മല പോളിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചായന്‍സ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. റീത്ത എന്ന സ്‌റ്റൈലിഷ് കഥാപാത്രമായാണ് അമല ഇതില്‍ എത്തുന്നത്.

സാധാരണ കണ്ടുവരുന്ന നായികാസങ്കല്‍പ്പങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് റീത്തയെന്ന് തിരക്കഥാകൃത്ത് സേതു പറഞ്ഞു. ടോംബോയ് കഥാപാത്രം, പരുക്കന്‍ ലുക്കില്‍ ആണ് അമല എത്തുന്നത്.

അമല ബൈക്ക് ഓടിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ട്രോളിയുടെ സഹായമില്ലാതെ സ്വന്തമായാണ് ചിത്രത്തില്‍ ഉടനീളം അമല ബൈക്ക് ഓടിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ തന്നെ സിനിമയില്‍ ഹാര്‍ഡ്‌ലി ഓടിച്ച് ചിത്രീകരിച്ച ആദ്യ നടി അമല പോളാണെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ചിത്രത്തില്‍ അമല പോള്‍ ആരുടെയും നായിക അല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രമാണ് അമലയുേടതെന്നും ഈ കഥാപാത്രം അച്ചായന്‍സിലെ അഞ്ച് നായകകഥാപാത്രങ്ങളില്‍ എത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളുമായാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും സേതു പറയുന്നു.

ആടുപുലിയാട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രമാണ് അച്ചായന്‍സ്. ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം എന്നിവരാണ് സിനിമയിലെ നായകന്മാര്‍. ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് മറ്റൊരു നായിക. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ സച്ചി-സേതുവിലെ സേതുവാണ് അച്ചായന്‍സിന് തിരക്കഥ എഴുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here