മുന്‍ മന്ത്രിയും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി പി രാമകൃഷ്ണ പിള്ള (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വൈകീട്ട് 5.30ന് ആയിരുന്നു അന്ത്യം. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒമ്പത് മുതല്‍ പട്ടത്തുള്ള ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫിസിലും 12 മണി മുതല്‍ കൊല്ലം ആര്‍എസ്പി ഓഫിസിലും പൊതുദര്‍ശനത്തിന് വെക്കും. ഭാര്യ: ഭാനുമതി അമ്മ. അഞ്ചു മക്കളുണ്ട്.

എട്ടും പത്തും നിയമസഭകളില്‍ അംഗമായിരുന്ന അദ്ദേഹം 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, ജലവിഭവ മന്ത്രിയായിരുന്നു. ആര്‍എസ്പിയുടെ സ്ഥാപകാംഗമായിരുന്ന അദ്ദേഹം കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മൂന്ന് പതിറ്റാണ്ടോളം ആര്‍എസ്പിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. ദേശീയ കമ്മിറ്റി അംഗവും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായി.

1987 ല്‍ ഇരവിപുരത്തു നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1991 ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1996 ല്‍ മണ്ഡലം തിരിച്ചുപിടിച്ചു. 1998 മുതല്‍ 2001 വരെ ജലവിഭവ തൊഴില്‍ മന്ത്രിയായി. തുടര്‍ന്ന് 2001 ല്‍ ചവറയില്‍ ഷിബു ബേബി ജോണിനോട് പരാജയപ്പെട്ടു. 2008 ലാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയാകുന്നത്. പ്രൊഫ. ടിജെ ചന്ദ്രചൂഡനെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തിയായിരുന്നു ഇത്. ആര്‍എസ്പിയുടെ സമീപകാല ചരിത്രത്തില്‍ വോട്ടെടുപ്പിലൂടെ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് ആദ്യമായിട്ടായിരുന്നു. തുടര്‍ന്ന് ആര്‍എസ്പി ലയനത്തെത്തുടര്‍ന്ന് 2012 മാര്‍ച്ചില്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. കേരളാ സഹകരണ ബാങ്ക് ഡയറക്ടര്‍, കേരളാ സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍, കേരളാ സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here