ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, മാര്‍ തോമാശ്ലീഹായുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജൂലൈ 5 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.
ക്രിസ്തുവിനോടൊപ്പം മരിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ച മാര്‍തോമാശ്ലീഹായുടെ ധൈര്യത്തേയും, അതോടൊപ്പം രക്ഷിതാവിലുള്ള തന്റെ പൂര്‍ണ്ണസമര്‍പ്പണത്തിലൂടെ, ക്‌നാനായക്കാരുടെ പൂര്‍വികര്‍ താമസിച്ചിരുന്ന യദേസ്സായിലും, മറ്റ് ശ്ലീഹന്മാരെ അപേക്ഷിച്ച് കൂടുതല്‍ ദൂരം സഞ്ചരിച്ച് ഭാരതത്തിലുമെത്തി സുവിശേഷം പ്രസംഗിച്ച് രക്തസാക്ഷിയായതും, മാര്‍തോമാശ്ലീഹായുടെ തിരുശേഷിപ്പ് ഏറ്റവും കൂടുതല്‍ കൊണ്ടുപോയത് യദേസ്സായിലേക്കായിരുന്നെന്നും തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. മാര്‍തോമാശ്ലീഹായുടെ കാലശേഷം വിശ്വാസക്ഷയം സംഭവിച്ചുകൊണ്ടിരുന്ന ഭാരതസഭയെ ഉജ്വലിപ്പിക്കുവാന്‍വേണ്ടി കഷ്ടപ്പാടും ദുരിതവും സഹിച്ച നമ്മുടെ പൂര്‍വ്വികരായ ബിഷപ്പുമാരും, വൈദികരും ശംശാനന്മാരും ഭാരതത്തിലേക്ക് വന്നതാണെന്ന് പ്രതിപാദിച്ചു. ക്‌നാനായക്കാര്‍ക്ക് മാര്‍തോമാശ്ലീഹായുമായുള്ള അഭേധ്യമായ ബന്ധത്തേപ്പറ്റിയും, മാര്‍തോമാശ്ലീഹായുടെ ശിഷ്യനായ മാര്‍ അദായിയും, മാര്‍ അദായിയുടെ ശിഷ്യനായ മാര്‍ മാറിയും എഴുതിയ ആരാധനക്രമമാണ്, കത്തോലിക്കാസഭയില്‍ ഏറ്റവും പുരാതനമായ ആരാധനക്രമമായ നമ്മുടെ അനാഫറയെന്നും, നമ്മള്‍ തുടര്‍ന്നും മിഷനറിമാരേയും, അവരുടെ പ്രവര്‍ത്തനങ്ങളേയും സഹായിച്ച് അനുഗ്രഹം നേടണമെന്നും മുത്തോലത്തച്ചന്‍ ഉത്‌ബോധിപ്പിച്ചു. ജെയിംസ് & അജിമോള്‍ പുത്തെന്‍പുരയിലും കുടുംബാംഗങ്ങളുമാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here