ഇന്ത്യന്‍ ക്രിക്കറ്റിന്റെ 84 വര്‍ഷത്തിനിടെയുള്ള ചരിത്രത്തില്‍ ആദ്യമായി അപരാജിതമായി 18 ടെസ്റ്റുകള്‍ പിന്നിട്ട് വിജയക്കൊടുമുടി കീഴടക്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സംഘവും മുന്നോട്ട്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ അരങ്ങേറിയ അഞ്ചു ടെസ്റ്റുകളില്‍ നാലെണ്ണത്തിലും ടീം ഇന്ത്യ വിജയിച്ചപ്പോള്‍ ആദ്യ മത്സരം മാത്രമാണ് സമനിലയിലാണ് കലാശിച്ചത്.

ചെന്നൈയില്‍ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് ലീഡായ 282 റണ്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ചാം ദിനം 207 റണ്‍സിന് ഓള്‍ ഔട്ടായതോടെയാണ് ഒരു ഇന്നിങ്‌സിനും 75 റണ്‍സിനും യുവ ഇന്ത്യ വിജയിച്ചത്. ഒരു പരമ്പരയിലെ നാലു ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കുന്ന ഇന്ത്യന്‍ റെക്കോഡിനൊപ്പം എത്താനും കോഹ്ലിക്കും സംഘത്തിനുംവിജയത്തോടെ കഴിഞ്ഞു.

സ്‌കോര്‍: ഇംഗ്ലണ്ട് 477 & 207, ഇന്ത്യ 759/7 ഡിക്ലയേഡ്.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 12 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും (49) ജെന്നിങ്‌സും (54) കരുതലോടെയാണ് ബാറ്റ് വീശിയത്. ഇരുവരും 103 റണ്‍സിന്റെ കൂട്ടുകെട്ട് ഒന്നാം ഇന്നിങ്‌സില്‍ പടുത്തുയര്‍ത്തുകയും ചെയ്തു. വീണ്ടുമൊരിക്കല്‍ കൂടി ജഡേജ, ഇംഗ്ലീഷ് ക്യാപ്റ്റന്‍ കുക്കിനെ ലെഗ് സ്ലിപ്പില്‍ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഈ പരമ്പരയില്‍ ആറാം തവണയും കുക്കിനെ വീഴ്ത്തിയെന്ന അപൂര്‍വതയും ജഡേജ കണ്ടെത്തി. ക്യാപ്റ്റന് തൊട്ടുപിറകെ ഓപ്പണിങ് ജോഡിയായ ജെന്നിങ്‌സിനെയും ജഡേജ സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി.

ഈ സമയം ഇംഗ്ലണ്ട് ടോട്ടല്‍ സ്‌കോര്‍ രണ്ടിന് 110. വണ്‍ ഡൗണായി എത്തിയ ജോ റൂട്ടിന് (6) ക്രീസില്‍ നിലയുറപ്പിക്കാനായില്ലെങ്കിലും നാലാം സ്ഥാനത്തെത്തിയ മോയിന്‍ അലി (44) ശ്രദ്ധാപൂര്‍വമായിരുന്നു ബാറ്റ് വീശിയത്. റൂട്ടിനെ, രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബെയര്‍‌സ്റ്റോയെ ഒരു റണ്‍ എടുത്തപ്പോഴേക്കും ഇഷാന്ത് ശര്‍മ്മ ജഡേജയുടെ കൈകളിലെത്തിച്ചു. നാലിന് 129 എന്ന നിലയിലായിരുന്നു ഈ സമയം ഇംഗ്ലണ്ട്. 26 റണ്‍സ് എടുക്കുന്നതിനിടെ നാലു മുന്‍നിര വിക്കറ്റുകളായിരുന്നു ജഡേജയും ഇഷാന്തും ചേര്‍ന്ന് പിഴുതത്.

ബെന്‍ സ്റ്റോക്‌സുമൊത്ത് (23), മോയിന്‍ അലി 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ സൃഷ്ടിച്ചത്. എന്നാല്‍ ടോട്ടല്‍ സ്‌കോര്‍ 192ല്‍ നില്‍ക്കെ അലിയെ ജഡേജ തന്നെ മടക്കി. മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്ത അശ്വിന് ക്യാച്ച് നല്‍കിയായിരുന്നു മോയിന്‍ അലിയുടെ മടക്കം. തുടര്‍ന്ന് 23 റണ്‍സെടുത്ത സ്റ്റോക്‌സിനെ കരുണ്‍ നായരുടെ കൈകളില്‍ എത്തിച്ചതോടെ ജഡേജ തന്റെ അഞ്ചാം വിക്കറ്റും സ്വന്തമാക്കി.

പിന്നീട് ക്രീസിലെത്തിയ ഡ്വാവ്‌സനും (0), റാഷിദിനും (2) പിടിച്ചുനില്‍ക്കാനായില്ല. ഡ്വാവ്‌സനെ, അമിത് മിശ്ര ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ റാഷിദിനെ ഉമേഷ് യാദവ് ജഡേജയുടെ കൈകളില്‍ എത്തിച്ചു. ഒരറ്റത്ത് തട്ടിയും മുട്ടിയും നിന്ന് ബട്ട്‌ളര്‍ (63 പന്തുകളില്‍ നിന്നും 6 റണ്‍സ്) വിക്കറ്റ് കാത്തെങ്കിലും മറുവശത്തെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിനെ (1) ജഡേജ തന്നെ പവലിയനിലെത്തിച്ചു. ടോട്ടല്‍ സ്‌കോര്‍ 207ല്‍ നില്‍ക്കെ പൂജാരയുടെ കൈകളിലേക്ക് ക്യാച്ച് നല്‍കിയായിരുന്നു ഒമ്പതാമന്‍ ബ്രോഡ് മടങ്ങിയത്.

88ആം ഓവറിലെ മൂന്നാം പന്തില്‍ ബ്രോഡ് പുറത്തായ ശേഷം ക്രീസിലെത്തിയ ജെയ്ക് ബോളിനെ റണ്‍സെടുക്കും മുന്‍പേ ജഡേജ കരുണിന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിന് സമാപനം. റെക്കോഡുകള്‍ തിരുത്തിയെഴുതിയ യുവ ഇന്ത്യക്ക് മറ്റൊരു ജയം കൂടി കൈപ്പിടിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here