യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാസുകൾ കൈമാറിയ റെക്കോഡുമായി ബാഴ്‌സലോണയ്ക്ക് അത്യുജ്ജ്വല വിജയം. ബറൂസിയ മൊൺചെൻഗ്ലാഡ്ബാച്ചിനെതിരെ 993 പാസുകൾ കൈമാറിയാണ് ബാഴ്‌സയുടെ വിജയം. 2003-2004ന് ശേഷം ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം പാസുകൾ പിറന്ന മത്സരമായിരുന്നു ഇന്നലെ ക്യാമ്പ് നൗവിൽ നടന്നത്.

ആർഡ ടുറാന്റെ ഹാട്രിക്കിന്റെയും ലയണൽ മെസിയുടെ ഗോളിന്റെയും പിൻബലത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സ്പാനിഷ് ടീം വിജയിച്ചത്. 16-ആം മിനുറ്റിൽ മെസിയായിരുന്നു സ്‌കോറിങ്ങിന് തുടക്കമിട്ടതെങ്കിലും രണ്ടാം പകുതിയിൽ ആർഡ ടുറാന്റെ മിന്നുന്ന ഫോമിന് മുൻപിൽ മെസി മങ്ങിപ്പോയി. 17 മിനുറ്റിനുള്ളിൽ ഹാട്രിക് തികച്ചാണ് ടർക്കിഷ് താരം ടുറാൻ തന്റെ പ്രതിഭ വ്യക്തമാക്കിയത്. 50, 53, 67 മിനുറ്റുകളിലായിരുന്നു ടുറാന്റെ ഗോളുകൾ ബറൂസിയ മൊൺചെൻഗ്ലാഡ്ബാച്ചിന്റെ വലയിൽ പതിഞ്ഞത്.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇതുവരെ ഹാട്രിക്ക് നേടുന്ന മൂന്നാമത് ടർക്കിഷ് താരം കൂടിയാണ് ടുറാൻ. ടർക്കിഷ് ടീമിന് വേണ്ടിയല്ലാതെ മറ്റൊരു ടീമിനായി ഹാട്രിക് നേടുന്ന ആദ്യ താരമെന്ന റെക്കോഡും ടുറാൻ മത്സരത്തിൽ കുറിച്ചു. ജയത്തോടെ ആറു കളികളിൽ അഞ്ചു വിജയത്തോടെ 15 പോയിന്റുള്ള ബാഴ്‌സ സി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മറ്റു മത്സരങ്ങളിൽ ആഴ്‌സനലിനും ബയേൺ മ്യൂണിച്ചിനും നാപോളിക്കും ഡയനാമോ ക്യൂവിനും ജയം. ബസേലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ആഴ്‌സനൽ പരാജയപ്പെടുത്തിയത്. 8, 16, 47 മിനുറ്റുകളിൽ ലൂകാസ് നേടിയ ഹാട്രിക്കിന്റെയും ല്വോബി 53-ആം മിനുറ്റിൽ നേടിയ ഗോളിന്റെയും മികവിലാണ് ആഴ്‌സനൽ നാലുതവണ വല ചലിപ്പിച്ചത്. ബസേലിനായി ഡൊംബിയ 78-ആം മിനുറ്റിൽ ആശ്വാസ ഗോളും നേടി.

ലെവൻഡോവിസ്‌കി നേടിയ ഏക ഗോളിന്റെ പിൻബലത്തിലാണ് അത്‌ലറ്റികോ മാഡ്രിഡിനെ ബയേൺ മ്യൂണിച്ച് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. 26-ആം മിനുറ്റിലായിരുന്നു ലെവൻഡോവിസ്‌കിയുടെ ഗോൾ. ബെൻഫിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ നാപോളി 2-1ന് വിജയിച്ചു. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 60-ആം മിനുറ്റിൽ ജോസ് കാലൻജോയും 79-ആം മിനുറ്റിൽ മെർട്ടൻസും നാപോളിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ബെൻഫിക്കയ്ക്ക് വേണ്ടി ജിമെനസ് 87-ആം മിനുറ്റിൽ ആശ്വാസ ഗോൾ മടക്കി.

ഡയനാമോ ക്യൂവും ബെസിക്റ്റാസും തമ്മിൽ നടന്ന മത്സരത്തിൽ ഗോൾമഴ തന്നെയായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് ഡയനാമോ ക്യൂവ് വിജയിച്ചു. മാഞ്ചസ്റ്റർ സിറ്റി – സെൽറ്റിക് മത്സരത്തിൽ ഇരുപക്ഷവും ഓരോ ഗോൾ വീതം അടിച്ച് 1-1ന് സമനിലയിൽ പിരിഞ്ഞു. പി.എസ്.ജി – ലുഡോഗോറെറ്റ്‌സ് മത്സരം 2-2ന് സമനിലയിൽ കലാശിച്ചു. പി.എസ്.വി – റോസ്‌റ്റോവ് മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here