്‍ തേടി, ഘടികാര സൂചികളുടെ തെന്നിതെന്നിയുള്ള പ്രയാണം കണക്കെയായിരുന്നു. എന്നാല്‍ ആ നടത്തം ബോംബെയിലേക്കായിരുന്നില്ല, എങ്ങോട്ടും ആയിരുന്നില്ല. തത്സമയം ഇരുളാന്‍ തുടങ്ങിയ ആകാശത്തില്‍ എവിടെയോ, മേഘപാളികള്‍ക്കിടയില്‍ മഴ ഒരു പ്രവാചകനായി ഭൂമിയിലേക്ക് ഇറങ്ങി വന്ന് ആദിത്യനെ എങ്ങോട്ടോ കൂട്ടി കൊണ്ടുപോകാന്‍ തിരക്ക് കൂട്ടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here