കൊച്ചി ∙ പ്രേമം സിനിമയോടുള്ള പ്രേമമല്ല എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രതിഷേധത്തിനു പിന്നിലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ് കുമാർ. ഒരു ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുമ്പോൾ ഇതാദ്യമല്ല തിയറ്ററുകൾ അടച്ചിടുന്നത്. തിയറ്റർ പൂട്ടിയിടുന്നവർക്ക് ഓണം വരെ സിനിമ നൽകില്ല. ബാഹുബലി ഹിറ്റായാൽ പൂട്ടിയിടുന്നവർ വരെ പ്രദർശിപ്പിക്കും. എക്സിബിറ്റേഴ്സ് ഫെഡറേഷന് രഹസ്യ അജണ്ടയുണ്ട്. നിർമാതാക്കളുടെ വയറ്റത്തടിച്ചാണോ വ്യാജ സിഡികൾക്കെതിരെ പ്രതിഷേധിക്കേണ്ടതെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും സുരേഷ് കുമാർ പറഞ്ഞു.

എന്നാൽ തിയറ്ററുകൾ പൂട്ടിയിട്ടത് സിനിമയോടുള്ള പ്രേമം കൊണ്ടു മാത്രമാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. ഇപ്പോൾ പ്രസംഗിക്കുന്നവർ പലരും വർഷങ്ങളായി സിനിമ എടുക്കാത്തവരാണെന്നും സുരേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയായി ബഷീർ പറഞ്ഞു.

അതേസമയം, പ്രേമവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനാൽ പുതിയ മലയാള ചിത്രങ്ങളുടെ സെൻസറിങ് വൈകുമെന്ന് അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നതിനാലാണിത്. തിങ്കളാഴ്ചവരെ സിനിമകളുടെ സെൻസറിങ് നിർത്തിവച്ചു. രണ്ടു സിനിമകളാണ് സെൻസറിനായി കാത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സെൻസറിങ് പുനഃരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here