സാൻ ഹോസെ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ മലയാള സാഹിത്യസൗഹൃദ കൂട്ടായ്മയായ സർഗ്ഗവേദി അതിന്റെ ഒന്നാം വാർഷികം വിപുലമായി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് സർഗ്ഗവേദിയിലെ കലാകാരന്മാർ എസ്. എൽ. പുരം സദാനന്ദന്റെ അതിപ്രശസ്തമായ കാട്ടുകുതിര എന്ന നാടകം വീണ്ടും അരങ്ങിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ സംവിധാനം ശ്രീ.ജോൺ കൊടിയൻ നിർവ്വഹിക്കുന്നു. മധു മുകുന്ദൻ, ഉമേഷ് നരേന്ദ്രൻ, ബിന്ദു ടിജി, സന്ധ്യ സുരേഷ്, സതീഷ് മേനോൻ, രാജീവ് വല്ലയിൽ, ലാഫിയ സെബാസ്റ്റ്യൻ, ലിജിത്, സാജൻ മൂലപ്ലാക്കൽ എന്നിവരാണു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോദ് മേനോൻ, രാജി വിനോദ്, റാണി സുനിൽ മുതലായവർ സർഗ്ഗവേദിക്കു വേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു. ബിനു ബാലകൃഷ്ണൻ സംഗീതവും നാരായണൻ സ്വാമി ശബ്ദവും നിയന്ത്രിക്കുന്നു. പ്രകാശ നിയന്ത്രണം ലെബോൺ മാത്യു നിർവ്വഹിക്കുമ്പോൾ, രംഗപടമൊരുക്കുന്നത് ആർടിസ്റ്റ് ശ്രീജിത് ശ്രീധരനാണ്. 2017 ഫെബ്രുവരി മാസം 25നു വൈകുന്നേരം 5.30 മണിക്ക്, സാൻഹോസെ എവർഗ്രീൻവാലി ഹൈസ്കൂൾ ആഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുന്നത്.

നാടകത്തിന്റെ പൂജയും ടിക്കറ്റ് വിതരണത്തിന്റെ ഉത്ഘാടനവും ഡിസംബർ മാസം മൂന്നാം തീയതി ഫ്രിമോണ്ടിൽ നടന്നു. സർഗ്ഗവേദിയിലെ മുതിർന്ന അംഗം ശ്രീമതി ശ്രീദേവികൃഷ്ണൻ നിലവിളക്കു കൊളുത്തുകയും ആദ്യ ടിക്കറ്റ് ഏറ്റ് വാങ്ങുകയും ചെയ്തു. തുടർന്നു ശ്രീ രാജേഷ് നരോത്ത്, ശ്രീ സാജു ജോസഫ്, ശ്രീ ബെൻസി അലക്സ് , ശ്രീ ജോർജ്ജ് വർഗീസ്, ശ്രീ അജീഷ് നായർ മുതലായവർ ടിക്കറ്റ് ഏറ്റ് വാങ്ങുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ചടങ്ങിനു എത്താൻ കഴിയാതിരുന്ന പ്രശസ്‌ത സിനിമാനടനും നിർമാതാവും കവിയുമായ ശ്രീ തമ്പി ആന്റണി, സിനിമാ സംവിധായകനായ  ശ്രീ ജയൻ കെ നായർ തുടങ്ങിയവരും ആശംസകൾ അറിയിച്ചു.
മലയാളത്തിന്റെ മഹാകവി ശ്രീ ഒ. എൻ. വി കുറുപ്പിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഒത്തുകൂടിയ സിലിക്കൺ വാലിയിലെ ഒരുപറ്റം മലയാളം ഭാഷാപ്രേമികളുടെ സൗഹൃദക്കൂട്ടായ്മയായ സർഗ്ഗവേദി 2016 ഫെബ്രുവരി മാസത്തിലാണു രൂപം കൊണ്ടത്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ കഥകളും കവിതകളും പുസ്തക ചർച്ചകളും നവമാധ്യമ സംവാദങ്ങളും മറ്റുമായി നടന്ന നിരവധി ഒത്തുകൂടലുകളിൽ ബേ ഏരിയയിലെ സാഹിത്യസ്നേഹികൾ നിരന്തരം പങ്കെടുത്തു. മലയാളത്തിന്റെ പ്രിയ കഥാകാരൻ സേതു സർഗ്ഗവേദിയുടെ ഒത്തുകൂടലിൽ എത്തിചേരുകയും തന്റെ സാഹിത്യാനുഭവങ്ങൾ സർഗ്ഗവേദിയിലെ അംഗങ്ങളുമായി പങ്കുവെക്കുകയുംചെയ്തു. ശ്രീ തമ്പി ആന്റണി, ശ്രീ മാടശ്ശേരി നീലകണ്ഠൻ, ശ്രീമതി ശ്രീദേവി കൃഷ്ണൻ മുതലായവർ സർഗ്ഗവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിപ്പോരുകയും ചെയ്യുന്നു.

മലയാളനാടക ചരിത്രത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സാമൂഹ്യനാടകങ്ങളിൽ ഒന്നായ കാട്ടുകുതിര, 1980 ൽ എസ്. എൽ. പുരം സൂര്യസോമയാണ് ആദ്യമായി വേദിയിലെത്തിക്കുന്നത്. രാജൻ പി ദേവ്  എന്ന അനശ്വര നടന്റെ അഭിനയജീവിത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ നാടകം. പിൽക്കാലത്ത് ഈ നാടകം അഭ്രപാളികളിൽ എത്തിയപ്പോൾ മലയാളത്തിലെ നടനവിസ്മയം യശശ്ശരീരനായ ശ്രീ തിലകൻ അതിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിലെ പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു. കൊച്ചുവാവയും ആനനായരും കുറത്തികല്യാണിയും മങ്കയും മേനോനും ചേർന്നു സൃഷ്ടിച്ച ആ ദൃശ്യവിസ്മയം, മലയാളത്തെയും മലയാളകലാരൂപങ്ങളെയും എന്നും സ്നേഹിക്കുന്ന  സിലിക്കൺവാലിയിലെ പ്രേക്ഷകർക്കായി വീണ്ടും അവതരിപ്പിക്കപ്പെടുകയാണ്. കാലിഫോർണിയയിലെ പല മലയാളി സംഘടനകളും ഇതിനു അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്.

newspicute_2

 

LEAVE A REPLY

Please enter your comment!
Please enter your name here