തിരുവനന്തപുരം ∙ പാഠപുസ്തക വിതരണത്തിലെ വീഴ്ചയ്ക്കെതിരെ എസ്എഫ്ഐ നടത്തിയ നിയമസഭാ മാർച്ചിലും വിവിധ ജില്ലകളിലെ ഡിഡിഇ ഓഫിസ് മാർച്ചുകളിലും വൻ സംഘർഷം. കല്ലേറിലും പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തിലും തലസ്ഥാനനഗരം ഒരുമണിക്കൂറോളം വിറച്ചു. കല്ലേറിൽ സിപിഎമ്മിന്റെ വി. ശിവൻകുട്ടി എംഎൽഎയ്ക്കു കാലിൽ പരുക്കേറ്റു. 11 എസ്എഫ്ഐ പ്രവർത്തകർക്കും 16 പൊലീസുകാർക്കും പരുക്കേറ്റു.

രാവിലെ 11ന് ആരംഭിച്ച മാർച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞതോടെയാണു സമരക്കാർ കല്ലേറു തുടങ്ങിയത്. ഉടൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയവർ വീണ്ടും സംഘടിച്ചെത്തി പൊലീസിനു നേരെ രൂക്ഷമായ കല്ലേറു നടത്തി. ലാത്തിയും കണ്ണീർവാതകവുമായി പൊലീസും തിരിച്ചടിച്ചു. പാളയം യുദ്ധസ്മാരകത്തിലും യൂണിവേഴ്സിറ്റി കോളജിലും സംഘടിച്ചവർ പൊലീസിനു നേരെ കല്ല്, ചു‍ടുകട്ട, മദ്യക്കുപ്പി, ട്യൂബ് എന്നിവ എറിഞ്ഞു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചപ്പോൾ യൂണിവേഴ്സിറ്റി കോളജിനകത്തുനിന്നു പൊലീസിനു നേരെ പെട്രോൾ ബോംബും പാഞ്ഞുവന്നു. ഒരുമണിക്കൂറോളം നീണ്ട സംഘർഷത്തിനിടെ അൻപതോളം തവണ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു

 

കോഴിക്കോട് മാനാഞ്ചിറ ‍ഡിഡിഇ ഓഫിസിലേക്ക് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചും സംഘർഷഭരിതമായി. പൊലീസുകാരും എസ്എഫ്ഐ പ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ പത്തുപേർക്കു പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ടു മേപ്പയ്യൂർ ചെറുവണ്ണൂർ മഠമുള്ള മാണിക്കോത്ത് വീട്ടിൽ അതുൽ‌ കൃഷ്ണദാസി (20) നെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ. അശ്വന്ത്, ജോയിന്റ് സെക്രട്ടറി എൻ. നിധിൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കേസെടുത്തു.

പാലക്കാട് കലക്ടറേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മതിൽചാടിക്കടന്നു കലക്ടറേറ്റിലേക്കു പ്രവേശിച്ച ജില്ലാ സെക്രട്ടറി എസ്. സ്വരൂപ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആലപ്പുഴ എസ്ഡി കോളജിനു മുന്നിൽ എസ്എഫ്ഐയുടെ ദേശീയപാതാ ഉപരോധവും മുഖ്യമന്ത്രിയുടെ കോലംകത്തിക്കലും തടയാൻ ശ്രമിച്ച പൊലീസിനു നേരെ കല്ലേറുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. പൊലീസിനു നേരെ സമരക്കാർ പെട്രോൾ ബോംബ് എറിഞ്ഞതായി ആരോപണമുണ്ട്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രൊബേഷൻ എസ്ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർക്കും ഒരു വിദ്യാർഥിക്കും പരുക്കേറ്റു.

പൊലീസ് നടപടി: എസ്എഫ്ഐ പ്രതിഷേധ ദിനാചരണം ഇന്ന്

തിരുവനന്തപുരം∙ പാഠപുസ്തക വിതരണപ്രശ്നത്തിലെ മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പൊലീസ് നടപടിക്കെതിരെ ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്നും ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ച് സംഘടിപ്പിക്കുമെന്നും സമരം തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് വി.പി. സാനു, സെക്രട്ടറി എം. വിജിൻ എന്നിവർ പറഞ്ഞു.

വിദ്യാർഥി സമരത്തെ അടിച്ചമർത്താനാവില്ല: ഡിവൈഎഫ്ഐ

തിരുവനന്തപുരം∙ പാഠപുസ്തകം ആവശ്യപ്പെട്ടു നടത്തുന്ന വിദ്യാർഥിസമരത്തെ അടിച്ചമർത്തി മുന്നോട്ടുപോകാനാണു സർക്കാരിന്റെ ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ മുന്നോട്ടുവരുമെന്നു സംസ്ഥാന സെക്രട്ടേറിയറ്റ്. സ്കൂൾ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും കുട്ടികൾക്കു പുസ്തകം ലഭ്യമായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചു സമരം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെയാണു തിരുവനന്തപുരത്തും കോഴിക്കോട്ടും പാലക്കാട്ടും പൊലീസ് മർദിച്ചതെന്നു ഡിവൈഎഫ്ഐ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here