ആതിഥേയരായ തമിഴ്‌നാടിനെ പിന്തള്ളി കോയമ്പത്തൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന 32 ാം ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് 22 ാം കിരീടം. കേരളത്തിന്റെ തുടര്‍ച്ചയായ അഞ്ചാം കിരീടനേട്ടം കൂടിയാണിത്. തമിഴ്‌നാടിന്റെയും ഹരിയാനയുടെയും കനത്ത വെല്ലുവിളി നേരിട്ടാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ കേരളം വീണ്ടും ചാമ്പ്യന്‍പട്ടത്തിലേക്ക് കുതിച്ചത്. 429 പോയിന്റ് കേരളം നേടിയപ്പോള്‍ 413.5 പോയിന്റുകളോടെ ആതിഥേയരായ തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തി.

തിങ്കളാഴ്ച ഉച്ചവരെയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാലു പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു കേരളവും തമിഴ്‌നാടും തമ്മില്‍ ഉണ്ടായിരുന്നത്. പിന്നീട് നടന്ന 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സനല്‍ സ്‌കറിയയും 16 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യുവും നേടിയ സ്വര്‍ണ്ണം കേരളത്തിന് തുണയായി. ഇതിന്റെ പിന്‍ബലത്തിലാണ് ആതിഥേയരുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കേരളത്തിന് മുന്നിലെത്താന്‍ കഴിഞ്ഞത്. കേരളത്തിനും തമിഴ്‌നാടിനും തൊട്ടു പിറകില്‍ 405 പോയിന്റോടെ ഹരിയാനയാണ് മീറ്റിലെ മൂന്നാം സ്ഥാനക്കാര്‍.

പെണ്‍കുട്ടികളുടെ വിഭാഗത്തിലും 268 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തുണ്ട്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 273 പോയിന്റുമായി ഹരിയാന ഒന്നാം സ്ഥാനത്തെത്തി. ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഇത്തവണ ആകെ 14 ദേശീയ റെക്കോഡുകള്‍ അടക്കം 24 റെക്കോഡുകളും പിറന്നിട്ടുണ്ട്. അവസാന ദിനവും രണ്ട് റെക്കോഡുകള്‍ പിറന്നു. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഹരിയാനയുടെ താരമായ ശങ്കറും (1 മിനുറ്റ് 52.59 സെക്കന്‍ഡ്) ആണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ തന്നെ 2000 മീറ്റര്‍ സ്റ്റേപ്പിള്‍ ചേസില്‍ ഡല്‍ഹിയുടെ രാജ്കുമാറുമാണ് (6 മിനുറ്റ് 02.69 സെക്കന്‍ഡ്) പുതിയ മീറ്റ് റെക്കോഡ് കുറിച്ചത്.
അഭിഷേകിന്റെയും സനലിന്റെയും സ്വര്‍ണനേട്ടത്തോടൊപ്പം ആറ് വെള്ളിയും നാല് വെങ്കലവും കേരളം ഞായറാഴ്ചയും സ്വന്തമാക്കി. ആകെ 18 സ്വര്‍ണവും 14 വെള്ളിയും 15 വെങ്കലവുമാണ് മീറ്റില്‍ കേരളത്തിന്റെ ആകെ സമ്പാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here