എടത്വാ: വൈദീകൻ തെളിച്ച ദീപം പ്രാർത്ഥന മുകരിതമായ അന്തരീക്ഷത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ‘മഴ മിത്ര ‘ത്തിന്റെ  അടുപ്പിലേക്ക് പകരുവാൻ മകൻ അമ്മയുടെ കരങ്ങളിലേക്ക് ആ മെഴുകുതിരി കൈമാറിയപ്പോൾ ഏവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.ആന്റപ്പന്റ ഭാര്യയും  മാതാപിതാക്കളും ഏക സഹോദരനും ചേർന്ന് ആ മെഴുകുതിരിയിൽ നിന്നും അടുപ്പിലേക്ക് അഗ്നി പകർന്നപ്പോൾ ഉരുണ്ടുകൂടിയ കണ്ണുനീർ അല്പനേരം അവരുടെ  കാഴ്ച മറച്ചെങ്കിലും പിന്നീട് അത് ആനന്ദാശ്രുക്കൾ ആയി താഴേക്ക് ഒഴുകി.

അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ ഏക മകൻ ഏബൽ ആണ് മാതാവ് സോണിയയുടെ  കരങ്ങളിലേക്ക് മെഴുകുതിരി കൈമാറിയത്.

ജനകീയ കൂട്ടായ്മയിൽ സഹജീവി സ്നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആയിരുന്ന ആന്റപ്പൻ അമ്പിയായത്തിന്റെ കുടുംബത്തിന് നിർമ്മിച്ച് നല്കിയ സ്നേഹ വീടിന്റെ (മഴ മിത്രം) വെഞ്ചരിപ്പ്  ചടങ്ങായിരുന്നു വികാരഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചത്.

എടത്വാ പളളി വികാരി റവ.ഫാദർ ജോൺ മണക്കുന്നേലിന്റെ നേതൃത്വത്തിൽ ഉള്ള വൈദീക സംഘം വെഞ്ചരിപ്പ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

തുടർന്ന് നടന്ന പൊതുസമ്മേളനം അഡ്വ. യു.പ്രതിഭാഹരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ചു.

ത്രിതല പഞ്ചായത്ത് പ്രതിനിധികളടക്കം സാമൂഹ്യ-സാംസ്ക്കാരിക – രാഷ്ട്രീയ- പരിസ്ഥിതി പ്രവർത്തന രംഗത്തെ നൂറുകണക്കിന്  പ്രമുഖർ ആശംസകൾ അറിയിച്ചു.സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.

പരിസ്ഥിതി സംഘടനകളുടെ ഏകോപന സമിതിയായ ഗ്രീൻ കമ്യൂണിറ്റി രൂപികരിച്ച്  അതിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കാൻ പോകവേ ആണ് മരണത്തിന് കീഴടങ്ങിയത്.
മൂന്ന് വർഷം മുമ്പ് ലോക പരിസ്ഥിതി ദിനത്തിന്റെ തലേന്ന് ആണ് പച്ചപ്പിന്റെ പ്രവാചകൻ ആയിരുന്ന ആന്റപ്പൻ അമ്പിയായം വാഹന അപകടത്തിൽ മരണമടഞ്ഞത്.

പച്ചപ്പിനെയും മഴയെയും സ്നേഹിച്ചിരുന്ന ആന്റപ്പൻ അന്ന് തുടങ്ങിയ മഴ മിത്രം എന്ന മാസികയുടെ പേരാണ് വീടിന് നാമകരണം ചെയ്തിരികുന്നത്.

മഴ മിത്രത്തിന് സമീപം സുഹൃത്തുക്കൾ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന ശലഭോദ്യാനത്തിന്റെ മധ്യത്തിൽ സ്ഥാപിച്ച ആന്റപ്പന്റെ ശിലാസ്മാരകത്തിന്റെ അനാഛാദനവും ‘മഴ മിത്ര ‘ത്തിന്റെ താക്കോൽ ദാനവും ജനുവരി 15ന്  ഞായാറാഴ്ച 2 മണിക്ക്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ സന്ദേശം നല്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് , ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ,ഗ്രീൻ കമ്മ്യൂണിറ്റി ചീഫ് കോർഡിനേറ്റർ ഷൗക്കത്ത് അലി ഏരോത്ത് എന്നിവർ പ്രസംഗിക്കും.

antappan

‘പൊതു സമ്മേളനം അഡ്വ. യു. പ്രതിഭാഹരി  MLA ഉദ്ഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here