ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിസാം ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചുവെന്ന സംഭവത്തില്‍ പൊലിസാണ് ഉത്തരവാദിയെന്നും പൊലിസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജയില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജയിലില്‍ തെളിവെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗളൂരു കോടതില്‍ പോകുന്ന വഴി ബസില്‍ വച്ച് സുഹൃത്തിന്റെ മൊബൈലില്‍ നിന്നാണ് നിസാം ഫോണ്‍ വിളിച്ചത്. അടിയന്തര കാര്യത്തിന് മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ തടവുകാരെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കാറുള്ളു. എന്നാല്‍, ഇക്കാര്യത്തില്‍ എസ്‌കോര്‍ട്ട്് പോയ പൊലിസിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്നും ജയില്‍ വകുപ്പിന് തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വൈകീട്ട് 4.45 ഓടെയാണ് ഡി.ഐ.ജി ജയിലില്‍ സന്ദര്‍ശനത്തിനെത്തിയത്.

ഒന്നര മണിക്കൂറോളം വിശദമായ പരിശോധന നടത്തിയെങ്കിലും ജയിലിനുള്ളില്‍ ഒന്നും കണ്ടെത്താനായില്ല. അനര്‍ഹമായ പരിഗണനയൊന്നും നിസാമിന് ലഭിച്ചില്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംഭവം മാധ്യമങ്ങളില്‍ വിവാദമായതിനെ തുടര്‍ന്ന് പൊലിസും ജയില്‍ അധികൃതരും നിസാം തടവില്‍ കിടക്കുന്ന ബ്ലോക്കിലും സെല്ലിലും രാവിലെ വ്യാപകമായി പരിശോധന നടത്തിയിരുന്നു. മറ്റ് തടവുകാര്‍ ഉപയോഗിക്കുന്നത് പോലെ കോയിന്‍ ഫോണാണ് നിസാമും ഉപയോഗിക്കുന്നത്. ഈ ഫോണില്‍ സംസാരിക്കുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യവുമുണ്ടാകാറുണ്ടെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here