പ്രവാസി ഭാരതീയ സമ്മാൻ എന്നൊരു സമ്മാനമുണ്ട്, പല അമേരിക്കൻ മലയാളി പണക്കാരും നോട്ടമിട്ടിരിക്കുന്ന പ്ലാക്ക്. ബി ജെ പി അധികാരത്തിൽ വന്ന ശേഷം ആ വഴിക്കു പലർക്കും അടുക്കാൻ പറ്റിയിട്ടില്ല. പണ്ടൊക്കെ ആണെങ്കിൽ ഇത് കൊടുക്കുന്നത് വയലാർ രവി ആണെന്ന് പറയാമായിരുന്നു. ഈ സമയത്തെങ്കിലും നമ്മൾ വയലാർജിയെ ഓർക്കണം, എന്ത് ചെയ്യാം ഇനി പാര്ലമെന്റിന്റെ ഏഴയലത്തു ചെല്ലാൻ പറ്റുമോ എന്ന് തോന്നുന്നില്ല അദ്ദേഹത്തിന്.

പഴയ ആവേശമൊന്നും ഇപ്പോൾ പ്രവാസി ഭാരതീയ ദിവസിന് ഇല്ല. കേരളത്തിൽ വച്ച് ഉമ്മൻ‌ചാണ്ടി സർക്കാർ ഒരു പ്രവാസി ഭാരതീയ ദിവസ് നടത്തി, അത് ഒരു ഒന്നൊന്നര ദിവസ് ആയിരുന്നു, കൊച്ചിയെ ചാണ്ടി കിടുക്കികളഞ്ഞു, വെള്ളയപ്പവും, കോഴിക്കറിയും, കപ്പയും, മീനും എന്നുവേണ്ട പ്രവാസി കൊതിക്കുന്ന എല്ലാം വിളമ്പി ആയിരുന്നു ആ ദിവസ് കടന്നുപോയത്. ഒരു ചെറിയ സംശയം ചോദിക്കാനാണ് ഈ കുറിപ്പ്, ഈ പരിപാടികൊണ്ട് എന്തെങ്കിലും പ്രയോജനം അമേരിക്കൻ മലയാളികൾക്കുണ്ടോ? ഒരു സംഘടനാ നേതാവിനോട് ചോദിച്ചു, അപ്പോൾ വന്നു ഉത്തരം. ഒത്താൽ പ്രധാനമന്ത്രിയോടൊപ്പം ഒരു ഫോട്ടം, അത് നാട്ടിലെ വീടിന്റെ വരാന്തയിൽ അപ്പച്ചന്റെ പടത്തിന്റെ അടുത്തു തൂക്കിയിടാം. ആരെങ്കിലും വന്നു നോക്കുമ്പോൾ അപ്പച്ചന്റെ അപ്പുറത്തു പ്രധാനമന്ത്രിയും മോനും..പൂയ്……

ഡൽഹിയിൽ സമ്മാനം കിട്ടാത്തവർക്ക് തിരുവനന്തപുരത്തു ഒരു വിദ്വാൻ പ്രവാസി സമ്മാൻ കൊടുക്കുന്നുണ്ടായിരുന്നു. ഒട്ടുമുക്കാലും അമേരിക്കക്കാരും അത് വാങ്ങിച്ചതുകൊണ്ട് ഇപ്പോൾ അത് ഗൾഫ് മേഖലയിലേക്ക് പോയി. കോട്ടയത്തും ഒരു വിദ്വാൻ ഉണ്ടായിരുന്നു, സ്ഥിരം അവാർഡ് കമ്മിറ്റി, ഏറ്റവും വലിയ രസം അവാർഡ് കൊടുക്കുമ്പോൾ ഒരു പ്രശസ്തി പത്രം വായിക്കും. അവാർഡ് കിട്ടിയ നേതാവിന്റെ പെറ്റ തള്ള സഹിക്കുകേലാ അത് കേട്ടാൽ. പണ്ട് എറണാകുളം ജില്ലയിലുള്ള ഒരു പ്രാഞ്ചിക്ക് അവാർഡ് കിട്ടി കോട്ടയത്തു വലിയ ഹോട്ടലിൽ ആയിരുന്നു പരിപാടി.. നിറയെ ജനം.. നാരദനും പോയിരുന്നു ആ പരിപാടിക്ക്, ശെടാ ഇത്രയും ആളുകളോ? അവസാനം മനസിലായി സത്യം അവാർഡ് കിട്ടിയ ആളുതന്നെ മുന്ന് ബസിലായി നാട്ടിൽ നിന്നും തന്റെ അയൽവാസികളെയും ബന്ധുക്കളെയും കൊണ്ട് വന്നതാണെന്ന്. അവസാനം നേതാവ് തന്നെ പറഞ്ഞു നിക്കറു കീറി എന്ന്, മറ്റൊരാൾ ഇതുപോലെ ഒരു പരിപാടി നടത്തിയിട്ടു അവാർഡ്മ കമ്മിറ്റിക്കാരനോട് ഒരിക്കൽ കയർത്തു, ആളുകൾ കുറഞ്ഞു പോയി എന്ന് …. അപ്പോൾ ആ മഹാൻ പറ ഞ്ഞു, ആടും പൂടയുമൊക്കെ നിങ്ങൾ കൊണ്ടുവരണമായിരുന്നു എന്ന്. ഈ കമ്മിറ്റി അംഗങ്ങളെ തീറ്റിപ്പോറ്റാൻ തന്നെ വേണം നല്ലൊരു തുക.

പണ്ട് അമേരിക്കയിലെ ഒരു മുഴുത്ത സംഘടന രണ്ടായി പിളർന്നു നാശകോശമായപ്പോൾ പിളർന്ന ചെറിയ മുഴുത്ത നേതാക്കൾ കോട്ടയത്തു ഒരു കവൻഷൻ വച്ചു. മധ്യ തിരുവിതാം കൂറിലെ ഒരു പ്രാഞ്ചി ആയിരുന്നു സ്പോൺസർ. അയാളെ വേദിയിൽ വേണ്ട വിധം ഗൗനിച്ചില്ല എന്നും പറഞ്ഞു മദ്യം തലയ്ക്കു മൂത്ത അയാളുടെ ഒരു ശിങ്കിടി സംഘടനാ പ്രസിഡന്റിന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി “ഐ ഹേറ്റ്
പ്രസിഡന്റ്…:”എന്ന് ഉച്ചത്തിൽ കൂവി. ഈ സംഭവം കണ്ട് ഗായകൻ മധു ബാലകൃഷ്ണൻ കുടുംബ സമേതം നിന്ന് ചിരിച്ചു. ഒരു പ്രവാസി സമ്മാൻ വാങ്ങിയിട്ട് മരിക്കണം എന്നായിരുന്നു ആ പ്രസിഡന്റിന്റെ ആഗ്രഹം. സത്യം പറയാമല്ലോ പഴയ സംഘപ്രവർത്തകനായ അദ്ദേഹത്തിന് അത് കിട്ടാൻ സാധ്യത ഉണ്ട്, പൂത്ത കാശുമുണ്ട്. നാരദന്റെ ആശംസകൾ മുൻകൂട്ടി അറിയിക്കുന്നു. അടുത്ത വർഷങ്ങളിൽ പ്രവാസി സമ്മാൻ കിട്ടണമെങ്കിൽ ഒന്നുകിൽ സുരേഷ് ഗോപി കനിയണം, അല്ലങ്കിൽ കുമ്മനംജി കനിയണം. അത്ര വലിയ മണ്ടത്തരത്തിനു ഇവർ രണ്ടുപേരും തല വച്ച് കൊടുക്കുമെന്ന് നാരദന് തോന്നുന്നില്ല.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ പ്രവാസിദിവസം യാതൊരു പ്രയോജനവും ഇല്ലാത്ത ദിവസം ആയിരുന്നു. മോഡി വന്നു…  പോയി … ഒരു പോട്ടം പോലും പലർക്കും കിട്ടിയില്ല. പ്രവാസി ദിവസനെന്നും പറഞ്ഞു ജൂവലറിയുടെ മുന്നിൽ പോയി നിന്ന് പടം ഇടേണ്ടിവന്നു പലർക്കും. ഇതൊക്കെ നാരദൻ കാണുന്നുണ്ട് എന്നോർത്തോണം. പ്രവാസികളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഇങ്ങു അമേരിക്കയിലും, ഗൾഫിലും ഒക്കെ വരാൻ പോകുന്നു അതൊക്കെ ഈ നേതാക്കൾ ഒന്ന് പടിക്ക് എന്നിട്ടു അവർക്കുവേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യൂ. അല്ലാതെ പ്രവാസി ദിവസിന് പോയി ഫോട്ടം പിടിച്ചതുകൊണ്ടു യാതൊരു കാര്യവുമില്ല, അമേരിക്കൻ മലയാളികൾ ഉണർന്നു തുടങ്ങി. ജാഗ്രതൈ …!!!!!!!

ജീവനൊടുണ്ടെങ്കിൽ അടുത്ത ആഴ്ച വീണ്ടും കാണാം……

 

എന്ന് നാരദൻ ഒപ്പ്……

LEAVE A REPLY

Please enter your comment!
Please enter your name here