നമ്മുടേത് ഒരു മതേതര രാജ്യമാണ്. സൈന്യവും മതേതരമാണ്. നാനാജാതി മതസ്തരായ ജനങ്ങളും വര്‍ണ, വര്‍ഗ വ്യത്യാസമില്ലാതെ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. എന്നാല്‍, രേഖകള്‍ പരിശോധിച്ചാല്‍ കരസേനയിലും നാവികസേനയിലും വ്യോമസേനയിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും സിക്കുകാരും പാഴ്‌സികളുമായ ഉദ്യോഗസ്ഥര്‍ ഏറ്റവും ഉയര്‍ന്ന തസ്തികയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, കരസേന മേധാവിയായിട്ടോ നാവികസേന മേധാവിയായിട്ടോ ഒരു മുസ്ലിം ഉദ്യോഗസ്ഥന്‍പോലും എത്തിയിട്ടില്ല. വ്യോമസേനയില്‍ 1978ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇദ്രീഫ് ലത്തിഫ് എന്ന ഉദ്യോഗസ്ഥന്‍ ചിഫ് എയര്‍മാര്‍ഷലായി ചുമതലയേറ്റിരുന്നു. സേനയില്‍ ഇതുവരെ ആദ്യമായും അവസാനമായും ഉന്നത റാങ്കിലെത്തിയ ഏക മുസ്്‌ലിം ഉദ്യോഗസ്ഥനും ഇദ്ദേഹമാണ്. 78 മുതല്‍ 81വരെ വ്യോമസേനാ മേധാവിയായിരുന്നു.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നചോദ്യത്തിന് ഒരുപാട് വിശദീകരണങ്ങള്‍ വേണ്ടിവരും. ബി.ജെ.പി ഭരിക്കുന്ന സമയത്ത് നിയമിക്കാത്തത് സാമുദായിക വിവേചനമാണെന്ന് മനസിലാക്കാം. എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്തും ഒരാളെപ്പോലെയും നിയമിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണം സ്വാതന്ത്ര്യത്തിനു മുന്‍പ് കരസേനയില്‍ ധാരാളം മുസ്്‌ലിം ഓഫിസര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം പാകിസ്താനിലേക്ക് പോയി. കാരണം ഉദ്യോഗകയറ്റം പെെട്ടന്ന് ലഭിക്കുമെന്നതാണ്. പില്‍ക്കാലത്ത് പാകിസ്താന്റെ കര-നാവിക -വ്യോമ സേനയുടെ തലപ്പത്ത് എത്തിയവരെല്ലാം തന്നെ മുന്‍ ഇന്ത്യന്‍ സൈനികരായിരുന്നു. രണ്ടാമത്തെ കാരണം, ഉത്തരേന്ത്യയില്‍ മുസ്്‌ലിം വിഭാഗത്തിലെ വിദ്യാസമ്പന്നരായവരെല്ലാം തന്നെ വേഗത്തില്‍ തൊഴില്‍ ലഭിക്കുമെന്നകാരണത്താല്‍ വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി. ഇതോടെ വിദ്യാസമ്പന്നരായവരുടെ കാര്യത്തില്‍ വലിയ ഇടിവുണ്ടായി. മൂന്നാമത് ഉത്തരേന്ത്യയില്‍ മുസ്്‌ലിം വിഭാഗത്തിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ. ഇതുമൂലം ഓഫിസര്‍ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് തടസം നേരിട്ടു.

അറിഞ്ഞോ അറിയാതെയോ മുസ്്‌ലിം വിഭാഗത്തില്‍ പെട്ടവരെ നമ്മുടെ സര്‍ക്കാരുകള്‍ അവിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഇവരെ തഴയുന്നു. കൂടാതെ, മലയാളികള്‍ ഇതുവരെ മേധാവി സ്ഥാനങ്ങളില്‍ എത്തിയിട്ടില്ല. കഴിവുള്ള നിരവധിയാളുകള്‍ സേനയിലുണ്ടെങ്കിലും ഇവരെ ഒരുകാലത്തും പരിഗണിച്ചിട്ടില്ല. ഇതും മുസ്‌ലിംകള്‍ എത്തുന്നതിന് തടസമാകുന്നുണ്ട്. മുസ്്‌ലിംകള്‍ അവഗണിക്കപ്പെടുന്ന വിവരം ഇത്രയും കാലം ആരും ഉയര്‍ത്തിക്കൊണ്ട് വന്നിട്ടില്ല. ഇത്തവണമാത്രമാണ് ഇത് ചര്‍ച്ചയാകുന്നത്.

പട്ടാളത്തില്‍ സീനിയോറിറ്റി അനുസരിച്ചല്ല പ്രമോഷന്‍ സാധാരണ നല്‍കുന്നത്. ലെഫ്റ്റനന്റ് കേണല്‍ മുതല്‍ മുകളിലേക്ക്്് മെറിറ്റ്കൂടി അടിസ്ഥാനപ്പെടുത്തിയാണ് പ്രമോഷന്‍ നല്‍കുന്നത്. അതോടെ ഉയര്‍ന്ന തസ്തി കകളിലേക്ക് എത്താനുള്ള സാധ്യത ഈ വിഭാഗത്തിന് കുറയും. മാത്രമല്ല, മറ്റ് സര്‍ക്കാര്‍ ജോലികളോടുള്ള പ്രത്യേകിച്ച്്്് സിവില്‍ സര്‍വീസ് പോലെയുള്ള ഉയര്‍ന്ന ജോലികളോടുള്ള താത്പര്യം മുസ്‌ലിം വിഭാഗത്തിന് സൈനികവിഭാഗത്തിലെ ഓഫിസര്‍ ജോലിയോടില്ല.

എന്നാല്‍, സൈനിക വിഭാഗത്തില്‍ നിരവധി മുസ്്‌ലിംകള്‍ ജോലിയെടുക്കുന്നുണ്ട്. പാകിസ്താന്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച ബ്രിഗേഡിയര്‍ ഉസ്മാന്‍ എന്ന സൈനികന് മഹാവീര ചക്രം നല്‍കിയാണ് സര്‍ക്കാര്‍ ആദരിച്ചത്. 1965ല്‍ ആദ്യത്തെ പരമവീര ചക്രം ലഭിച്ചതും ഒരു മുസല്‍മാനാണ്. കവചിത വാഹനം ഓടിക്കുന്ന അബ്ദുല്‍ ഹമീദ് എന്നയാള്‍ക്കാണ് ആദ്യമായി പരമവീര ചക്രം ലഭിച്ചത്. പാകിസ്താന്റെ ഏഴ് പാറ്റണ്‍ ടാങ്കുകളാണ് അദ്ദേഹം അന്ന് തകര്‍ത്തത് . എട്ടാമത്തേത് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അബ്ദുല്‍ ഹമീദ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവചരിത്രം യു.പിയില്‍ കുട്ടികള്‍ക്ക് പഠനവിഷയമാണ്.

നാവികസേനയില്‍ മുസ്്‌ലിമിനെ വിവാഹം ചെയ്ത ഒരു ഉന്നത ഉദ്യോഗസ്ഥനുണ്ടായിരുന്നു. അഡ്മിറല്‍ വിഷ്ണുഭാഗവത്. എന്നാല്‍, ഇദ്ദേഹത്തെ വാജ്‌പെയി സര്‍ക്കാര്‍ പിരിച്ചുവിട്ടു. വിഷ്ണു ഭാഗവതിനെ തിരിച്ചെടുക്കാത്തതിന്റെ പേരിലാണ് ജയലളിത വാജ്‌പെയി സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിച്ച് സര്‍ക്കാരിനെ താഴെയിറക്കിയത്. മുസ്്‌ലിംകളെ മാത്രമല്ല മുസ്്‌ലിംകളുടെ ഭര്‍ത്താക്കന്‍മാരെയും സൈന്യം ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് ആലങ്കാരികമായി പറയാം. മുസ്്‌ലിംകള്‍ എന്തുകൊണ്ട് പിന്‍തള്ളപ്പെടുന്നുവെന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

സൈനിക മേധാവികളെ നിയമിക്കുന്നതിന് എല്ലാക്കാലത്തും സീനിയോറിറ്റിതന്നെയാണ് നോക്കിയിരുന്നതെന്ന് പറയാന്‍ സാധിക്കില്ല. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് 1983ല്‍ കരസേനാ മേധാവിയായി എ.എസ് വൈദിയെയാണ് നിയമിച്ചത്. അന്ന് സീനിയറായിരുന്ന എസ്.കെ സിന്‍ഹയെ തഴഞ്ഞാണ് വൈദിയെ ഇന്ദിരാഗാന്ധി നിയമിച്ചത്. സുവര്‍ണ ക്ഷേത്രത്തില്‍ പട്ടാളത്തെ കയറ്റുന്നതിന് എതിരു നിന്നതാണ് സിന്‍ഹയെ തഴയാന്‍ കാരണം. ഇതിനെതിരേ വലിയ പ്രക്ഷോഭങ്ങളുണ്ടായെങ്കിലും അതൊന്നും ഇന്ദിരാഗാന്ധി കാര്യമായെടുത്തില്ല. തന്നെ തഴഞ്ഞതിനെ തുടര്‍ന്ന് സിന്‍ഹ രാജിവച്ചു. പിന്നിട് വന്ന സര്‍ക്കാര്‍ ഇദ്ദേഹത്തെ കശ്മിര്‍ ഗവര്‍ണറാക്കി.

പിന്നീട് യു.പി.എ സര്‍ക്കാരിന്റെ അവസാന കാലത്ത് 2014ല്‍ എ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന സമയത്ത് അന്നത്തെ വെസ്‌റ്റേണ്‍ കമാന്റന്റ് ആയിരുന്ന ശേഖര്‍കുമാര്‍ സിന്‍ഹയെ തഴഞ്ഞ് രവീന്ദ്രകുമാര്‍ ധവാനെ യാണ് നാവികസേന മേധാവിയായി നിയമിച്ചത്. സീനിയോറിറ്റി മറികടന്ന് നടക്കുന്നനിയമനങ്ങള്‍ക്ക് രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കാറുണ്ട്. അങ്ങനെ വി.കെ സിങിനെ ഒരുവര്‍ഷം മുന്‍പെ റിട്ടയര്‍ ചെയ്യിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് വി.കെ സിങ് ജോലി രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു മത്സരിച്ച് കേന്ദ്രമന്ത്രിയായി.

എന്നാല്‍, രാജ്യത്തുണ്ടായ ഏറ്റവും വലിയ സീനിയോറിറ്റി മറികടക്കല്‍ നടന്നത് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. അദ്ദേഹത്തിന്റെ ബന്ധുവായ ആംചെയര്‍ ജനറല്‍ എന്നറിയപ്പെട്ടിരുന്ന ബി.എം കൗളിനെ മേജര്‍ ജനറല്‍ പോസ്റ്റില്‍ നിന്ന് ഉയര്‍ത്തി ലഫ്റ്റനന്റ് ജനറലാക്കാന്‍ അന്ന് പ്രതിരോധവകുപ്പ് മന്ത്രിയായിരുന്ന വി.കെ കൃഷണമേനോന്‍ കരസേന മേധാവിയായിരുന്ന കെ.എസ് തിമ്മയ്യയോട് ആവശ്യപ്പെട്ടു. 12 പേരുടെ സീനിയോറിറ്റി മറികടന്നു മാത്രമേ കൗളിനെ പ്രമോട്ട് ചെയ്യാന്‍ സാധിക്കു. എന്നാല്‍ വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനായിരുന്ന തിമ്മയ്യ ഇതിനെ എതിര്‍ത്തു. താന്‍ രാജിവയ്ക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. അവസാനം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഇടപെട്ട് തിമ്മയ്യയുടെ രാജി പിന്‍വലിപ്പിച്ചു. പിന്നീട് തിമ്മയ്യയെ നിര്‍ത്തിക്കൊണ്ടുതന്നെ കൗളിന് സ്ഥാനക്കയറ്റം നല്‍കി. കൂടാതെ യുദ്ധരംഗത്ത് ഒരു പരിചയവുമില്ലാത്ത കൗളിന് പരമവിശിഷ്ട സേവാമെഡല്‍ നല്‍കി ആദരിക്കുയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തില്‍ ആദ്യമായാണ് ഒരാള്‍ക്ക് ഈ മെഡല്‍ ലഭിക്കുന്നത്. എന്നാല്‍ ഇതിന്റെ അവസാനം വളരെ രസകരമായിരുന്നു.

1961ല്‍ കൗളിന് സ്ഥാനക്കയറ്റം നല്‍കിയതിന് തൊട്ടുപിന്നാലെ 62ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. ഈ സമയം ഈസ്റ്റണ്‍ കമാന്റിന്റെ ചുമതല കൗളിനായിരുന്നു. യുദ്ധത്തില്‍ സൈന്യത്തിന്റെ ഏറ്റവും നാണംകെട്ട തോല്‍വിയായിരുന്നു അന്ന് ഈസ്റ്റണ്‍ കമാന്റിനുണ്ടായത്. യുദ്ധത്തിനുപോലും ശ്രമിക്കാതെ സൈന്യം തിരിഞ്ഞോടുകയായിരുന്നു. യുദ്ധത്തിന്റെ അവസാനം കൗള്‍ രാജിവയ്ക്കുകയാണുണ്ടായത്. സീനിയോറിറ്റി മറികടന്ന് കഴിവില്ലാത്തവരെ നിയമിച്ചതിന്റെ തിക്തഫലമാണ് അന്ന് ഇന്ത്യ അനുഭവിച്ചത്. പതിനായിരക്കണക്കിന് ചതുരശ്രമൈല്‍ സ്ഥലമാണ് അന്ന് ഇന്ത്യക്ക് നഷ്ടമായത്. ഇത്തരം നടപടികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ രാജ്യത്തിന്റെ ഭാവിതന്നെ അപകടത്തിലാകുമെന്നതാണ് രാജ്യത്തെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here