ബ്രസല്‍സ്∙ ഇപ്പോഴത്തെ അവസ്ഥയില്‍ ഗ്രീസിനെ ഇനിയും സഹായിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. വായ്പയ്ക്കുള്ള ഉപാധികള്‍ ഗ്രീക്ക് ജനത ഹിതപരിശോധനയിലൂടെ തള്ളിയ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത യൂറോസോണ്‍ നേതാക്കളുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ ബ്രസല്‍സിലെത്തിയതായിരുന്നു അവര്‍.

ഇനി ഗ്രീസിന്റെ ഭാഗത്തുനിന്നാണ് എന്തെങ്കിലും നടപടി വരേണ്ടത്, അവരാണ് സന്നദ്ധത അറിയിക്കേണ്ടത്. അല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും തന്റെ ചിന്തയില്‍ തെളിയുന്നില്ലെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.

യൂറോപ്യന്‍തലത്തിലുള്ള ഐക്യദാര്‍ഢ്യവും ഉത്തരവാദിത്വവും ദേശീയതലത്തിലുള്ളതുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. അതു വിസ്മരിച്ചുകൊണ്ടുള്ള ചര്‍ച്ചയെക്കുറിച്ച് ജര്‍മനിക്കു ചിന്തിക്കാനാവില്ലെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസ് യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയîുന്നത്. യാനിസ് വരോഫാകിസിനു പകരം ധനമന്ത്രിയായി ചുമതലയേറ്റ യൂക്ലിഡ് സാകോലോറ്റോസ് നടത്തിയ പ്രസംഗത്തില്‍ യൂറോപ്പിന് ഹിതകരമായ പുതിയ വാഗ്ദാനങ്ങളൊന്നും നല്‍കാനും സാധിച്ചിട്ടില്ല.

വ്യാഴാഴ്ചയ്ക്കു മുന്‍പ് പുതിയ പദ്ധതി സമര്‍പ്പിക്കാനാണ് ഗ്രീസിന് യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിരിക്കുന്ന ‘പുതിയ’ അന്ത്യശാസനം. ഞായറാഴ്ച യൂണിയന്റെ സമ്പൂര്‍ണ ഉച്ചകോടി ചേരാനും തീരുമാനം.

ഇതിനിടെ, പ്രശ്നത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നേരിട്ട് ഇടപെട്ടതും വഴിത്തിരിവിനു സാധ്യത സൃഷ്ഗിക്കുന്നു. എത്രയും വേഗം ധാരണയിലെത്തണമെന്നാണ് ഒബാമ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഗ്രീക്ക് ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പെട്ടെന്നൊരു ധാരണ സാധ്യമാകുമെന്നും കരുതുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here