കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ രണ്ടാം പതിപ്പിനുള്ള ഇന്ത്യൻ കളിക്കാരെ തിരഞ്ഞെടുക്കാനുള്ള ലേലത്തിനു നാലു ദിവസം ബാക്കി, സൂപ്പർ പരിശീലകർ നേരത്തേ എത്തും. ഗോവയുടെ കോച്ച് സീക്കോ പനജിയിൽ എത്തിക്കഴിഞ്ഞു.

ഡൽഹി ഡൈനമോസിന്റെ റോബർട്ടോ കാർലോസ് ഇന്നെത്തും. 10നു മുംബൈയിലെ പലേഡിയം ഹോട്ടലിലാണു താരലേലം.ഇന്ത്യയുടെ ദേശീയ സീനിയർ ടീമിനുവേണ്ടി ഏറ്റവുമധികം ഗോൾ നേടിയ സ്ട്രൈക്കർ സുനിൽ ഛേത്രി, കൂട്ടുകാരൻ റോബിൻ സിങ് എന്നിവരിലാണു പ്രമുഖ ടീമുകളുടെ കണ്ണ്. ഛേത്രിയെയും റോബിനെയും നോട്ടമിട്ടു കഴിഞ്ഞതായി മുൻ എഫ്സി കൊച്ചിൻ താരവും ഡൽഹി ഡൈനമോസിന്റെ സഹപരിശീലകനുമായ രാമൻ വിജയൻ സൂചിപ്പിക്കുന്നു.

റോബർട്ടോ കാർലോസും ഇന്ത്യയിലെ മികച്ച സ്ട്രൈക്കർ സഖ്യത്തെ സ്വന്തം ക്യാംപിലെത്തിക്കാൻ പച്ചക്കൊടി കാണിച്ചുകഴിഞ്ഞു എന്നാണു സൂചനകൾ. 80 ലക്ഷം രൂപയാണു ഛേത്രിക്ക് അടിസ്ഥാനവില ഇട്ടിരിക്കുന്നത്. റോബിൻ സിങ്ങിന്റെ അടിസ്ഥാനവില 40 ലക്ഷം രൂപയാണ്. ഛേത്രിയെ നേരത്തേ ടീമുകൾ നോട്ടമിട്ടതാണെങ്കിലും ബെംഗളൂരു എഫ്സിക്കുവേണ്ടി ഇക്കഴിഞ്ഞ ഐ ലീഗിലെ മികച്ച പ്രകടനമാണു റോബിൻ സിങ്ങിനെ താരപദവിയിലേക്ക് ഉയർത്തിയത്.

ഡൽഹി, മുംബൈ സിറ്റി എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നിവയാണ് ഐഎസ്എല്ലിൽ തന്റെ പ്രിയ ടീമുകളെന്നു റോബിൻ സിങ് പറയുന്നു. ‘പക്ഷേ ആരുവിളിച്ചാലും, ലേലത്തുക ഉറപ്പിക്കുന്നതനുസരിച്ച് അങ്ങോട്ടു ഞാൻ പോകും. റോബർട്ടോ കാർലോസിനു കീഴിൽ കളിയഭ്യസിക്കുക, കളിക്കുക എന്നതു സ്വപ്നമായി തോന്നുന്നു. മുംബൈയിൽ അനെൽക്കയോടൊപ്പം പരിശീലിക്കാനും കളിക്കാനും മോഹമുണ്ട് എന്നതും മറച്ചുവയ്ക്കുന്നില്ല. ബ്ലാസ്റ്റേഴ്സിനോടുള്ള ഇഷ്ടം സച്ചിൻ തെൻഡുൽക്കറോടുള്ള ഇഷ്ടംകൂടിയാണ്. അവിടെയാണെങ്കിൽ എനിക്കു സച്ചിനെ കാണാനും സംസാരിക്കാനും സാധിക്കുമല്ലോ.’

റോബിൻ സിങ് എന്ന ഇരുപത്തഞ്ചുകാരൻ ഇഷ്ടങ്ങളും സ്വപ്നങ്ങളും തുറന്നുപറയുമ്പോൾ സുനിൽ ഛേത്രി മൗനത്തിലാണ്. കരുതലോടെയുള്ള മൗനം. മനസ്സിൽ തീരുമാനങ്ങളുണ്ട്. പക്ഷേ, ലേലത്തിൽ തനിക്ക് ഓരോ ക്ലബ്ബും എത്ര വില പറയും എന്നറിയാൻ കാത്തുനിൽക്കുകയാണ് ഈ പരിചയസമ്പന്നൻ.

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വേഗമേറിയ വിങ്ങർ എന്ന പേരു സമ്പാദിച്ച ജാക്കിചന്ദ് സിങ്ങും സച്ചിന്റെ ടീമിലേക്കു വിളിക്കപ്പെടാൻ കാതോർത്തുനിൽക്കുകയാണ്. ബ്ലാസ്റ്റേഴ്സ് വിളിക്കുമോ എന്നറിയേണ്ട താമസമേയുള്ളൂ എന്നു ജാക്കി പറയുന്നു. 20 ലക്ഷം രൂപയാണ് ഇന്ത്യൻ ഫുട്ബോളിലെ ജാക്കിച്ചാനു വിലയിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഐ ലീഗിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഈ മണിപ്പൂരുകാരനെ ശ്രദ്ധേയനാക്കിയത്.

ഏതു ടീം വിളിച്ചാലും സന്തോഷമെന്നു പറയുന്ന ഈ ഇരുപത്തിമൂന്നുകാരൻ പക്ഷേ, ബ്ലാസ്റ്റേഴ്സിന്റെ ആരാധകനാണ്. മറ്റു ടീമുകൾ തന്നെ നോട്ടമിട്ടിട്ടുണ്ടെന്നതു ജാക്കിചന്ദിന് അറിയാം. ബ്ലാസ്റ്റേഴ്സ് വിളിക്കുമോ? 10–ാം തീയതിവരെ കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here