getNewsIm555ages.php

ഷിക്കാഗോ: ആധുനിക സമൂഹത്തില്‍ കളങ്കമില്ലാത്ത സ്‌നേഹം ലഭിക്കുന്നയിടം കുടുംബമാണെന്നും, ഒത്തൊരുമിച്ചു വസിക്കുന്ന സഹോദരങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവെന്നും സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രസ്‌താവിച്ചു. അമേരിക്കയില്‍ താമസിക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ കോഴഞ്ചേരി കോലത്ത്‌ കുടുംബസംഗമം ഷിക്കാഗോയില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്‌.

വിദ്യാര്‍ത്ഥിയും ജോലിക്കാരനും യാത്രപോകുന്നവനും അഭിവാഞ്‌ഛയോടെ ഭവനം ലക്ഷ്യമാക്കി മടങ്ങുന്നത്‌ സ്‌നേഹത്തിന്റെ കൂടാരത്തിലേക്കാണ്‌. അമേരിക്കന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന ഈ സമ്മേളനം അതീവ പ്രാധാന്യമുള്ളതാണ്‌. മാതൃകയുള്ള കുടുംബങ്ങള്‍ ഒത്തുചേരുന്നതാണ്‌ മാതൃകയുള്ള ഇടവക, സഭ,രാഷ്‌ട്രം എന്നിവ. ബൈബിളിലെ മാതൃകുടുംബങ്ങളായ അബ്രഹാം- സാറ, സെഖര്യാവ്‌- എലിസബത്ത്‌, ജോസ,ഫ്‌ -മേരി കുടുംബങ്ങള്‍. ആദിമസഭയിലെ പരസ്‌പര കരുതല്‍ പോലെ കോലത്തു കുടുംബം വിവിധ സഹായ പദ്ധതികളിലൂടെ പരസ്‌പരം കരുതുന്നത്‌ അഭിനന്ദനാര്‍ഹമാണെന്നും അങ്ങാടിയത്ത്‌ പിതാവ്‌ പറഞ്ഞു.

ഷിക്കാഗോയില്‍ താമസിക്കുന്ന തെങ്ങുംതോട്ടത്തില്‍ തോമസ്‌ ജോര്‍ജിന്റെ (റോയി) ഭവനത്തില്‍ വെച്ചാണ്‌ യോഗം നടന്നത്‌. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ കോലത്ത്‌ കുടുംബയോഗം വൈസ്‌ പ്രസിഡന്റ്‌ പി.എസ്‌ വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറ്‌ കടുംബാംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ജോ കോലത്ത്‌ രചിച്ച `കോലത്ത്‌ ശാഖകളേ….’ എന്നാരംഭിക്കുന്ന കുടുംബഗാനം എല്ലാവരും ചേര്‍ന്ന്‌ ആലപിച്ചു. കോലത്ത്‌ കുടുംബയോഗത്തിന്‌ ദീര്‍ഘകാലം നേതൃത്വം നല്‍കിയ ഇപ്പോഴത്തെ വൈസ്‌ പ്രസിഡന്റ്‌ പി.എസ്‌ വര്‍ഗീസിന്‌ ബിഷപ്പ്‌ അങ്ങാടിയത്ത്‌ അവാര്‍ഡ്‌ സമ്മാനിച്ചു. റോബില്‍ കിടങ്ങാലില്‍ സ്വാഗതം ആശംസിക്കുകയും, ഷോണ്‍ തോമസ്‌ തിരുമേനിയെ പരിചയപ്പെടുത്തുകയും ചെയ്‌തു.

ഭാവിയുടെ വാഗ്‌ദാനങ്ങളായ യുവജനങ്ങള്‍ കുടുംബയോഗത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കിടങ്ങാലില്‍ ശാഖാംഗവും ചലച്ചിത്ര നിര്‍മ്മാതാവും, സംവിധായകനുമായ ടോം ജോര്‍ജ്‌ കോലത്ത്‌ ആഹ്വാനം ചെയ്‌തു.

അടുത്ത കൂടിവരവ്‌ 2017 ജൂണ്‍മാസത്തില്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി ടോം ജോര്‍ജ്‌ കോലത്ത്‌, സിനു കിടങ്ങാലില്‍ എന്നിവരെ ചുമതലപ്പെടുത്തി. 36 പേരുടെ ആശംസകള്‍ ലഭിച്ചത്‌ യോഗത്തില്‍ വായിച്ചു. തെങ്ങുംതോട്ടത്തില്‍ ശാഖാംഗം തോമസ്‌ ജോര്‍ജ്‌ കിടങ്ങാലില്‍, ഇഞ്ചിക്കാലായില്‍ ശാഖാംഗം കെ.എസ്‌. ഫിലിപ്പ്‌ (രാജു) എന്നിവരാണ്‌ കോലത്ത്‌ കുടുംബാംഗങ്ങളുടെ ഈ കൂടിവരവിന്‌ ആതിഥ്യംവഹിച്ചത്‌. തോമസ്‌ ജോര്‍ജ്‌ (റോയി) അറിയിച്ചതാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here