ഹൂസ്റ്റണ്‍:മലയാളി അസോസിയേഷന്‍ ഗ്രേറ്റര്‍ ഹൂസ്റ്റന്‍റെ ഈ വര്‍ഷത്തെ ഭാരവാഹികളെ കണ്ടെത്തനുള്ള തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്.ഉച്ചയോടെ അറുന്നൂറിലധികം അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തി.ഇത്തവണ 90ശതമാനം പോളിംഗ് ഉണ്ടാകുമെന്നും അത് തങ്ങള്‍ക്ക് അനുകൂലഘടകമാണെന്നും ഇരു പാനലുകളുടെയും സാരഥികളായ ശശിധരന്‍ നായരും തോമസ് ചെറുകരയും പറഞ്ഞു.1080 കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ അംഗങ്ങള്‍ വോട്ടുചെയ്യാനെത്തിയത് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ഹൂസ്റ്റണിലെ മലയാളികളൂടെ ഐക്യം ശക്തിപ്പെടുത്താനുള്ള അംഗങ്ങളുടെ ജനാധിപത്യ ബോധത്തിലൂന്നിയ ആഹ്വാനമാണെന്ന് നിലവിലെ പ്രസിഡന്‍റ് ഏബ്രഹാം ഈപ്പന്‍ പറഞ്ഞു.
തന്‍റെ പാനല്‍ ജയിച്ചാല്‍ സംഘടന ശക്തിപ്പെടുത്തി മലയാളികളുടെ ഐക്യം ഊട്ടിയുറപ്പിച്ച് അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഭരണരീതി നടപ്പിലാക്കുമെന്ന് ഫോമയുടെ സ്ഥാപക പ്രസിഡന്‍റായ ശശിധരന്‍ നായര്‍ വെളിപ്പെടുത്തി. അമേരിക്കന്‍ വിദ്യാഭ്യാസ രീതികളെക്കുറിച്ച് അംഗങ്ങളെ ബോധവത്ക്കരിക്കുന്ന സെമിനാര്‍ നടത്തി അവരെ സജ്ജരാക്കുമെന്നും വയോജനങ്ങള്‍ക്കായി ‘ആക്ടിവിറ്റി’കേന്ദ്രം തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്‍റെ പാനല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ നിര്‍ജീവമായ മലയാളി സമൂഹത്തെ സംഘടനാപരമായി ശക്തിപ്പെടുത്തി യുവജനങ്ങളെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനുതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് തോമസ് ചെറുകര അറിയിച്ചു. മാറുന്ന കാലത്തിനനുസരിച്ച് ഹൂസ്റ്റണിലെ മലയാളി സമൂഹത്തെ വാര്‍ത്തെടുക്കുകയായിരിക്കും പ്രഥമവും പ്രധാനവുമായ ദൗത്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏതു പാനല്‍ ജയിച്ചാലും പരാജിതരെകൂടെ ഉള്‍പ്പെടുത്തിയുള്ള സൗഹൃദത്തിന്‍റെ പുതിയ സംഘടനാ പ്രവര്‍ത്തനമാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു

magh 3 magh 2

LEAVE A REPLY

Please enter your comment!
Please enter your name here