ഇന്ത്യയിലെ മരണങ്ങളില്‍ 40 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ.ഇന്ത്യയിലെ മരണങ്ങളില്‍ 40 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ(സി.എസ്.ഐ). കേരളത്തില്‍ ഹൃദയരോഗങ്ങളുടെ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ്. ദേശീയ ശരാശരി ഗ്രാമീണമേഖലയില്‍ നാലുശതമാനവും നഗരമേഖലയില്‍ ഏഴ് ശതമാനവുമാണെങ്കില്‍ കേരളത്തില്‍ 12 ശതമാനമാണ്. ജനിതകമായ കാരണങ്ങളേക്കാള്‍ ജീവിതശൈലിയിലുള്ള മാറ്റമാണ് ഇതിന് കാരണമെന്ന് സി.എസ്.ഐ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.മോഹനന്‍ പി.പി പറഞ്ഞു.

യുവാക്കളടക്കമുള്ള രാജ്യത്തെ നല്ലൊരു ശതമാനം ആളുകളും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് അടിമകളാണ്. പുകവലിയും വ്യായാമത്തിന്റെ കുറവും ഇത്തരക്കാരെ ഹൃദ്‌രോഗത്തിന് അടിമകളാക്കുകയാണ്. എങ്കിലും ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ ജനങ്ങള്‍ തയാറാകുന്നില്ല. ഇത്തരം അപകടങ്ങളെക്കുറിച്ചും ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കുകയെന്ന ദൗത്യവും സി.എസ്.ഐ ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ക്കല പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ കേരളത്തിലെ ഹൃദ്രോഗികളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനയുണ്ടായതായി വ്യക്തമായെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ഡോ.ഗീവര്‍ സക്കറിയ പറഞ്ഞു. ആകെ രോഗികളില്‍ 40 ശതമാനത്തിന് മാത്രമേ രോഗാവസ്ഥയെക്കുറിച്ച് വ്യക്തതയുള്ളൂ. ഇതില്‍ പകുതിപ്പേര്‍ മാത്രമാണ് ചികിത്സ തേടുന്നത്. എന്നാല്‍ ചികിത്സ കൃത്യമായി പിന്തുടരുന്നവരുടെ എണ്ണം ഇതിലും താഴെയാണ്.
കേരളത്തിലെ 143 കാര്‍ഡിയോളജിസ്റ്റുകള്‍ ചേര്‍ന്നെഴുതിയ ‘ഹൃദയത്തെ അറിയാന്‍ ഹൃദ്‌രോഗത്തെ ചെറുക്കാന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ എട്ടിന് കൊച്ചിയില്‍ നടക്കുന്ന വാര്‍ഷികയോഗത്തിന്റെ ഉദ്ഘാടന വേളയില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്നും അദ്ദേഹംപറഞ്ഞു.
കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് രോഗിയെ പ്രാപ്തനാക്കുന്ന ഹാര്‍ട്‌സ് ആപ്പ് (മൊബൈല്‍ ആപ്പ്), ഹൃദയസംരക്ഷണം എന്ന സന്ദേശവുമായി സോള്‍ ഓഫ് കൊച്ചി, ഇന്ത്യന്‍ നേവി, എന്നിവരുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തോണ്‍, യോഗാപരിശീലനം തുടങ്ങിയവയും വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
നാലുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ലോകത്തിലെ അഞ്ച് പ്രമുഖ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റികളുടെ അധ്യക്ഷന്മാര്‍ ഓരേവേദിയില്‍ ഒത്തുകൂടും. 4700 കാര്‍ഡിയോളജിസ്റ്റുകളും 200 അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഹൃദ്‌രോഗ വിദഗ്ധര്‍ സംസാരിക്കും. മൂന്നാം തവണയാണ് സി.എസ്.ഐ വാര്‍ഷിക സമ്മേളനത്തിന് കൊച്ചി വേദിയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here