ന്യൂയോര്‍ക്ക്: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ സീനിയര്‍ വൈദീകനും പാസ്റ്ററല്‍ കെയര്‍ സര്‍വീസ് ഡയറക്ടറുമായ വന്ദ്യ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ സഹധര്‍മ്മിണി ബസ്കിമോ- ഡോ. ആനി കടവില്‍ (84) ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ഡിസംബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്ച 5 മുതല്‍ 9 വരെ പൊതുദര്‍ശനവും ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകളും നടക്കും. അമേരിക്കയിലെ ക്‌നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്.

ഡോ.ജോണ്‍ കടവില്‍ (ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) പുത്രനും, എലിസബത്ത് കടവില്‍ (എഫ്.ഡി.എ) ജാമാതാവുമാണ്. ജോഷ്വ, റേച്ചല്‍, റിബേക്ക എന്നിവര്‍ കൊച്ചുമക്കളാണ് (എല്ലാവരും ബാള്‍ട്ടിമോര്‍, എം.ഡി)

കോട്ടയം പാറത്തോട് കണ്ണന്താനം കുടുംബാംഗമാണ് പരേത. പരേതരായ കെ.ഒ. തോമസിന്റേയും അന്നമ്മയുടേയും പുത്രിയാണ്. പരേതരായ കെ.ടി. ജോസഫ്, കെ.ടി. തോമസ്, കെ.ടി. മാത്യു എന്നിവര്‍ സഹോദരന്മാരും പരേതരായ തെയ്യാമ്മ ജോണ്‍ (കരിങ്ങണാമറ്റം), ചിന്നമ്മ ബേബി (ചിറത്തിലാട്ട്) എന്നിവരും മറിയാമ്മ കുര്യാക്കോസ് (ചെന്നിക്കര, കോട്ടയം) സഹോദരമാരുമാണ്.

ആതുരസേവന രംഗത്തും, ആത്മീയ പ്രസ്ഥാനങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. ആനി കടവില്‍. കോട്ടയം കുറിച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്നും പ്രശസ്തമായ നിലയില്‍ പഠനം പൂര്‍ത്തീകരിച്ചശേഷം കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള പാറത്തോട്ടില്‍ ശാലേം ഹോമിയോ ക്ലിനിക്ക് സ്ഥാപിച്ച് ആതുര ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. അശരണര്‍ക്ക് എന്നും ആശാകേന്ദ്രമായിരുന്നു ശാലേം ഹോമിയോ ക്ലിനിക്ക്. പിന്നീട് അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ എത്തി ആതുര ശുശ്രൂഷാരംഗത്ത് ഉന്നത പഠനവും സേവനവും നടത്തി. കേരള ക്രിസ്ത്യന്‍ ഹോമിയോ അസോസിയേഷന്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആത്മീയ സംഘടനാ പ്രവര്‍ത്തനങ്ങളിലും ചാരിറ്റി സംരംഭങ്ങളിലും ഏറെ സജീവമായിരുന്നു. അഖില മലങ്കര മാര്‍ത്തമറിയം വനിതാ സമാജം ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാറത്തോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വികാരിയും, പിന്നീട് കോട്ടയം ഭദ്രാസനാധിപനും ആയിരുന്ന കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ അനുഗ്രഹാശീര്‍വാദത്തോടെ മാര്‍ത്തമറിയം വനിതാ സമാജത്തിന് പുതിയ ദിശാബോധവും ആത്മീക വളര്‍ച്ചയും ലഭിക്കുവാന്‍ ഏറെ പരിശ്രമിച്ച വ്യക്തിത്വമായിരുന്നു ഡോ. ആനി കടവില്‍.

അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ പ്രാരംഭം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി തവണ ഭദ്രാസന സെക്രട്ടറി, വൈദീക സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള വന്ദ്യ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൈത്താങ്ങും പിന്തുണയും നല്‍കിയിരുന്ന ആനി കൊച്ചമ്മ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് സ്വന്തമായി ദേവാലയം നേടിയെടുക്കുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടുമാസമായി ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലില്‍ (ബാള്‍ട്ടിമോര്‍) ചികിത്സയിലായിരുന്നു. ഭവനത്തില്‍ മടങ്ങിയെത്തി രോഗികളുടെ വിശുദ്ധ തൈലാഭിഷേകം സ്വീകരിച്ചശേഷമാണ് കര്‍ത്താവില്‍ നിദ്രപ്രാപിച്ചത്.

മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത പരേതയുടെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. ദൈവാശ്രയത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് ആതുരശുശ്രൂഷയിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡോ. ആനി കടവില്‍ എന്നു മെത്രാപ്പോലീത്ത അനുസ്മരിച്ചു. ആര്‍ച്ച് ഡയോസിസ് സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, ക്ലേര്‍ജി സെക്രട്ടറി വെരി റവ. ബോബി ജോസഫ് കോര്‍എപ്പിസ്‌കോപ്പ, ഭദ്രാസന ട്രഷറര്‍ ചാണ്ടി തോമസ് സി.പി.എ, ജോയിന്റ് ട്രഷറര്‍ സിമി ജോസഫ് എന്നിവരും അനുശോചിച്ചു.

പരേതയോടുള്ള ആദരസൂചകമായി പാറത്തോട് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി, പാറത്തോട് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, തൃക്കോതമംഗലം സെന്റ് മേരീസ് ബേത്‌ലഹേം പള്ളി എന്നിവയുടെ സംയുക്ത സഹകരണത്താല്‍ ഞായറാഴ്ച പാറത്തോട് ശാലേം കുടുംബ ഭവനത്തില്‍ പ്രത്യേക അനുസ്മരണ ശുശ്രൂഷകളും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും.

Venue and Adress

Wake Service:
Friday, December 09,- 5 pm- 9 pm.

Funeral Service
Saturday , December 10,- 10 am to 1 pm.
@Church of Resurrection 3175 Paulskirk Drive, Ellicott city, MD 21042.

ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

dr_anniefuneral_pic2

LEAVE A REPLY

Please enter your comment!
Please enter your name here