getNe4wsImages.php

 

ന്യൂയോര്‍ക്ക്‌: സെന്‍ട്രല്‍ അമേരിക്കയില്‍ ത്വരിതഗതിയില്‍ വളരുന്ന സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഗ്വാട്ടിമാല കേന്ദ്രമായുള്ള ഭദ്രാസനത്തില്‍ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ രണ്ട്‌ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍ സന്ദര്‍ശനം നടത്തി.

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ സെക്രട്ടറിയും ജോര്‍ജിയയിലെ അഗസ്റ്റാ സെന്റ്‌ മേരീസ്‌ പള്ളി വികാരിയുമായ വെരി റവ. മാത്യൂസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പയ്‌ക്കും, കാലിഫോര്‍ണിയയിലെ ലോസ്‌ആഞ്ചലസ്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍, സാന്റായാഗാ സെന്റ്‌ ഇഗ്‌നേഷ്യസ്‌ പള്ളി വികാരിയും, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കൗണ്‍സില്‍ അംഗവുമായ വെരി റവ. സാബു തോമസ്‌ ചേറാറ്റില്‍ കോര്‍എപ്പിസ്‌കോപ്പയ്‌ക്കും, ഗ്വാട്ടിമാലയിലെ പാത്രിയര്‍ക്കാ വികാരിയും, ആര്‍ച്ച്‌ ബിഷപ്പുമായ അഭിവന്ദ്യ യാക്കോബ്‌ മോര്‍ എഡ്വേര്‍ഡ്‌ മെത്രാപ്പോലീത്തയും വൈദീകശ്രേഷ്‌ഠരും, വിശ്വാസി സമൂഹവും ഊഷ്‌മളവും സ്‌നേഹനിര്‍ഭരവുമായ വന്‍വരവേല്‍പ്‌ നല്‍കി.

ഏതാണ്ട്‌ എട്ടു ലക്ഷത്തില്‍പ്പരം വിശ്വാസികളും ഒട്ടനവധി ദേവാലയങ്ങളുമുള്ള ഭദ്രാസനം ഇന്ന്‌ വളര്‍ച്ചയുടെ പാതയിലാണ്‌. പരമ്പരാഗതമായി എക്യൂമെനിക്കല്‍ കത്തോലിക്കാ വിഭാഗത്തിലായിരുന്ന ഗ്വാട്ടിമാലയിലെ ക്രൈസ്‌തവര്‍ വിശ്വാസപരവും, രാഷ്‌ട്രീയ-സാമൂഹ്യ കാരണങ്ങളാല്‍ 2010 മുതലാണ്‌ ഈസ്റ്റണ്‍ ഓര്‍ത്തഡോക്‌സ്‌ സഭകളിലേക്ക്‌ അംഗങ്ങളാകുന്നത്‌. ഒരുലക്ഷത്തില്‍പ്പരം ആളുകള്‍ കോണ്‍സ്റ്റന്റൈന്‍ പാത്രിയര്‍ക്കീസിന്റെ ഭരണത്തിന്‍കീഴില്‍ നില്‍ക്കുന്നു. എട്ടുലക്ഷത്തില്‍പ്പരം വിശ്വാസികളും അനേകം വൈദീകരും പൗരാണിക സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയിലേക്ക്‌ ചേര്‍ന്നപ്പോള്‍ 2013-ല്‍ അന്നത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവ കാലം ചെയ്‌ത ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ മോര്‍ യാക്കൂബ്‌ എഡ്വേര്‍ഡിലെ ലബനോനില്‍ വെച്ച്‌ മെത്രാപ്പോലീത്തയായി വാഴിക്കുകയും ഭദ്രാസനത്തിന്റെ പാത്രിയര്‍ക്കാ വികാരിയായി നിയമിക്കുകയും ചെയ്‌തു. വൈദീക സെമിനാരിയും, കത്തീഡ്രല്‍ ദേവാലയങ്ങളും ഉള്‍പ്പടെ ആത്മീയ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ഭദ്രാസനമായി ഗ്വാട്ടിമാലയിലെ സഭ വളരുന്നുവെന്ന്‌ വന്ദ്യ മാതൂസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പയും, വന്ദ്യ സാബു ചേറാറ്റില്‍ കോര്‍എപ്പിസ്‌കോപ്പയും അറിയിച്ചു. മലങ്കരയിലെ മലബാര്‍ മേഖല പോലെ കുന്നും മലയും താണ്ടി ദേവാലയത്തിലെത്തുന്ന വിശ്വാസികളെ ഗ്വാട്ടിമാലയില്‍ ദര്‍ശിക്കാം. ആരാധനാരീതിയില്‍ കുറെയൊക്കെ വ്യത്യാസങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുവെങ്കിലും എല്ലാറ്റിനും ഏകീകൃത സ്വഭാവം കൈവരുത്തുവാനുള്ള കഠിന ശ്രമത്തിലാണ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ എഡ്വേര്‍ഡ്‌. സെമിനാരിയില്‍ നിരവധി പേര്‍ വൈദീകപഠനം നടത്തുന്നു. ഭദ്രാസന ആസ്ഥാനത്തും, സെമിനാരിയിലും വിവിധ പ്രദേശങ്ങളിലുമുള്ള നിരവധി ദേവാലയങ്ങളിലും വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍ സന്ദര്‍ശനം നടത്തുകയും, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്‌തു.

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത ഇതിനകം നിരവധി തവണ ഈ മെത്രാസനത്തില്‍ സന്ദര്‍ശനം നടത്തി. വിശ്വാസത്തില്‍ അടിയുറച്ച്‌ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന സെന്‍ട്രല്‍ അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയില്‍ പ്രത്യേക ക്ഷണപ്രകാരം സന്ദര്‍ശനം നടത്തുവാന്‍ അവസരം ലഭിച്ചത്‌ വലിയ ഭാഗ്യവും അനുഗ്രഹവുമായി കരുതുന്നുവെന്ന്‌ രണ്ടാഴ്‌ചത്തെ പര്യടനത്തിനുശേഷം അമേരിക്കയില്‍ മടങ്ങിയെത്തിയ കോര്‍എപ്പിസ്‌കോപ്പമാര്‍ അറിയിച്ചു.

പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്ററില്‍ ജൂലൈ 15 മുതല്‍ നടക്കുന്ന 29-മത്‌ ഫാമിലി കണ്‍വന്‍ഷനില്‍ ഗ്വാട്ടിമാലയിലെ മെത്രാപ്പോലീത്തയും വിശിഷ്‌ടാതിഥിയായി പങ്കെടുക്കുന്നുണ്ട്‌. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

 

getNe4wsImages.php getNewsIm6ages.php

LEAVE A REPLY

Please enter your comment!
Please enter your name here