ഭൂമിയിലെ സ്വര്‍ഗമെന്നുപോലും പലരും കരുതിയ അമേരിക്കന്‍ ഐക്യനാടുകള്‍ ഇപ്പോള്‍ പുകയുകയാണ്. വംശീയവാദിയും കച്ചവടക്കാരനുമായ ഒരാളാണു ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യത്തിന്റെ തലപ്പത്തെത്തിയതെന്നത് അമേരിക്കക്കാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനും അംഗീകരിക്കാനും കഴിയുന്നില്ല.
ഇങ്ങനെയൊരാള്‍ ഭരിച്ചാല്‍ തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ആഗോളസമൂഹത്തിനൊപ്പം യു.എസ് പൗരന്മാരും. യു.എസ് തെരഞ്ഞെടുപ്പുഫലത്തെ ഞെട്ടലോടെ കേട്ട അമേരിക്കക്കാര്‍ ഒരാഴ്ച പിന്നിട്ടിട്ടും ട്രംപിനെതിരേ പ്രതിഷേധമുയര്‍ത്തി തെരുവുകളിലാണ്.
യു.എസിലെ എല്ലാ സംസ്ഥാനങ്ങളിലും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ ബാനറിനു പിന്നിലല്ലാതെ അവര്‍ ഒരേ മുദ്രാവാക്യവുമായി 50 സംസ്ഥാനങ്ങളിലെ തെരുവുകളിലും പ്രക്ഷോഭത്തിലാണ്. ഞങ്ങളുടെ പ്രസിഡന്റല്ലെന്നാണ് അവര്‍ വിളിച്ചുപറയുന്നത്. എന്തുകൊണ്ടു ട്രംപ് അവരുടെ പ്രസിഡന്റാകുന്നില്ലെന്ന ചോദ്യം പ്രസക്തവും കാലികവുമാണ്.

കഴിഞ്ഞദിവസം പുറത്തുവന്ന സര്‍വേയില്‍ യു.എസിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ മസ്തിഷ്‌കചോരണത്തിന് ഇരയാകുന്നുവെന്നു കണ്ടെത്തി. ട്രംപിന്റെ ഭരണത്തിനുകീഴില്‍ പ്രൊഫഷനലുകളും യുവാക്കളും ന്യൂനപക്ഷസമുദായങ്ങളും കറുത്തവംശജരും സ്ത്രീകളും എല്ലാം അസ്വസ്ഥരാണ്. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നയങ്ങള്‍ അമേരിക്കയെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ പിന്നാക്കാവസ്ഥയിലേയ്ക്കു നയിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
അതിനു കാരണങ്ങള്‍ വേണ്ടുവോളം ചൂണ്ടിക്കാട്ടാനും ട്രംപ് വിരുദ്ധര്‍ക്ക് അല്ലെങ്കില്‍ അമേരിക്കയിലെ സാധാരണ ജനത്തിനു കഴിയുന്നുണ്ടെന്നതാണു വസ്തുത. ട്രംപ് ഉയര്‍ത്തുന്ന വംശീയതയും വര്‍ണവിവേചനവും മതസ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റവും അമേരിക്കയെ ഇരുണ്ടയുഗത്തിലേയ്ക്കു നയിക്കുമെന്ന് ഇവരെല്ലാം ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു.
ട്രംപിനെതിരേയുള്ള പ്രതിഷേധം കഴിഞ്ഞ എട്ടിനു നടന്ന പൊതുതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. ജനകീയ വോട്ടെടുപ്പില്‍ യഥാര്‍ഥത്തില്‍ ഹിലരിക്കാണു കൂടുതല്‍ വോട്ടു ലഭിച്ചത്. യു.എസ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കുന്നയാളാണു പ്രസിഡന്റാകുക. ഈ രീതി പിന്തുടരുന്നതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു പൂര്‍ണമായും ജനകീയമാണെന്നു വിശേഷിപ്പിക്കാനാവില്ല. ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുകളുള്ള സംസ്ഥാനത്തു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതാണു ട്രംപിന് പ്രസിഡന്റാകാന്‍ വഴിയൊരുക്കിയത്.
എങ്കിലും ഭൂരിപക്ഷം ജനങ്ങളും പിന്തുണയ്ക്കാത്ത ഒരാള്‍ അധികാരത്തില്‍ എത്തുമ്പോഴുണ്ടാകുന്ന വികാരമാണു ജനങ്ങളില്‍ നിന്നുണ്ടായതെന്നു ട്രംപ് അനുകൂലികള്‍ക്ക് ആശ്വാസംകൊള്ളാം. യു.എസ് തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതു പുതിയസംഭവമല്ലെന്നു വാദിക്കുമ്പോഴും ഫലം മാനിച്ച് പ്രസിഡന്റിനെ അംഗീകരിക്കുന്ന രീതിയാണ് ഇതുവരെയുണ്ടായിരുന്നതെന്നതു ചേര്‍ത്തുവായിക്കേണ്ടതുണ്ട്. പ്രസിഡന്റിനെതിരേ ഒരാഴ്ച കഴിഞ്ഞും നീണ്ടുനില്‍ക്കുന്ന ജനകീയപ്രക്ഷോഭം ചൂണ്ടിക്കാട്ടുന്നതു ജനങ്ങള്‍ എത്രത്തോളം അസംതൃപ്തരെന്നാണ്.

ലോകത്തെങ്ങും അസഹിഷ്്ണുതയുടെ വിത്തുവിതച്ച രാജ്യമാണ് അമേരിക്ക. ഇല്ലാക്കഥകള്‍ മെനഞ്ഞ് ഇറാഖ് അധിനിവേശമുള്‍പ്പെടെ പശ്ചിമേഷ്യയിലും മറ്റും നടത്തിയ യാങ്കികളുടെ അധിനിവേശതന്ത്രം പരിചിതമാണ്. 200 വര്‍ഷത്തിലേറെ ജനാധിപത്യപാരമ്പര്യമുള്ള, പുരോഗമനത്തിന്റെ ആസ്ഥാനമെന്നു വിളിക്കപ്പെടുന്ന അമേരിക്കയില്‍ കടുത്തവര്‍ണവിവേചനമാണിപ്പോള്‍. ജനങ്ങള്‍ അസഹിഷ്ണുതയുടെ പേരില്‍ ആഴത്തില്‍ ഭിന്നിപ്പിക്കപ്പെട്ടുവെന്നു കഴിഞ്ഞദിവസം ഹിലരി ക്ലിന്റന്‍ തുറന്നുപറഞ്ഞിരുന്നു.
ബരാക് ഒബാമയുടെ അധികാരകാലം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കേ പ്രഥമവനിത മിഷേല്‍ ഒബാമയെ ഹൈഹീല്‍ ഇട്ട മനുഷ്യക്കുരങ്ങെന്നു വിശേഷിപ്പിച്ച ക്ലേ കൗണ്ടി മേയര്‍ പ്രതിഷേധം ശക്തമായതിനു പിന്നാലെ രാജിവച്ചതാണു പുതിയ സംഭവം. മുസ്‌ലിംകള്‍ക്കെതിരേയുള്ള വംശീയ ആക്രമണവും വന്‍തോതില്‍ വര്‍ധിച്ചെന്ന് എഫ്.ബി.ഐ പറയുന്നു. ലോകത്തിനുതന്നെ നാണക്കേടാകുന്ന വിധത്തില്‍ വര്‍ണവിവേചനം അമേരിക്കയില്‍ ശക്തമാണെന്നു പുറംലോകം അറിയുന്നതിപ്പോഴാണ്. വെള്ളക്കാര്‍ക്ക് ആധിപത്യമുള്ള പ്രസിഡന്റായി ട്രംപ് ഉയര്‍ത്തപ്പെട്ടതോടെ വര്‍ണവെറി പരസ്യമായി പ്രകടിപ്പിക്കപ്പെടുന്നുവെന്നു വേണം കരുതാന്‍.

ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിലെ ഭീതി മാത്രമല്ല അതൃപ്തി കൂടിയാണ് ഒരാഴ്ച പിന്നിട്ടിട്ടും അവസാനിക്കാത്ത പ്രതിഷേധങ്ങള്‍ക്കു പിന്നില്‍. കഴിഞ്ഞദിവസം അമേരിക്കയില്‍ വിവിധ യൂനിവേഴ്‌സിറ്റികളിലെ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളാണു പ്രതിഷേധസമരവുമായി തെരുവിലിറങ്ങിയത്. വിദ്യാഭ്യാസ, ഗവേഷണ മേഖലകളെ ട്രംപ് തഴയുമെന്നും വംശീയവാദം അമേരിക്കയെ പിന്നോട്ടടിക്കുമെന്നും ലോകരാജ്യങ്ങളെ പ്രധാനമായും ബാധിക്കുന്നത് അമേരിക്കയുടെ വിദേശനയമാണ്. വിദേശനയത്തില്‍ ട്രംപിനു തനിച്ചു മാറ്റംവരുത്താന്‍ കഴിയില്ലെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു സെനറ്റിലും കോണ്‍ഗ്രസിലും ഭൂരിപക്ഷമുള്ളതിനാല്‍ നിലവിലെ നയങ്ങളില്‍ മാറ്റംവരുത്തുക പ്രയാസമുള്ള കാര്യമല്ല. അധികാരം ഏല്‍ക്കുന്നതിനുമുമ്പു ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും തമ്മില്‍ ഫോണ്‍ സംഭാഷണത്തിനു പിന്നാലെ സിറിയയില്‍ റഷ്യ ആക്രമണം രൂക്ഷമാക്കിയതു മാറുന്ന വിദേശനയത്തിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഇക്കാര്യത്തില്‍ ഒബാമയുടെ ഇടപെടലും ശ്രദ്ധേയമാണ്. ഒടുവില്‍ ട്രംപ് ഉറ്റസുഹൃത്താണെന്നു സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദും പ്രഖ്യാപിച്ചതോടെ സിറിയന്‍ വിഷയത്തില്‍ ഒബാമ സ്വീകരിച്ച നിലപാടിലാണ് മാറ്റം വന്നത്. ട്രംപ് റഷ്യന്‍ പ്രസിഡന്റിന്റെ ഏജന്റാണെന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പലതവണ ഹിലരിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും ആരോപിച്ചതു ശരിയാണോയെന്നാണ് ഇപ്പോള്‍ യു.എസ് പൗരന്മാര്‍ സംശയിക്കുന്നത്. ജനുവരി 20 നു ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോഴും ഈ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മാറ്റംവരാന്‍ സാധ്യതയില്ല.

വിദ്യാര്‍ഥികള്‍ പറയുന്നു.അവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വേണ്ടതൊന്നും ചെയ്യാതെ പ്രതിപക്ഷവും മുഖ്യഎതിരാളികളുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണതേടി പ്രതിഷേധത്തെ നേരിടാനാണു ട്രംപ് ക്യാംപ് ശ്രമിക്കുന്നത്. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിയന്ത്രണത്തിലല്ലാത്ത സമരം വിപ്ലവത്തിന്റെ മാതൃകയിലേയ്ക്കു വളര്‍ന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here