സംസ്ഥാനത്ത് സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു. വിഷയത്തില്‍ നിലപാടു കടുപ്പിച്ച് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത്. മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്തെ എല്ലാ എ ക്ലാസ് തീയേറ്ററുകളും അടച്ചിടാന്‍ ഫെഡറേഷന്‍ തീരുമാനിച്ചു.

തീയേറ്റര്‍ ഉടമകളുടെ കടുത്ത തീരുമാനത്തിലൂടെ സംസ്ഥാനത്തെ 356 തീയേറ്ററുകള്‍ക്കാണ് താഴു വീഴുന്നത്. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.

പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇനി നടക്കാനിരിക്കുന്ന ചര്‍ച്ചകളിലും പങ്കെടുക്കും. ഫെഡറേഷനിലെ എല്ലാ അംഗങ്ങളും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ടിക്കറ്റിന്റെ പങ്ക് സംബന്ധിച്ചു തീയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും വിട്ടുവീഴ്ചക്കു തയ്യാറാവാതെ വന്നതോടെയാണ് സംസ്ഥാനത്ത് സിനിമാ പ്രതിസന്ധി കനത്തത്. ഇരുവിഭാഗവും തമ്മില്‍ പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു. ക്രിസ്മസ് റിലീസുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവാതെ തീയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്.

തുടര്‍ന്ന് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ തീയേറ്റര്‍ ഉടമകള്‍ വിനോദനികുതിയും സെസ്സും അടയ്ക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡും നടന്നു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തീയേറ്റര്‍ കോംപ്ലക്സിലടക്കമായിരുന്നു പരിശോധന. ഇതും ഫെഡറേഷനെ ചൊടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here