നോട്ട് പിൻവലിക്കൽ ക്രിസ്തുമസ്-പുതുവത്സര കേക്ക് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ചെറുകിട ബേക്കറികൾ. ഡിസംബർ രണ്ടാം വാരം മുതൽ ജനുവരി ആദ്യവാരം വരെ നീണ്ടു നിൽക്കുന്ന ഉത്സവകാലം ബേക്കറിയുടെ കൂടി ഉത്സവമാണ്. പണം പിൻവലിക്കലിൽ ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങളും ശമ്പളവിതരണത്തിൽ ഉണ്ടാവാനിടയുള്ള പ്രശ്നങ്ങളുമാണ് ചെറുകിട ബേക്കറികളെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നത്.

ചെറുകിട ബേക്കറികളിൽ സ്‌വൈപ്പിങ് സൗകര്യവും മറ്റും ഇല്ലാത്തതിനാൽ ഇത്തരം പേയ്‌മെന്റ് സൗകര്യങ്ങൾ ഉള്ള വൻകിട ബ്രാൻഡഡ് ബേക്കറികളിലേക്ക് ഉപഭോക്താക്കൾ പോകാൻ ഇടയുണ്ടെന്ന് കണ്ണൂരിലെ ചെറുകിട ബേക്കറിയുടമ നാരദാ ന്യൂസിനോട് പറഞ്ഞു. ജാതി-മത ഭേദമന്യേ മലയാളികൾ കേക്ക് വാങ്ങി ആഘോഷിക്കുന്ന പതിവുണ്ടെങ്കിലും കയ്യിൽ പണം ഇല്ലാത്ത സാഹചര്യത്തിൽ കേക്ക് വിപണി പ്രതിസന്ധിയിലാവാൻ ഇടയുണ്ടെന്നും ബേക്കറിയുടമ നാരദാ ന്യൂസിനോട് പറഞ്ഞു.

നോട്ട് പിൻവലിക്കൽ സാഹചര്യത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ബേക്കറി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമായി ബേക്കേഴ്‌സ് അസോസിയേഷനും രംഗത്തുവന്നു. നോട്ട് നിരോധനത്തോടെ ബേക്കറി വിൽപ്പന 10% ഇടിഞ്ഞതായി ബേക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പിഎം ശങ്കരൻ കാസർഗോഡ് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്രിസ്തുമസ്-പുതുവത്സര സീസണിൽ ശരാശരി 50 കോടി രൂപയുടെ കേക്ക് വിൽപ്പനയാണ് സംസ്ഥാനത്ത് നടക്കാറുള്ളത്. 30 കോടി രൂപയുടെയെങ്കിലും വിൽപന ഉണ്ടായില്ലെങ്കിൽ ബേക്കറി വ്യവസായം പ്രതിസന്ധിയിലാവുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here