വിരഹാർദ്ര മാനസം
“““““““““““““““““`
വഴി മറന്നുവോ ശലഭമേ നീ
മറന്നുവോ പ്രണയകാലത്തെ പൂവനികൾ
പൂത്തുലഞ്ഞാടിയ ചെമ്പകപ്പൂമണം
പാടെമറന്നു അകന്നു പോയോ ?
വിടരാൻകൊതിക്കും സുമരാജിയ്ക്കുള്ളിലായ്
ആരുമേ കാണാതൊളിച്ചിരുന്നു
എത്രനേരം തമ്മിൽ പുണർന്നിരുന്നു
നീർവേണ്ട നമ്മുക്ക് തണൽവേണ്ട നമ്മുക്ക്
താങ്ങായ് തണലായ്‌ അടുത്തിരുന്നു
നമ്മൾ ഒരുനാളും പിരിയില്ലെന്നു ,ചൊല്ലി
ഒരുപാട് ദൂരം അകന്നു പോയീടിൽ
ഒന്നാകുമോ വീണ്ടും എന്നെങ്കിലും
പതിവുള്ളതല്ലേ പ്രണയ പിണക്കം
പിണങ്ങി,യിണങ്ങി നാം എത്രവട്ടം !

സ്നേഹം പകർന്നു ഹൃദയം നിറച്ചിട്ടും
അറിഞ്ഞില്ല നീയെന്നെ, ശൂന്യമാക്കി
കലഹിച്ചു തമ്മിൽ പിരിയുവാനായി
വെറുതെ അടുത്തവരാണോ നമ്മൾ
ഇത്രനാൾ തമ്മിൽ മിണ്ടാതിരിക്കുവാൻ
ഹൃദയത്തെ പഠിപ്പിച്ചതെങ്ങനെ നീ?
”എല്ലാം വെടിഞ്ഞാലും എല്ലാം മറന്നാലും
സ്നേഹമേ നിന്നെ പിരിയുകില്ല ”
മധുരമായ് നീയെന്റെ കാതിൽ പറഞ്ഞതിൻ
മാധുര്യമിപ്പോഴും ചോർന്നതില്ല
മിഴികൾ അകലും മൊഴികൾ മറക്കും
ഒന്നായ ഹൃദയങ്ങൾ വേർപ്പെടുമോ?
കളവായിരുന്നോ എന്നോട് കാട്ടിയ
കപടനാട്യമോ,നിൻപ്രണയം

മൃദുവായി ഞാൻ ക്ഷണിച്ചിട്ടുമെന്തേ
തിരികെ വരുവാൻ മടി നിനക്കു
എല്ലാം മറന്നും എന്നെ മറന്നും
നിനക്കായി ഞാൻ നട്ട നാൾകളെല്ലാം
നോവുണർത്തീടും ഓർമ്മകളായെന്റെ
കരളിനെ കീറിമുറിച്ചിടുന്നു
എങ്കിലും ഞാനാ ഓർമ്മകൾക്കെന്നും
മുത്തം കൊടുത്തു ഓമനിയ്ക്കും
പ്രണയത്തിൻ സൗന്ദര്യം തെല്ലുംകെടുത്തില്ല
വിരഹത്തിൻ വേദനഏറിയാലും
പ്രണയം മധുരം മനസ്സിൻ മഹോത്സവം
കൊതിതീരുകില്ലെനിക്കൊരു ജന്മവും
പ്രണയിക്കുവാനായ് പിറക്കും ഞാൻ വീണ്ടും
പ്രണയിനിയാകും മരിക്കുവോളം
എന്നെയും നിന്നെയും തോളേറ്റിയൊഴുകും
സൂര്യനാണെന്നും അതിനു സാക്ഷി

നിറമുള്ള ആകാശം ചുറ്റുമുള്ളപ്പോൾ
ജീവിതം വർണ്ണാഭമാക്കാൻ എളുപ്പമാണ്
തപസ്സാണ് മുന്നിൽ തെളിയുന്നതെങ്കിൽ
വെറുതെയാണ് നിന്റെയീ തീർത്ഥാടനം
കണ്ണടച്ച് ഏകാഗ്രമാനസം പൂകുമ്പോൾ
ഒരുവട്ടമെങ്കിലും ഞാൻ വന്നിടില്ലേ ?
അവിടെ നീ ചൊല്ലും ജപങ്ങൾക്കു
ഞാൻ വിഘ്‌നമാകുന്നില്ലെന്ക്കിൽ നിശ്ചയം
ഞാനും ഒരു കപടപ്രണയത്തിൻ രക്തസാക്ഷി
ഒരുമാത്രപോലും സ്നേഹിച്ചിരുന്നില്ലെന്നെ നീ
ഒരു മാത്ര പോലും അറിഞ്ഞിരുന്നില്ല !

ഷീലമോൻസ് മുരിക്കൻ

1 COMMENT

  1. ▪കവിത▪
    ■കലാപം■
    —————-
    ☆അമിത്രജിത്ത്▪

    കവിയും കവിതയും
    ഒരു കലാപം തുടങ്ങുന്നു.
    ചട്ടങ്ങളറിയാത്ത
    വൃത്തങ്ങളില്ലാത്ത
    കുത്തഴിഞ്ഞൊരു ജീവിതം
    കലിയടങ്ങാതെ പാടുന്നതും.

    കത്തുന്ന കണ്ണുകളിലെ
    കരയുന്ന സത്യങ്ങളെ
    കുടിയിരുത്തി മറയുന്ന
    കാറ്റും കോളുമടങ്ങാത്ത
    കലഹം നിറഞ്ഞ വരികൾ

    പൊരിയുന്ന വിശപ്പും
    കുടല് കരിയും മണവും
    രുചിച്ചും പുകഞ്ഞും
    കിനാക്കളുടെ കനല്‍
    പകര്‍ത്തിയാടുന്ന
    പതഞ്ഞു പൊങ്ങുന്ന കല

    തെരുവിന്റെ മണത്തെ പഠിച്ച്
    തിന്മയുടെ മൂടുപടം പുതച്ച്
    തീരാത്ത അരിശ പുക വിതച്ച്
    തോരാത്ത കണ്ണുനീരുതിര്‍ക്കുന്ന
    ഉത്തരാധുനിക കവിതയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here