ലണ്ടൻ ∙ പോളണ്ടിന്റെ അഗ്‌നീസ്ക റാഡ്‌വാൻസ്കയെ മറികടന്ന് ഗാർബിൻ മുഗുരുസ ഒരു ദശാബ്ദത്തിനിടെ വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ സ്പാനിഷ് വനിതാ താരമായി(6–2, 3–6, 6–3). ആദ്യ സെറ്റിലും രണ്ടാം സെറ്റിന്റെ പകുതി വരെയും നേരിയ വെല്ലുവിളി പോലുമില്ലാതെയായിരുന്നു 20–ാം സീഡായ മുഗുരുസയുടെ മുന്നേറ്റം.

കളി തുടങ്ങി ഒരു മണിക്കൂറിനു ശേഷമാണ് റാഡ്‌വാൻസ്കയ്ക്കു ആദ്യ ബ്രേക്ക് പോയിന്റ് ലഭിക്കുന്നത്. എന്നാൽ അതു മുതലാക്കി പോളിഷ് താരം തിരിച്ചുവന്നതോടെ കളി ആവേശകരമായി. തുടർച്ചയായി ആറു ഗെയിം പോയിന്റുകൾ നേടി റാഡ്‌വാൻസ്ക സെറ്റ് സ്വന്തമാക്കി ഒപ്പമെത്തി. നിർണായകമായ മൂന്നാം സെറ്റിലും ആദ്യ പോയിന്റ് സ്വന്തമാക്കിയത് റാഡ്‌വാൻസ്ക തന്നെ. എന്നാൽ ശക്തമായി തിരിച്ചുവന്ന മുഗുരുസ സമ്മർദനിമിഷങ്ങൾ അതിജീവിച്ച് സെറ്റും വിജയവും സ്വന്തം പേരിലെഴുതി. മരിയ ഷറപ്പോവ–സെറീന വില്യംസ് വിജയികളെയാണ് മുഗുരുസയ്ക്കു ഫൈനലിൽ നേരിടേണ്ടത്.

കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണിൽ സെറീനയെ തോൽപിച്ച ചരിത്രമാണ് മുഗുരുസയ്ക്കു കൂട്ട്. 1994ൽ കൊഞ്ചിത മാർട്ടിനെസാണ് അവസാനമായി വിമ്പിൾഡൻ കിരീടം ചൂടിയ സ്പാനിഷ് വനിതാ താരം. ഡബിൾസിൽ ദെല്ലാക്വ–ഷ്വെദോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് സാനിയ മിർസയും മാർട്ടിന ഹിൻജിസും സെമിയിലെത്തി. 7–5, 6–3 സ്കോറിന് ആധികാരികമായിട്ടാണ് ഇന്തോ–സ്വിസ് സഖ്യത്തിന്റെ ജയം.

പുരുഷ വിഭാഗം സിംഗിൾസ് സെമിഫൈനലിൽ ഇന്ന് റോജർ ഫെഡറർ ആൻഡി മറിയെയും നൊവാക് ജോക്കോവിച്ച് റിച്ചാർഡ് ഗാസ്കെയെയും നേരിടും. മൂന്നു വർഷം മുൻപ് വിമ്പിൾഡൻ ഫൈനലിൽ ഫെഡററിൽനിന്നേറ്റ തോൽവിക്കു പകരംവീട്ടാനുള്ള അവസരമാണ് ആതിഥേയതാരത്തിനിത്. അതിനു ശേഷം രണ്ടു ഗ്രാൻസ്‌ലാം കിരീടങ്ങളും ഒളിംപിക് സ്വർണവുമായി മറി മുൻനിരയിലേക്കു വന്നപ്പോൾ ഫെഡറർക്കു തിരിച്ചിറക്കമായിരുന്നു.

ടോപ് സീഡുകളായ ബ്രയാൻ സഹോദരൻമാരെ അട്ടിമറിച്ച് സെമിയിൽ കടന്ന ഇന്തോ–റൊമാനിയൻ സഖ്യമായ റോഹൻ ബോപ്പണ്ണയും ഫ്ലോറിൻ മെർഗിയയും അഞ്ചു സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ ജീൻ ജൂലിയൻ റോജർ–ഹോരിയ ടെകാവു കൂട്ടുകെട്ടിനോടു തോറ്റു പുറത്തായി (4–6, 6–2, 6–3, 4–6, 13–11). 2013ൽ ജൂലിയൻ റോജറുമൊത്തും സെമിഫൈനലിലെ അഞ്ചു സെറ്റ് പോരാട്ടത്തിലാണ് ബോപ്പണ്ണ അടിയറവ് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here