അത്‌ലറ്റികോ ഡി കൊൽക്കത്തയ്‌ക്കെതിരെയുള്ള നിർണ്ണായക മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ കുടുങ്ങിയത്. മത്സരം സമനിലയിൽ കലാശിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രവേശനത്തിന് വരും മത്സരങ്ങളിലെ ഫലത്തിന് വേണ്ടി കാത്തിരിക്കണം. എന്നാൽ സമനിലയിലൂടെ നേടിയ ഒരു പോയിന്റോടെ കൊൽക്കത്ത സെമി ബർത്ത് ഉറപ്പിച്ചു.
കളി തുടങ്ങിയ ശേഷം എട്ടാം മിനുറ്റിൽ തന്നെ സി.കെ. വിനീത് കേരളത്തിന് ലീഡ് നേടിക്കൊടുത്തെങ്കിലും പത്തുമിനുറ്റിനകം ഗോൾ മടക്കി കൊൽക്കത്ത സമനില പിടിച്ചു. 18-ആം മിനുറ്റിൽ സ്റ്റീഫൻ പിയേഴ്‌സന്റെ വകയായിരുന്നു ആ ഗോൾ. ആദ്യപകുതിയിൽ പിറന്ന ഗോളുകൾക്ക് ശേഷം രണ്ടാം പകുതി ഗോൾരഹിതമായതിനാൽ മത്സരം 1-1ന് സമനിലയിൽ കലാശിച്ചു.
13 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായാണ് കൊൽക്കത്ത സെമിയിൽ പ്രവേശിച്ചത്. ബ്ലാസ്റ്റേഴ്‌സിനും ഇതേ പോയിന്റ് കൈവശമുണ്ടെങ്കിലും ഗോൾ ശരാശരിയിൽ പിന്നിൽ പോയതാണ് സെമി ബർത്ത് തത്കാലത്തേക്ക് നിഷേധിച്ചത്. ഇതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയിൽ നടക്കുന്ന അടുത്ത മത്സരം ബ്ലാസ്‌റ്റേഴ്‌സിന് നിർണ്ണായകമായി. നാളെ നടക്കുന്ന മത്സരത്തിൽ ഡൽഹിക്കെതിരെ നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടാലും ബ്ലാസ്റ്റേഴ്‌സിന് സെമി ബർത്ത് സാദ്ധ്യമാകും.
കൊൽക്കത്ത ഗോളി ദേബ്ജിത്ത് മജുംദാറിന്റെ പിഴവ് മുതലെടുത്തായിരുന്നു എട്ടാം മിനുറ്റിൽ വിനീതിന്റെ ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ഉയർന്നുവന്ന പന്ത് മജുംദാറിന്റെ കൈപ്പിടിയിൽനിന്നും വഴുതി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം സെഡ്രിക് ഹെംഗ്ബർത്തിന്റെ കാലുകളിലെത്തി. ഹെംഗ്ബർത്ത് ഈ പന്ത് വിനീതിന് കൈമാറി. അത്യുഗ്രൻ ഹെഡ്ഡറിലൂടെ വിനീത് കൊൽക്കത്ത ഗോളിയെ കബളിപ്പിച്ച് വലയിലെത്തിച്ചതോടെ കേരളം മുന്നിൽ. സീസനിൽ വിനീതിന്റെ നാലാം ഗോളായിരുന്നു അത്.
ഇതിന് മറുപടിയായി പത്തു മിനുറ്റിനകം തന്നെ കൊൽക്കത്ത ഗോൾ മടക്കി. ഹ്യൂം – പോസ്റ്റിഗ – പിയേഴ്‌സൻ മുന്നേറ്റനിരയുടെ വേഗമേറിയ നീക്കമാണ് ഗോളിൽ കലാശിച്ചത്. ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് പന്ത് ലഭിച്ച ഹ്യൂമിന്റെ പാസ് പോസ്റ്റിഗയിലേക്ക്. പോസ്റ്റിന്റെ ഇടതുഭാഗത്തുകൂടി ഓടിക്കയറുന്ന പിയേഴ്‌സന് പന്ത് കൈമാറിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം ജിംഗാനെയും ഗോൾ കീപ്പർ സ്റ്റാക്കിനെയും മറികടന്ന് പന്ത് വലയിലാക്കി. ഇതോടെ മത്സരം 1-1ന് സമനിലയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here