getaPhoto.php
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പയാണ് പ്രസംഗപരമ്പരയിലെ പ്രധാനി. മലേഷ്യയിലെ കുലാലമ്പൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയായ അദ്ദേഹം ദക്ഷിണേഷ്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എക്കാലത്തെയും അഭിമാനമാണ്. ലാളിത്യത്തിന്റെ വ്യക്തിജീവിതം കൊണ്ടും മികച്ച വാഗ്മി എന്ന നിലയിലും പ്രവാസിമലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനാണ്.
കുലാലമ്പൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയാണ് ഇപ്പോള്‍. മലേഷ്യയിലെ മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ആദ്യകാല വൈദികശുശ്രൂഷാ പദവിയിലെത്തിയ വെരി.റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പ അറുപതാം പിറന്നാളിന്റെ നിറവിലാണ്. 1955 ജൂലൈ നാലിനായിരുന്നു ഫിലിപ്പ് തോമസ് അച്ചന്റെ ജനനം. 1977-ലാണ് കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ വൈദികപഠനത്തിനായി ചേരുന്നത്. പഠനകാലത്ത് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ സെക്രട്ടറിയായി മാറാനും അദ്ദേഹത്തെ ശുശ്രൂഷിക്കാനും കഴിഞ്ഞു. അതു ജീവിതത്തിലെ വലിയൊരു നേട്ടമായി. 1984 മേയ് ആറിന് തോമസ് മാര്‍ തിമോത്തിയോസ് മെത്രോപ്പോലീത്തായില്‍ (ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ ബാവ) നിന്നും വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന്, ആത്മീയ ബിരുദപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം മലേഷ്യന്‍ മണ്ണില്‍ മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വൈദികവേലയ്ക്കായി നിയോഗിക്കപ്പെട്ടു. ഇത്തരത്തില്‍ ഇവിടെയെത്തിയ ആദ്യ വൈദികശ്രേഷ്ഠനായിരുന്നു ഫിലിപ്പ് അച്ചന്‍. മലേഷ്യയിലെ ക്രൈസ്തവിശ്വാസികള്‍ക്കിടയില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അച്ചന്‍ 1996 ഡിസംബര്‍ ഒന്നിന് കോര്‍ എപ്പിസ്‌കോപ്പയായി.
നല്ലൊരു വാഗ്മി, ആത്മീയ ഇടയന്‍, മികച്ച ആത്മീയ നേതാവ്, സഭയുടെ നേതൃപാടവം വിദേശമണ്ണില്‍ കൈയാളിയ ഭരണതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം ഫിലിപ്പ് അച്ചന്‍ തന്റേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്ത് പ്രവാസിമുദ്രകള്‍ പതിഞ്ഞ മലേഷ്യയിലെ മൂന്നു തലമുറകളിലേക്ക് ആത്മീയസൗഖ്യം പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞ ഫിലിപ്പ് അച്ചന്‍ ദൈവീകമായ ആത്മദാനത്തിന്റെ നിദാന്തശ്രേഷ്ഠനായി മാറി. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വളര്‍ച്ചയില്‍ ഫിലിപ്പ് അച്ചന്‍ വഹിച്ച പങ്ക് നിസ്തൂലമാണ്. മലേഷ്യയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ വികാരിയായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നത് ഇത് മുപ്പതാം വര്‍ഷമാണ്. മലേഷ്യയിലെ ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ (എസ്.സി.എം) ചെയര്‍മാന്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മലേഷ്യയുടെ വൈസ് പ്രസിഡന്റ്, ഇന്റര്‍ ഫെയ്ത്ത് ആന്‍ഡ് പീസ് കമ്മ്യൂണിറ്റി സെന്ററിന്റെ ഡയറക്ടര്‍, ഇന്റര്‍ റിലീജിയസ് സര്‍വീസ് (എഫ്ജിഐഎസ്) സൗഹൃദക്കൂട്ടായ്മയുടെ കോ ചെയര്‍മാന്‍, കുലാലമ്പൂര്‍ വൈ.എം.സി.എ യുടെ ഡയറക്ടര്‍ എന്നിങ്ങനെ ഫിലിപ്പ് അച്ചന്‍ സേവനമനുഷ്ഠിക്കുന്ന ഉയര്‍ന്ന തലങ്ങളിലെല്ലാം തന്നെ അദ്ദേഹം കര്‍മ്മനിരതനാണ്.
സി.സി.എ-യുടെ അര്‍ബന്‍ റൂറല്‍ മിഷന്‍ കമ്മീഷന്‍ അംഗമെന്ന നിലയിലും ശ്രദ്ധേയന്‍. ലാഹോറില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫി കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗികനായും പങ്കെടുത്തിരുന്നു. അവിവാഹിതനായ ഫിലിപ്പ് അച്ചന്‍ തന്റെ കര്‍മ്മമണ്ഡലങ്ങളിലെല്ലാം തന്നെ ആത്മീയശുശ്രൂഷയുടെ വിത്തുകള്‍ പാകുന്നു. അതിനെ ലാളിത്യത്തോടെയും സ്‌നേഹത്തോടെയും വളര്‍ത്തിയെടുക്കുന്നു. മലേഷ്യയിലെ ക്രൈസ്തവ സമൂഹത്തിനു വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന അക്ഷീണ പ്രയത്‌നങ്ങള്‍ ഒന്നു മാത്രം മതി ഈ അറുപതാം പിറന്നാള്‍ ആഘോഷവേളയിലും അദ്ദേഹത്തിന്റെ ശ്രേയസ് ഉയര്‍ത്തിപ്പിടിക്കാന്‍. ദൈവികസേവനങ്ങള്‍ക്കായി ജീവിതം മാറ്റിവച്ച ഈ മഹദ് വ്യക്തിയുടെ ഉദ്കൃഷ്ട ജീവിതം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിച്ച ഏറ്റവും വലിയ വരദാനമാണെന്നു പറയേണ്ടി വരും. ജൂലൈ 15 മുതല്‍ 18 വരെ ന്യൂയോര്‍ക്കിലെ എലന്‍വില്‍ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിശ്വാസസമൂഹം ഫിലിപ്പ് അച്ചന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here