രോഗം വന്നാല്‍ ആശുപത്രികളില്‍ പോകാന്‍ കാണിക്കുന്ന ധൃതിയും ആവേശവും മരുന്ന് കഴിക്കുന്ന കാര്യത്തില്‍ അധികം പേരും കാണിക്കാറില്ല. ഒന്നോ രണ്ടോ ദിവസം മരുന്ന് കൃത്യമായി കഴിച്ചാലായി. പിന്നെ ഓരോ തിരക്കും മറ്റുമായി മരുന്ന് കഴിക്കാന്‍ മറന്നുപോകും.
മരുന്ന് കഴിക്കുന്നത് ഓര്‍മിപ്പിക്കാന്‍ ഒരാളുണ്ടാവണമെന്ന് പലപ്പോഴും ആഗ്രഹിക്കുന്നവരും കുറവല്ല. അത്തരക്കാര്‍ക്ക് പറ്റിയ ഉപകരണമാണ് സ്മാര്‍ട്ട് ഗുളിക കുപ്പികള്‍. നിങ്ങളുടെ മരുന്നുകഴിക്കാനുള്ള മറവിയൊക്കെ ഈ കുപ്പി തന്നെ പരിഹരിച്ചോളും.

മരുന്ന് കഴിക്കേണ്ട സമയമായാല്‍ ലൈറ്റ് കത്തിയും ശബ്ദമുണ്ടാക്കിയും രോഗിയെ കുപ്പി വിവരമറിയിക്കും. ഒരു ഡോസേജ് ഒഴിവായിപ്പോയാലും വിടില്ല, രോഗിയിലേക്കോ പരിചാരകനിലേക്കോ സന്ദേശം എത്തിയിരിക്കും, അത് നിങ്ങള്‍ ലോകത്തിന്റെ ഏതു മൂലയിലാണെങ്കിലും. നിങ്ങള്‍ കൊടുക്കുന്ന സെറ്റിങ്‌സിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഗുളിക കഴിക്കാന്‍ മറന്നാല്‍ ഫോണ്‍ വിളി, ടെക്‌സ്റ്റ് മെസേജ്, ലൈറ്റ്, അലാറം തുടങ്ങിയ വഴികളിലൂടെ അറിയിക്കും. ഇതെല്ലാം സെറ്റ് ചെയ്യാനും അഡ്ജസ്റ്റ് ചെയ്യാനും കുപ്പിയില്‍ ഓപ്ഷനുണ്ട്.

ഇത്രയൊക്കെ സെറ്റിങ്‌സും സൗകര്യവും കണ്ട് എന്തോ വലിയ കുപ്പിയാണെന്നു കരുതേണ്ട, സാധാരണ ഗുളികകള്‍ ഇട്ടുവയ്ക്കുന്ന കുപ്പിയുടെ രൂപത്തില്‍ തന്നെയാണ് ഇതുമുള്ളത്. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനും കുട്ടികള്‍ക്ക് തുറക്കാന്‍ പറ്റാത്ത രീതിയിലുള്ള മൂടിയോടുകൂടിയതുമാണ് ഇത്. ആധെര്‍ടെക് എന്ന കമ്പനി പുറത്തിറക്കിയ സ്മാര്‍ട്ട് കുപ്പിക്ക് എഫ്.ഡി.എ, ഐ.എസ്.ഒ അടക്കമുള്ള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുപോലെ വീണ്ടും ചാര്‍ജ് ചെയ്യാവുന്ന സൗകര്യം കുപ്പിയിലുണ്ട്. അഞ്ചുവര്‍ഷം വരെ ഉപയോഗിക്കാവുന്ന ബാറ്ററിയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here