1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നും നടത്തിപ്പിനു കര്‍ശന നിബന്ധനകള്‍ ഉണ്ടാവുകയും ചെയ്തതോടെ പ്രതിസന്ധിയിലായ കേരളത്തിലെ സഹകരണ ബാങ്കുകള്‍ സമഗ്ര അഴിച്ചുപണിക്കൊരുങ്ങുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരം നേടണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചാല്‍ അതു സ്വീകരിക്കാനും ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാനുമുള്ള സമഗ്ര അഴിച്ചുപണിക്കുമാണ് സഹകരണ മേഖല തയാറെടുക്കുന്നത്. ജില്ലാ ബാങ്ക് പ്രസിഡന്റുമാരുടെയും സംസ്ഥാനത്തെ പ്രമുഖ സഹകരണ ബാങ്കുകളുടെയും തലവന്‍മാരും പങ്കെടുത്ത അനൗപചാരിക യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സഹകരണ മേഖലയിലെ സമഗ്ര അഴിച്ചുപണി സംബന്ധിച്ച് സഹകരണ മന്ത്രി എ.സി മൊയ്തീനുമായി ബന്ധപ്പെട്ടവര്‍ പ്രാഥമിക ചര്‍ച്ചയും നടത്തിയിട്ടുണ്ട്.
നോട്ടു പ്രതിസന്ധി സഹകരണ മേഖലയില്‍ ഉണ്ടാക്കിയ  പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആറുമാസക്കാലം വേണ്ടിവരുമെന്നാണ്  വിദഗ്ധരുടെ നിരീക്ഷണം. നിലവില്‍ അനുവദിച്ച വായ്പ ഇടപാടുകാര്‍ക്ക് കൊടുക്കാനാവാത്തതും സ്വര്‍ണ പണയത്തില്‍ വായ്പ നല്‍കാനാകാത്തതുമാണ് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രാഥമിക പ്രതിസന്ധി. ഈ പ്രതിസന്ധി ഉടനെ മറികടക്കാന്‍ ആകില്ലെന്നും യോഗം വിലയിരുത്തി.  സഹകരണ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് അംഗീകാരം വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ അതിനു തയാറാകണമെന്നും തീരുമാനമായിട്ടുണ്ട്.
ഇടപാടുകാരുടെ വിശ്വാസം നിലനിര്‍ത്താന്‍ തക്ക നടപടികള്‍ സ്വീകരിക്കാന്‍ ഓരോ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിക്ഷേപമുള്ളവര്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ പെട്ടെന്ന് പരിഹരിക്കുന്നതിന്  അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ചെക്കുകള്‍  നല്‍കുന്നുണ്ട്.  ഇത്തരത്തില്‍ പ്രതിസന്ധി മറികടക്കുന്നതുവരെ നടപടികള്‍ വേണമെന്ന നിര്‍ദേശം ബാങ്കുകള്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
നിലവില്‍ സഹകരണ ബാങ്കുകളോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്ക് അംഗീകാരത്തിനായി നിര്‍ത്തലാക്കേണ്ടി വരും. ചില സഹകരണ ബാങ്കുകള്‍ നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോറുകള്‍, പ്ലംബിങ്, ഹാര്‍ഡ്‌വേര്‍ സ്‌റ്റോറുകള്‍ തുടങ്ങിയവ അടച്ചു പൂട്ടേണ്ടി വരും. ഇത്തരം സ്ഥാപനങ്ങള്‍ നിലവില്‍ പ്രതിസന്ധിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ അംഗീകാരം നിര്‍ബന്ധമാക്കിയാല്‍ നീതി സ്റ്റോറുകളെ സഹകരണ ബാങ്കുകള്‍ കൈയൊഴിയും. എന്നാല്‍ ജീവനക്കാരെ സംരക്ഷിക്കേണ്ടതിനാലും ആസ്തി ബാധ്യതയായതിനാലും പുതിയ പ്രാഥമിക സംഘങ്ങള്‍ രൂപീകരിച്ച് ഇവയെ അതിനു കീഴിലേക്ക് മാറ്റി ഇത്  മറികടക്കാനുള്ള ശ്രമമുണ്ടാകും.
നോട്ടു നിരോധനം വന്നതിനെ തുടര്‍ന്ന്  അവശ്യ സര്‍വിസുകള്‍ക്കായി നാലു കോടി രൂപവരെ അസാധുവായ പണം മിക്ക സഹകരണ ബാങ്കുകളും നീക്കിവച്ചിരുന്നു. ഈ തുക മാറി നല്‍കാമെന്ന് വ്യക്തമാക്കി പുതുതലമുറ ബാങ്കുകള്‍ സഹകരണ ബാങ്കുകളെ സമീപിച്ചിട്ടുണ്ട്.  എന്നാല്‍ താല്‍ക്കാലിക ആവശ്യത്തിനായി പുതുതലമുറ ബാങ്കുകള്‍ക്ക് കീഴടങ്ങേണ്ടതില്ലെന്നാണ് സഹകരണ ബാങ്കുകളുടെ അനൗദ്യോഗിക തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here