getP45hoto.php
ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്-അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയിലുള്ള 31-മത് ഫാമിലി കോണ്‍ഫ്രന്‍സ് 2015 ജൂലൈ 02 മുതല്‍ 05 വരെയുള്ള തീയതികളില്‍, കണക്ട്ടിക്കട്ട്-സ്റ്റാഫ്‌ഫോര്‍ഡ് ഹില്‍ട്ടണ്‍ ഹോട്ടല്‍ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. ജൂലൈ 2-ാം തീയതി വ്യാഴാഴ്ച വൈകീട്ട് 5.00 മണിക്ക് പ്രൗഢഗംഭീരമായ ഘോഷയാത്രയോടെ ആരംഭിച്ച ഫാമിലി കോണ്‍ഫ്രന്‍സില്‍ 250 കുടുംബങ്ങളില്‍നിന്നും 550 ആളുകള്‍ സംബന്ധിച്ചു. ഉദ്ഘാടന മീറ്റിംഗിന് ഭദ്രാസന എപ്പിസ്‌ക്കോപ്പ അഭിവന്ദ്യ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ.ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ ഉദ്ഘാടന പ്രസംഗത്തില്‍ സഭയുടെ ദൗത്യം ഫലകരമാകുന്നത് പുതിയ മാനവികതയുടെ പ്രത്യാശയ്ക്കായിനില കൊള്ളുമ്പോഴാണ്, കുടുംബങ്ങളിലൂടെയും ഇടവകകളിലൂടെയും ഇതിനായുള്ള മുന്നേറ്റങ്ങള്‍ ഉണ്ടാകണമെന്നും ഉദ്‌ബോധിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ റവ.ഷിബു മാത്യു കോണ്‍ഫ്രന്‍സ് ദീപശിഖ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് കൈമാറുകയും, ദീപശിഖയില്‍ നിന്നും തിരികൊളുത്തി അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമേനി കോണ്‍ഫ്രന്‍സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മുഖ്യ ക്ലാസുകള്‍ക്ക് പ്രശ്‌സത വേദപണ്ഡിതനും, ബാംഗ്ലൂര്‍ പിംപ്രോസ് ഇടവകയുടെ വികാരിയുമായ റവ.ഡോ.ഷാം.പി.തോമസ് അച്ചന്‍ നേതൃത്വം നല്‍കി. പ്രവാസ സമൂഹത്തിന്റെ വെല്ലുവിളികളും, സാദ്ധ്യതകളും മുഖ്യചിന്താവിഷയമായ ‘കുടുംബങ്ങളുടെ കുടുംബമായ സഭയുടെ ദൗത്യം മാനവികതയുടെ പ്രത്യാശ’ എന്നതില്‍ കേന്ദ്രീകരിച്ച് അവതരിപ്പിച്ചു.
വേദപഠനങ്ങള്‍ക്ക്, റവ.ബിനു.സി. ശാമുവേല്‍, റവ.മാത്യുബേബി, റവ.ജോര്‍ജ് ചെറിയാന്‍, റവ.ഡെന്നീസ് ഏബ്രഹാം എന്നിവരും വിവിധ ട്രാക്കുകള്‍ക്ക് ഡോ.യേശുദാസ് അത്യാല്‍, റവ.ഏബ്രഹാം സ്‌ക്കറിയാ. പി, ഡോ.ഷോണ്‍ രാജന്‍ എന്നിവരും നേതൃത്വം നല്‍കി. ജൂലൈ 2-ാം തീയ്യതി വൈകീട്ട് മലങ്കര കാത്തോലിക്കാ സഭയുടെ ഭദ്രാസന അദ്ധ്യക്ഷന്‍, അഭിവന്ദ്യ. തോമസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ വിഷയത്തിന്റെ അടിസ്ഥാനത്തിലുള്ള ധ്യാനചിന്തയും, ശ്രീ.മാത്യു ജോര്‍ജ്ജ് സോഷ്യല്‍ സെക്യൂരിറ്റി&ഫിനാഷ്യല്‍ പ്ലാനിംഗ് എന്ന വിഷയത്തിലൂടെ ക്ലാസുകള്‍ക്കും നേതൃത്വം നല്കി.
വിവിധ പ്രായത്തിലുള്ളവര്‍ക്ക് 4 ട്രാക്കുകളിലായി ക്ലാസുകള്‍ ക്രമീകരിച്ചു. മുഖ്യവിഷയത്തിലടിസ്ഥാനപ്പെട്ട സ്റ്റേജ് അവതരണങ്ങള്‍ക്ക്, നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ യൂത്ത് ഫെലോഷിപ്പും, യുവജനസഖ്യവും നേതൃത്വം നല്‍കി. കോണ്‍ഫ്രന്‍സില്‍ സംബന്ധിച്ചവരുടെ ടാലന്റുകള്‍ പ്രകടമാക്കുന്ന, ടാലന്റ്-നൈറ്റ് പ്രോഗ്രാം ഏറ്റവും ആകര്‍ഷണീയമായിരുന്നു. അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയിലുള്ള വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിവരിയ്ക്കുന്ന അവതരണങ്ങളും ചര്‍ച്ചകളും നടത്തപ്പെട്ടു. ജൂലൈ 5-ാം തീയതി രാവിലെ 8.00 മണിക്ക് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ മാര്‍ത്തോമാ മെത്രാപ്പോലീത്താ പ്രധാനകാര്‍മ്മികനും, ഭദ്രാസന എപ്പിസ്‌ക്കോപ്പാ സഹകാര്‍മ്മികനും ആയിരുന്നു. തുടര്‍ന്ന് നടന്ന സമാപന മീറ്റിംഗില്‍ ബെസ്റ്റ് പാരീഷ്‌സ മെറിറ്റ് അവാര്‍ഡുകളും കോണ്‍ഫ്രന്‍സില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത ന്യൂയോര്‍ക്ക് എപ്പിഫനി ഇടവകയുള്ള അവാര്‍ഡും നല്‍കുകയുണ്ടായി.
മാര്‍ത്തോമ്മാ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ 72 ഇടവകകളിലും 10 കോണ്‍ഗ്രിഗേഷനിലുമുള്ള വികാരിമാരും, യൂത്ത് ചാപ്ലെയന്‍മാരും സഭാവിശ്വാസികളും ഒരുമിച്ച് പങ്കെടുത്ത ഈ കൂടുവരവ്, ഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എന്നത് വാസ്തവമാണ്. ഇതാദ്യമായി ഫാമിലി കോണ്‍ഫ്രന്‍സിന് ആതിഥേയത്വം വഹിച്ചത്, അമേരിക്കന്‍ ഭദ്രാസനത്തിലെ നോര്‍ത്ത് ഈസ്റ്റ് റീജയനിലെ 10 ഇടവകകളും 1 കോണ്‍ഗ്രിഗേഷനും ഉള്‍പ്പെട്ട ആര്‍.എ.സി.കമ്മറ്റിയാണ്. ഭദ്രാസന അദ്ധ്യക്ഷന്‍ പേട്രണും, ഇടവകവികാരിമാരും, ആത്മായരും അംഗങ്ങളുമായുള്ള ജനറല്‍ കമ്മറ്റിയാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘ഫാമിലി കോണ്‍ഫ്രന്‍സ്- സുവനീറും,’ ‘യുവധാര’ യും ഏറ്റവും ആകര്‍ഷണീയമായിരുന്നു. 4 ദിവസങ്ങളിലായി നടന്ന വേദപഠനങ്ങള്‍, ക്ലാസുകള്‍, അവതരണങ്ങള്‍, ചര്‍ച്ചകള്‍ ഇവ സഭയുടെ നോര്‍ത്ത്-അമേരിക്ക-യൂറോപ്പ്-ഭദ്രാസത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കി എന്നതില്‍ സംശയമില്ല. കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ റവ.ഷിബു മാത്യു അറിയിച്ചതാണിത്.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

 

LEAVE A REPLY

Please enter your comment!
Please enter your name here