കാർഡിഫ് ∙ മൂന്നു വിക്കറ്റുകളുമായി ഞെട്ടിച്ച ഓസീസിനെ ബാറ്റു കൊണ്ട് അടിച്ചോടിച്ച് ഇംഗ്ലണ്ട് നില ഭദ്രമാക്കിയതോടെ ആഷസിലെ ആദ്യപോരിനു ആവേശത്തുടക്കം. ആദ്യദിനം ചായയ്ക്കു പിരിയുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ മൂന്നിന് 190 എന്ന ഭേദപ്പെട്ട നിലയിലാണ്. സെഞ്ചുറിയടിച്ച് പുറത്താകാതെ നിൽക്കുന്ന ജോ റൂട്ടാണ് ഇംഗ്ലീഷ് ഇന്നിങ്സിനെ വേരുപിടിപ്പിച്ചത്. 61 റൺസോടെ ഗാരി ബല്ലാൻസ് മികച്ച ‌പിന്തുണയേകി. നാലാം വിക്കറ്റിൽ ഇവർ 147 റൺസെടുത്തു. മൂന്നിന് 43 എന്ന നിലയിൽ നിന്നാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനു രണ്ടാം ഓവറിൽ തന്നെ ആദ്യ അടി കിട്ടി. മിഡിലിനും ഓഫ്സ്റ്റംപിനുമിടയിലെത്തിയ പന്തിനെ തിരിച്ചുവിടാൻ ശ്രമിച്ച ആദം ലിത്ത് ഗള്ളിയിൽ വാർണറുടെ കയ്യിലേക്കു പോയി.ഹെയ്സൽവുഡിനു ആഷസിലെ കന്നിവിക്കറ്റ്. ക്യാപ്റ്റൻ അലസ്റ്റയർ കുക്കിനായിരുന്നു രണ്ടാമൂഴം. പതിനാലാം ഓവറിൽ ലയോണിന്റെ പന്തിൽ കുക്കിനു പിഴച്ചു. കീപ്പർ ബ്രാഡ് ഹാഡിനു ക്യാച്ച്. അഞ്ചു പന്ത് നേരിട്ടപ്പോഴേക്കും സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഇയാൻ ബെല്ലും പുറത്തായതോടെ അൻപതു തികക്കുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ മൂന്നു പേർ മടങ്ങിയെത്തി.

നേരിട്ട രണ്ടാം പന്തിൽ തന്നെ കൈവിട്ട് ബ്രാഡ് ഹാഡിൻ റൂട്ടിനു ജീവൻ നൽകി. സ്റ്റാർക്കിന്റെ പന്തിലായിരുന്നു രക്ഷപ്പെടൽ. രണ്ടുവർഷം മുൻപ് ലോർഡ്സിൽ രക്ഷപ്പെട്ടതിന്റെ തനിയാവർത്തനം. അന്നു എട്ടു റൺസിനു ഹാഡിൻ കൈവിട്ടതിനു ശേഷം 180 റൺസെടുത്ത് ഇംഗ്ലണ്ടിനെ ജയിപ്പിച്ചതിനു ശേഷമാണ് റൂട്ട് ബാറ്റ് താഴെ വച്ചത്. ഓർമയിൽ നിന്ന് ഊർജമുൾക്കൊണ്ട് ഇത്തവണയും റൂട്ട് ഓസീസിനെ വേട്ടയാടി.

ബലൂൺ പോലെ പന്തുകളെ നേരിട്ട റൂട്ട് തനിക്കു മുൻപ് ബാറ്റിങിനിറങ്ങിയ ബല്ലാൻസിനെ സഹായിയാക്കി ഇംഗ്ലണ്ടിന്റെ അമരത്തു കയറി. 56 പന്തുകളിൽ നിന്നായിരുന്നു റൂട്ടിന്റെ അർധ സെഞ്ചുറി. ആദ്യ വിഷമിച്ചെങ്കിലും റൂട്ടിൽ നിന്നു ഊർജമുൾക്കൊണ്ട് ബല്ലാൻസും പിടിച്ചു കയറി. 149 പന്തുകളിൽ നിന്നായി 61 റൺസെടുത്ത് ബല്ലാൻസ് പുറത്തായതിനു ശേഷം ബെൻ സ്റ്റോക്ക്സ് റൂട്ടിന് അതിനെക്കാൾ മികച്ച കൂട്ടായതോടെ കാർഡിഫിലെ ഇംഗ്ലീഷ് കാണികൾക്കു സമാധാനം.

LEAVE A REPLY

Please enter your comment!
Please enter your name here