വാഷിങ്ടണ്‍:  അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റിലെ കാന്‍േറാണ്‍ നഗരത്തില്‍ മേയറായി മത്സരിച്ച് ജയിക്കാന്‍ ഇന്ത്യന്‍ വംശജന്‍ ഒരുങ്ങുന്നു. റാഞ്ചിയില്‍ ജനിച്ചു പിന്നീട് അമേരിക്കയിലേക്ക് ചേക്കേറിയ ഡോ. സയ്യിദ് താജാണ് പുതിയ മത്സരത്തിന് ഒരുങ്ങുന്നത്. റാഞ്ചിയിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ സയ്യിദ് ശിഹാബുദ്ദീന്‍െറ സഹോദരനാണ് ഇയാള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ ഡിട്രോയിറ്റിന്‍െറ അതിര്‍ത്തി പട്ടണമാണ് കാന്‍റണ്‍. നിലവില്‍ റിപ്പബ്ളിക്ക് പാര്‍ട്ടിയാണ് ഇവിടം ഭരിക്കുന്നത്.

നാലു വര്‍ഷംമുമ്പ് അമേരിക്കയിലെ ജനപ്രതിനിധി സഭയിലേക്ക് ഡോ. സയ്യിദ് താജ് മത്സരിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ താജും കൂട്ടരും രണ്ടും കല്‍പിച്ച് ശക്തമായ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. നവംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിജയിച്ചാല്‍ മിഷിഗനിലെ ആദ്യ ഇന്ത്യന്‍ മേയറായിരിക്കും ഇദ്ദേഹം. 7000 ഇന്ത്യന്‍ വംശജരുള്‍പ്പെടെ ഒരു ലക്ഷത്തോളം ജനസഖ്യയുള്ള നഗരമാണിത്. വിവിധ മത-സാമൂഹിക വിഭാഗങ്ങളെ കൂട്ടുപിടിച്ചാണ് മത്സരത്തിനൊരുങ്ങുന്നത്. നിരവധി ഇന്ത്യന്‍ വംശജരുടെ പിന്തുണ താജിനുണ്ട്. കാന്‍േറാണിലെ ആരാധന മന്ദിരത്തിന്‍െറ പ്രസിഡന്‍റായ ദാവല്‍ വൈഷ്ണവും താജിനൊപ്പം പ്രചാരണത്തിനിറങ്ങിക്കഴിഞ്ഞു.

കുടിയേറ്റ വിരുദ്ധ നയം റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി പ്രഖ്യാപിച്ചതിനാല്‍ ഇന്ത്യയില്‍നിന്നുള്ളവരടക്കം മുഴുവന്‍ കുടിയേറ്റക്കാരുടെയും പിന്തുണ ലഭിക്കുമെന്നാണ് താജിന്‍െറ കൂടെയുള്ളവര്‍ കണക്കുകൂട്ടുന്നത്. കുടിയേറ്റക്കാര്‍ ഒരുമിച്ചുനിന്നാല്‍ ഇത്തവണ ചരിത്രം തിരുത്താന്‍ സാധിക്കും. ട്രംപിന് അമേരിക്കയെ വീണ്ടും ‘മഹത്തായതാക്കി പരിവര്‍ത്തിപ്പിക്കണമത്രെ. എന്നാല്‍, ട്രംപും കൂടെയുള്ളവരും അമേരിക്കയെ വീണ്ടും വെള്ളക്കാരുടെ ആധിപത്യത്തില്‍ ആക്കാനാണ് ശ്രമിക്കുന്നതെന്ന് താജ് പറഞ്ഞു.

അമേരിക്കക്ക് വലിയ കുടിയേറ്റ ചരിത്രമുണ്ടെന്നും കുടിയേറ്റത്തിലൂടെ പടുത്തുയര്‍ത്തിയ രാജ്യമാണിത്.
കുടിയേറ്റക്കാര്‍ മതപരമായും സാമൂഹികപരമായും നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇത് മറികടക്കണമെങ്കില്‍ രാഷ്ട്രീയപരമായി കരുത്താര്‍ജിക്കണമെന്നും താജ് പറഞ്ഞു. ബിഹാറിലെ ഗയാ നഗരത്തില്‍ ഉന്നത മുസ്ലിം കുടുംബത്തിലാണ് താജിന്‍െറ ജനനം. പട്ന മെഡിക്കല്‍ കോളജില്‍നിന്നാണ് മെഡിക്കല്‍ ബിരുദം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here