കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്; മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃപാടവം ഒന്നു വേറെ തന്നെയെന്ന്. എന്താണ് പിണറായിയെ വ്യത്യസ്തനാക്കുന്നത്?
മഹാസാധുക്കള്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത് സംസാരിച്ചവര്‍ പലരും അദ്ദേഹത്തില്‍ നിന്ന് ഈ പ്രയോഗം കേട്ടിരിക്കാം. മുഖ്യമന്ത്രിയെ കാണാനും സെക്രട്ടേറിയറ്റിലേക്കുമായി നീറുന്ന നൊമ്പരത്തോടെ കടന്നുവരുന്ന സാധാരണക്കാരുടെ കാര്യമാണ് അദ്ദേഹം ഈ വാക്കിലൂടെ വരച്ചിടുന്നത്.

മന്ത്രിമാരോടും ഉദ്യോഗസ്ഥന്മാരോടും സംസാരിക്കുമ്പോള്‍ ഇവരുടെ പ്രശ്‌നങ്ങളെ എപ്പോഴും അദ്ദേഹം ഓര്‍മിപ്പിക്കും. ഈ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് കാലതാമസമില്ലാതെ പരിഹാരം കാണാനായി ഭരണമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യോഗത്തില്‍ ഉറച്ച ശബ്ദത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”ജീവനക്കാര്‍ കൃത്യസമയത്ത് തന്നെ ഓഫീസിലെത്തണം. കൃത്യമായി ജോലി ചെയ്യണം. അലസത പാടില്ല.”

പിണറായിക്ക് അലസത തീരെയില്ല. കാലത്ത് ഒമ്പത് മണിക്കുതന്നെ അദ്ദേഹം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്നിറങ്ങും. നേരെ എ.കെ.ജി സെന്ററിലേക്ക്, പാര്‍ട്ടി സെക്രട്ടറിക്കോ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കോ മുഖ്യമന്ത്രിയുമായി എന്തെങ്കിലും സംസാരിക്കണമെങ്കില്‍ അതിന് വഴിയൊരുക്കുകയാണ് പിണറായി. മുഖ്യമന്ത്രിയെ കാണാന്‍ മുതിര്‍ന്ന നേതാക്കളാരും സെക്രട്ടേറിയറ്റിലേക്ക് പോകേണ്ടതില്ല.

എ.കെ.ജി സെന്ററിന്റെ ഒന്നാം നിലയില്‍ തീരെ ചെറിയ ഒരു മുറിയാണ് പിണറായിക്കുള്ളത്. സ്വന്തം കസേരയില്‍ കുറച്ചു നേരമിരിക്കും പിണറായി. നേതാക്കളാരും കാണാനില്ലെങ്കില്‍ ഉടന്‍ സെക്രട്ടേറിയറ്റിലേക്ക് യാത്രയാവും. അവിടെ മൂന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അപ്പോഴേക്ക് സജീവമായിക്കഴിയും. ഓഫീസിലെ ഉദ്യോഗസ്ഥരൊക്കെയും എട്ടരയ്ക്കുമുമ്പേ എത്തുകയാണ് പതിവ്. ഐ.റ്റി സെക്രട്ടറി ശിവശങ്കരനും എട്ടരയ്ക്കു തന്നെ എത്തും. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദനും പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയും അപ്പോഴേക്ക് എത്തിയിരിക്കും.

കൃത്യനിഷ്ഠ പിണറായി വിജയന്റെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമാണ്. പൊതുയോഗത്തിനായാലും ഉദ്ഘാടന ചടങ്ങിനായാലും അദ്ദേഹം കൃത്യസമയത്തു തന്നെ എത്തും. യോഗം കൃത്യസമയത്ത് തുടങ്ങണമെന്ന കാര്യത്തിലും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.
പരാതിയും നിവേദനവുമായി തന്നെ കാണാനെത്തുന്നവര്‍ക്കായി സമയം ചെലവിടുക തന്നെ ചെയ്യും അദ്ദേഹം. നിവേദനങ്ങളോരോന്നും ശ്രദ്ധിച്ചു വായിക്കും. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും.
അങ്ങനെയാണ് തിരുവനന്തപുരത്തെ സുലേഖ എന്നൊരു പാവപ്പെട്ട സ്ത്രീ മുഖ്യമന്ത്രിയെ കാണാനെത്തിയത്.1996ല്‍ വീടുവെയ്ക്കാന്‍ ഹൗസിംഗ് ബോര്‍ഡില്‍ നിന്ന് 50,000 രൂപ വായ്പയെടുത്തു സുലേഖ. മുതലും പലിശയും പലിശയ്ക്കു പലിശയുമൊക്കെയായി 80,000 രൂപ തിരിച്ചടച്ചു. ഇനി അടയ്ക്കാനുണ്ട് 1,40,000 രൂപ. ഇത് പൊതുവായ ഒരു പ്രശ്‌നമായിരിക്കണമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചിന്ത. ഇങ്ങനെ വീടുവെക്കാനും മറ്റും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് ഇരട്ടിയിലേറെ തുക തിരിച്ചടച്ചിട്ടും കടം തീരാതെ ബുദ്ധിമുട്ടുന്നവരുടെ കണക്കെടുക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.

ഹൗസിംഗ് ബോര്‍ഡ്, പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, മല്‍സ്യതൊഴിലാളി ക്ഷേമനിധി എന്നിങ്ങനെ പല സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് അടച്ചിട്ടും അടച്ചിട്ടും കടം തീരാത്തവര്‍ ധാരാളം. വായ്പയെടുത്ത് പലിശയും മുതലുമായി ഇരട്ടി തുകയെങ്കിലും അടച്ചു തീര്‍ത്തവരുടെ മുഴുവന്‍ കുടിശികയും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സുലേഖയുടെ ഒരപേക്ഷയുടെ ചുവടുപിടിച്ചാണ്.

ഇതൊക്കെ സാധാരണ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളോ സഹകരണ സംഘങ്ങളും ബാങ്കുകളും പോലും ഇതൊന്നും ഗൗനിക്കാറില്ല. ജനകീയ ഭരണങ്ങളില്‍ ജനപ്രതിനിധികളാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്തും പരിഹാരം കാണേണ്ടതും. പരിഹാര നടപടി സ്വീകരിക്കാനാവട്ടെ ഉദ്യോഗസ്ഥരുടെ പിന്തുണ ഉറപ്പുവരുത്തുകയും വേണം.

അതുകൊണ്ടുതന്നെയാണ് പിണറായി വിജയന്‍ ആദ്യം തന്നെ സെക്രട്ടേറിയറ്റ് ജീവനക്കാരെ ഉപദേശിച്ചത്. ഏറ്റവുമൊടുവില്‍ ഓഫീസ് സമയത്ത് അത്തപ്പൂവിടാനും മറ്റും സമയം കളയരുതെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. സെക്രട്ടേറിയറ്റിനൊരു രസതന്ത്രമുണ്ട്. ആ രസതന്ത്രം അറിയുന്നവര്‍ക്കേ ഭരണം സുഗമമാക്കാനാവൂ. അതിനാദ്യം വേണ്ടത് ഫയലുകള്‍ പഠിക്കാനും തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനുമുള്ള കഴിവാണ്.

കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ മുഖമന്ത്രി സി. അച്യുതമേനോന്‍ സെക്രട്ടേറിയറ്റിന്റെ ഉള്ളറകളിലേക്ക് കടന്ന് ഇടപെടല്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു. ബ്യൂറോക്രസിയെ കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്ന നേതാവാണ് മികച്ച ഭരണാധികാരിയായി ഉയരുന്നത്. അതുകൊണ്ടു തന്നെയാണ് അച്യുതമേനോനെ മികച്ച ഭരണാധികാരിയായ കേരളം ഇന്നും കണ്ടുപോരുന്നത്.
1996-98 കാലഘട്ടത്തില്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തുതന്നെ പിണറായി വിജയന്‍ ഭരണരംഗത്തുള്ള തന്റെ മികവ് പ്രകടിപ്പിച്ചിരുന്നു. കണ്ണൂരില്‍ സി.പി.എമ്മിന്റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനിന്ന് പൂര്‍ണമായും ഒരു പാര്‍ട്ടിക്കാരനായി പ്രവര്‍ത്തിച്ച പിണറായി വിജയന്‍ മികച്ച ഒരു ഭരണാധികാരിയായി ഉയരുകയായിരുന്നു അക്കാലത്ത്. വൈദ്യുതിബോര്‍ഡിലെ കാര്യങ്ങള്‍ ആദ്യം വിശദമായി പഠിച്ചു അദ്ദേഹം.

ഒരു ദിവസം ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയാണ്. മന്ത്രി പിണറായി വിജയനാണ് അധ്യക്ഷന്‍. ബോര്‍ഡംഗങ്ങളും ചീഫ് എന്‍ജിനീയര്‍മാരുമൊക്കെ പങ്കെടുക്കുന്ന ഉന്നതതല യോഗം. വിവിധ ചുമതലകളുള്ള ചീഫ് എന്‍ജിനീയര്‍മാര്‍ വരും വര്‍ഷം അവരവരുടെ മേഖലയില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഓരോ കുറിപ്പായി അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. വരും വര്‍ഷം ഇത്ര ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് ഒരാള്‍. ഇത്ര കിലോ മീറ്റര്‍ ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കണമെന്ന് മറ്റൊരാള്‍. ഇത്ര ദൂരം എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ലൈന്‍ വലിക്കുമെന്ന് ഇനിയും മറ്റൊരാള്‍. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് വേറൊരു ഉദ്യോഗസ്ഥന്‍. പുതിയ സബ് സ്റ്റേഷനുകളുടെ കണക്കുമായി വേറൊരാള്‍. മന്ത്രി എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. ഓരോരുത്തരുടെയും കുറിപ്പ് കൈയില്‍ വാങ്ങി ഒന്നുകൂടി ശ്രദ്ധിച്ചു വായിച്ചു. എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.

ആ വര്‍ഷം പിണറായി വിജയന്‍ പൂര്‍ണമായി ഉപയോഗിച്ചത് കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ തന്നെയാണ്. അടുത്ത വര്‍ഷം ഇതേ സമയമായപ്പോള്‍ വീണ്ടും ഇതേ യോഗം. ഉദ്യോഗസ്ഥര്‍ക്കും വലിയ മാറ്റമില്ല. ഓരോരുത്തരായി പുതിയ കുറിപ്പുകള്‍ വായിക്കാന്‍ തുടങ്ങി. ഇത്ര ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കും, ഇത്ര സബ്‌സ്റ്റേഷന്‍ സ്ഥാപിക്കും, ഇത്ര കിലോമീറ്റര്‍ ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കും, ഇത്ര എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കും എന്നിങ്ങനെ. എല്ലാം കേട്ടിരുന്ന പിണറായി ആദ്യത്തെ ആളിനോട് ചോദിച്ചു. ”കഴിഞ്ഞ വര്‍ഷം എത്ര ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുമെന്നാണ് പറഞ്ഞത്.” ഉത്തരമുണ്ടായിരുന്നില്ല. ചോദ്യം അടുത്ത ഉദ്യോഗസ്ഥനോട്, ”എത്ര ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കുമെന്നാണ് കഴിഞ്ഞ തവണ പറഞ്ഞത്?” ഉത്തരമില്ല. ഓരോരുത്തരുടെ നേര്‍ക്കും പിണറായിയുടെ ചോദ്യങ്ങള്‍ നീണ്ടു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉത്തരം കിട്ടാതെ സ്തംഭിച്ചിരുന്നു.

പിണറായി ശബ്ദം കനപ്പിച്ചു. ഇപ്പോള്‍ കൊണ്ടു വന്ന കുറിപ്പ് കൈയില്‍ വെച്ചുകൊള്ളൂ എന്നദ്ദേഹം അവരോട് പറഞ്ഞു. പകരം കഴിഞ്ഞ വര്‍ഷത്തെ കുറിപ്പ് എടുക്കാം. ആരുടെയെങ്കിലും കൈയില്‍ പഴയ കുറിപ്പില്ലെങ്കില്‍ താന്‍തന്നെ തരാമെന്ന് പറഞ്ഞ് സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു കെട്ട് കടലാസ് കൈയിലെടുത്തു പിണറായി. പഴയ കുറിപ്പില്‍ പറയുന്നത് പ്രകാരം കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കണമെന്ന് ഓര്‍മിപ്പിച്ച് പിണറായി ഉദ്യോഗസ്ഥരെ യാത്രയാക്കി. പിന്നീട് പഴയപണി തീര്‍ക്കാന്‍ ഉദ്യോഗസ്ഥരുടെ നെട്ടോട്ടമായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തികച്ചും കാര്യക്ഷമമായി നടന്ന വര്‍ഷമായിരുന്നു അന്ന്. വൈദ്യുതി ക്ഷാമം തീര്‍ക്കാനുള്ള നീക്കത്തില്‍ ഏറ്റവും വലിയ നേട്ടമായത് ഈ പ്രവര്‍ത്തനങ്ങളാണ്.
വൈദ്യുതി മന്ത്രിയെന്ന നിലയില്‍ പവര്‍കട്ടും ലോഡ്‌ഷെഡിംഗും അവസാനിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. അന്നൊരിക്കല്‍. കായംകുളം താപവൈദ്യുതി നിലയത്തില്‍ നിന്ന് ഒരു വിളി മന്ത്രിയെ തേടിയെത്തി.

കേന്ദ്ര പദ്ധതിയായ കായംകുളം താപനിലയവും അന്ന് നിര്‍മാണഘട്ടത്തിലാണ്. പവര്‍കട്ടും ലോഡ്‌ഷെഡിഗും തീര്‍ക്കണമെങ്കില്‍ അവിടെ നിന്നുള്ള വൈദ്യുതിയും എത്രയും വേഗം ലഭ്യമാക്കണം. പണി ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ താപനിലയത്തിന്റെ ഉദ്യോഗസ്ഥരെ കൂടെക്കൂടെ നിര്‍ബന്ധിക്കുകയും പതിവായിരുന്നു. ഒരിക്കല്‍ അവിടെ സമരമായി. സി.ഐ.ടി.യുവും ഐ.എന്‍.ടി.സിയുമൊക്കെ ഒന്നിച്ചുനിന്നു നടത്തുന്ന സമരം. ഉദ്യോഗസ്ഥര്‍ മന്ത്രിയെ വിവരമറിയിച്ചു. പെട്ടെന്നുതന്നെ പിണറായി കായംകുളത്തെത്തി. ഉദ്യോഗസ്ഥരുടെയും യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കാന്‍ പിണറായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷെ യൂണിയനുകള്‍ വഴങ്ങിയില്ല. അവര്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുകതന്നെ ചെയ്തു. അവസാനം പിണറായി എഴുന്നേറ്റ് കാറിടുത്തേക്ക് നീങ്ങി. ഒന്നു തിരിഞ്ഞുനിന്ന് അദ്ദേഹം യൂണിയന്‍ നേതാക്കളോട് പറഞ്ഞു: ”നാളെ ഇവിടെ പണി നടക്കും. ആരും തടസപ്പെടുത്തില്ല.” പിറ്റേന്ന് കായംകുളത്ത് താപനിലയത്തിന്റെ പണി വീണ്ടും തുടങ്ങി.

കാര്യങ്ങള്‍ കൃത്യമായി പഠിച്ച് ലക്ഷ്യം നേടാനുള്ള മാര്‍ഗങ്ങള്‍ വ്യക്തമായി കണക്കുകൂട്ടിയശേഷമേ പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കൂ. പിണറായി ഏത് യോഗത്തിനെത്തിയാലും ആ യോഗം ചര്‍ച്ച ചെയ്യുന്ന വിഷയം നേരത്തെ അദ്ദേഹം വിശദമായി പഠിച്ചിരിക്കും. 1996-98 കാലഘട്ടത്തിലെ മറ്റൊരു സംഭവം. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ഒരു പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് യോഗം നടക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ഒരു ജോലി എത്ര സമയം കൊണ്ടു തീര്‍ക്കാനാവുമെന്ന് പിണറായി ചുമതലയുള്ള ഉദ്യോഗസ്ഥനോട് ചോദിച്ചു. ഒരു വര്‍ഷം വേണമെന്നായിരുന്നു മറുപടി. ആറുമാസത്തിനകം തീര്‍ക്കണം, കഴിയുമോ എന്നായി പിണറായി. ഒരുവര്‍ഷം കൊണ്ടു മാത്രമേ പണി പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പിച്ചു പറഞ്ഞു. ഈ ജോലി ആറുമാസം കൊണ്ടും ചെയ്തുതീര്‍ക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥരു്യുെങ്കില്‍ ഈ ഉദ്യോഗസ്ഥനെ മാറ്റി പകരം ആളെ നിയമിക്കാന്‍ ഉടന്‍തന്നെ പിണറായി ചെയര്‍മാനോടാവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ പിണറായിക്ക് എപ്പോഴും സ്വന്തം വഴിയുണ്ട്. ഒരു പിണറായി സ്റ്റൈല്‍.

പ്രധാനപ്പെട്ട വിഷയങ്ങളെപ്പറ്റിയുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ കാര്യം വിശദമായി പഠിച്ചിട്ടുതന്നെ വരണമെന്ന് പിണറായിക്ക് നിര്‍ബന്ധമുണ്ട്. പിണറായി കാര്യങ്ങളെല്ലാം പഠിച്ചിട്ടാവും വരിക. ഇടയ്ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. ഇത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരൊക്കെയും മനസിലാക്കിയിരിക്കുന്നു.

യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിലും നല്ല വ്യക്തതയുണ്ട് പിണറായിക്ക്. സ്വകാര്യ മെഡിക്കല്‍ കോളെജ് മാനേജ്‌മെന്റുകള്‍ സര്‍ക്കാര്‍ പറഞ്ഞ ഫീസ് നിരക്ക് അംഗീകരിക്കാ കൂട്ടാക്കാതെ നിലകൊണ്ടപ്പോള്‍ അവസാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പരിഹാരം കണ്ടത്. കാപ്പിറ്റേഷന്‍ ഫീസ് അനുവദിക്കാനാവില്ല എന്ന കാര്യം മുഖ്യമന്ത്രി ശക്തമായി അവതരിപ്പിച്ചു. സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന ഫീസ് നിരക്ക് അംഗീകരിക്കുകയും വേണം. മാനേജ്‌മെന്റുകള്‍ അടുക്കാതെ നിന്നപ്പോള്‍ പിണറായി പറഞ്ഞു:

”നിങ്ങള്‍ സര്‍ക്കാരിനോട് സഹകരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹകരണം കിട്ടില്ല.” ലളിതമായ വാക്കുകളാണെങ്കിലും അതിനു പിന്നിലെ നിലപാടിന്റെ കരുത്ത് മാനേജ്‌മെന്റ് പ്രതിനിധികള്‍ പെട്ടെന്ന് മനസിലാക്കി. മെഡിക്കല്‍ പ്രവേശനത്തിന്റെ പേരിലുള്ള തര്‍ക്കം പെട്ടെന്നു തന്നെ തീര്‍പ്പായി.
ഓരോ യോഗം കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ വക ഒരു വിശദീകരണമുണ്ടാവും. ചര്‍ച്ചയില്‍ മുന്നോട്ടുവന്ന പ്രധാന നിര്‍ദേശങ്ങളില്‍ ഊന്നിക്കൊണ്ടാവും ഈ വിവരണം. സമഗ്രമായ ഈ വിവരണം ചര്‍ച്ചയുടെ ആകെ തുക തന്നെയായിരിക്കും. ഇത്തരം വിവരങ്ങളുടെ പ്രത്യേകതയും ശക്തിയും സെക്രട്ടേറിയറ്റിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അല്‍ഭുതപ്പെടുത്തുന്നുമുണ്ട്. കൂടാതെ ഓരോ കാര്യത്തിലും പിണറായി വിജയന്റെ കൂടെക്കൂടെയുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഒരു നേതാവിനുണ്ടായിരിക്കേണ്ട പ്രത്യേക സവിശേഷത. പിണറായി വിജയന്റെ ഒരു പ്രത്യേക സവിശേഷതയും ഇതുതന്നെ. കേന്ദ്ര സര്‍ക്കാര്‍ വലിയ ആവേശത്തോടെയാണ് കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ഗെയില്‍ പൈപ്പ് ലൈന്‍ പ്രഖ്യാപിച്ചത്. ചില സംഘടനകളുടെ ചെറുപ്പുനില്‍പ്പുമൂലം മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പണി സ്തംഭിച്ചു. 2013 മുതല്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ പണിമുടക്കിക്കിടക്കുകയായിരുന്നു.

ഭരണമേറ്റശേഷം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഗെയില്‍ നേതൃത്വവുമായി ചര്‍ച്ച നടത്തി. മുന്തിയ പരിഗണനയോടെ പണിക്ക് പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി ഗെയിലിന് ഉറപ്പ് നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പൈപ്പ് ലൈന്‍ നിര്‍മാണം പുനരാരംഭിച്ചു. കോഴിക്കോട് ജില്ലയില്‍ 20 കിലോ മീറ്റര്‍ ദൂരത്തില്‍ പൈപ്പ്‌ലൈനിനുവേണ്ടി സ്ഥലമേറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനവും തുടങ്ങി. കോഴിക്കോട് ജില്ലയില്‍ ആകെയുള്ള 82 കിലോമീറ്ററില്‍ 21 കിലോമീറ്ററിലും പണി തീര്‍ന്നു. മലപ്പുറം ജില്ലയില്‍ 68 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ്‌ലൈന്‍ ഇടേണ്ടത്. ആകെയുള്ളത് 503 കിലോമീറ്റര്‍ ദൂരം.

കോഴിക്കോട് ചില സംഘടനകളുടെ പ്രവര്‍ത്തകര്‍ തടസമുണ്ടാക്കിയതിനാല്‍ ഒരു ദിവസം പണി തടസപ്പെട്ടു. ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് വിവരമറിയിച്ചു. ആരെങ്കിലും തടസപ്പെടുത്തിയാല്‍ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസിന് നിര്‍ദേശം കിട്ടി. പിറ്റേന്നുതന്നെ പണി തുടര്‍ന്നു. ആരും തടസപ്പെടുത്താന്‍ ചെന്നില്ല.
കണിശമായ അച്ചടക്കത്തിന്റെ ആളാണ് പിണറായി വിജയന്‍. ഒപ്പം ചിട്ടയായ പ്രവര്‍ത്തനവും വേണം. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനോട് ചേര്‍ന്നുള്ള എ.കെ.ജി ഹാളില്‍ നടന്ന ഒരു സംഭവം. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി പഠന കോണ്‍ഗ്രസിന് ഒരുക്കം നടക്കുകയാണ്. നാലായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

ഭക്ഷണത്തിന്റെ ചുമതലയുള്ള ജില്ലയിലെ പ്രമുഖ നേതാവിനെ പിണറായി അടുത്തു വിളിച്ചു. എത്ര പേര്‍ക്കാണ് ഭക്ഷണം? പിണറായി ചോദിച്ചു. മൂവായിരം പേര്‍ക്കെന്നു മറുപടി. ഒറ്റയടിക്ക് ആയിരം പേരെയങ്ങു കുറച്ചുകളഞ്ഞോ എന്ന് പിണറായിയുടെ ചോദ്യം. ഭക്ഷണം വിതരണം ചെയ്യാന്‍ എത്ര കൗണ്ടറുണ്ടെന്നായി അടുത്ത ചോദ്യം. 10 കൗണ്ടര്‍ എന്നു മറുപടി. ഉച്ചഭക്ഷണത്തിന് സമയമെത്രയെന്ന് വീണ്ടും ചോദ്യം. 45 മിനിട്ടെന്നു മറുപടി. നാലായിരം പേര്‍ക്ക് പത്ത് കൗണ്ടറില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ എത്ര നേരം വേണ്ടി വരുമെന്നു പിണറായിയുടെ അവസാനത്തെ ചോദ്യത്തിന് മറുപടി പറയാനാവാതെ നേതാവ് വിഷമിച്ചു നിന്നു.
സഹമന്ത്രിമാരോടും പിണറായി ഇതേ സമീപനമാണ് പുലര്‍ത്തുന്നത്.

ഉദ്യോഗസ്ഥരോടും. അതുകൊണ്ടു തന്നെ മന്ത്രിസഭയിലും സര്‍ക്കാരിലും ശക്തമായ മേല്‍ക്കോയ്മയുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേത്തിന് പാര്‍ട്ടി നേതൃത്വമോ ഭരണനേതൃത്വമോ ഒരിക്കലും ഒരാഡംബരമല്ല. മുന്നിലുള്ള ചുമതലകള്‍ കൃത്യമായി ചെയ്യണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.
പിണറായി വിജയന്‍ ഒരു മാനേജ്‌മെന്റ് വിദഗ്ധനല്ല. പക്ഷെ അദ്ദേഹത്തിന്റെ ചെയ്തികളിലൊക്കെയും ഒരു ആധുനിക മാനേജ്‌മെന്റ് വിദഗ്ധന്റെ കൈയൊപ്പു കാണാം. ഭരണ രംഗത്ത് അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ക്കും എടുക്കുന്ന തീരുമാനങ്ങള്‍ക്കും ഒരു മാനേജ്‌മെന്റ് ടച്ചുണ്ട്. ശരിക്കുമൊരു പിണറായി ടച്ച്.

കടപ്പാട് :ധനം മാഗസിൻ

LEAVE A REPLY

Please enter your comment!
Please enter your name here