കേരളത്തില്‍ മലയാള സൂപ്പര്‍ താരങ്ങളോടൊപ്പം തന്നെ വന്‍ ആരാധക പടയുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‌യുടെ സിനിമക്ക് ‘പണി’ കൊടുക്കാനുള്ള തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ നീക്കം പൊളിച്ചടുക്കി ഭൈരവ വരുന്നു.

നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രമുഖ നേതാവായ സുരേഷ് കുമാറുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ പ്രമുഖ നേതാവിനുള്ള പകയാണ് കഴിഞ്ഞ ദിവസം തീരേണ്ടിയിരുന്ന സമരം വലിച്ച് നീട്ടിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷാണ് വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ഭൈരവയിലെ വിജയ്‌യുടെ നായിക. ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമാരംഗത്തെ വിജയ്‌ നായികയായി കീര്‍ത്തി മാറി കഴിഞ്ഞു. ഭൈരവ സൂപ്പര്‍ ഹിറ്റായാല്‍ നയന്‍താരക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി കീര്‍ത്തി സുരേഷ് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തമിഴ്‌നാട് കഴിഞ്ഞാല്‍ ഏറ്റവും അധികം ആരാധകര്‍ വിജയിന് ഉള്ളത് കേരളത്തിലാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ സിനിമകളെല്ലാം കേരളത്തില്‍ സൂപ്പര്‍ ഹിറ്റുകളാണ്. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ ഒരു മാസക്കാലമായി തുടരുന്ന സിനിമാ സമരത്തിന്റെ പശ്ചാതലത്തില്‍ കൂടുതല്‍ തിയറ്ററുകളില്‍ ഭൈരവ റിലീസ് ചെയ്യാനായിരുന്നു വിതരണക്കാരുടെ തീരുമാനം.

എന്നാല്‍ അന്യഭാഷാചിത്രത്തിന് കിട്ടുന്ന ആനുകൂല്യം ഒഴിവാക്കാന്‍ തിയ്യേറ്റര്‍ ഉടമകളുടെ സംഘടന തിയ്യേറ്റര്‍ അടച്ചിടാന്‍ അപ്രതീക്ഷിതമായി തീരുമാനം കൈകൊള്ളുകയായിരുന്നു. സിനിമാ സമരത്തോട് നിര്‍മ്മാതാക്കള്‍ സ്വീകരിച്ച നിലപാടിന് നിര്‍മ്മാതാവിന്റെ മകള്‍ നായികയായ സിനിമക്ക് തന്നെ പണി കൊടുക്കാന്‍ ഉദ്യേശിച്ചായിരുന്നു ഇത്.

ഈ തീരുമാനത്തില്‍ ഏറ്റവും അധികം പ്രകോപിതരായിരിക്കുന്നത് വിജയ് ഫാന്‍സാണ്. വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാത്ത തിയറ്ററുകളെ എന്ത് വന്നാലും പാഠം പഠിപ്പിക്കുമെന്ന വാശിയിലാണ് അവര്‍. ഇതോടെയാണ് ഭൈരവക്ക് പിന്‍തുണയുമായി സമരക്കാരിലെ തന്നെ ഒരു വിഭാഗം ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. എന്ത് വന്നാലും ഭൈരവ തങ്ങളുടെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് അവരുടെ തീരുമാനം.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും ഒരു വിഭാഗം അംഗങ്ങളിലെ ഈ മനം മാറ്റം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഈ വിഭാഗം നാളെ മുതല്‍ മലയാളം ഉള്‍പ്പെടെയുള്ള പുതിയ സിനിമകള്‍ റിലീസ് ചെയ്യാനും പുതിയ സംഘടന രൂപികരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയറ്ററുകളും ഈ സംഘടനയില്‍ ചേരും. റിലീസിങ്ങ് തിയറ്ററുകളുള്ള സംഘടനകളില്‍ ഇല്ലാത്തവരെയും പരിഗണിക്കും. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെ പരമാവധി തിയറ്ററുകളിലാണ് ഭൈരവ റിലീസ് ചെയ്യുന്നത്.

പുതിയ സംഘടന വരുന്നതോടെ നിലവിലെ സംഘടന പിളരും. അതായത് ഒരു മാസ കാലമായി പ്രേക്ഷകരെ കഷ്ടത്തിലാക്കിയും സര്‍ക്കാറിനെ തള്ളിയും നടന്ന സമരത്തെ തന്നെ അടിച്ച് നിലംപരിശാക്കാന്‍ ഭൈരവ വരേണ്ടിയിരുന്നുവെന്നര്‍ത്ഥം. ‘വെയ്റ്റിങ്ങിലായ’ മലയാള സിനിമകളെകൂടി രക്ഷപ്പെടുത്തിയാണ് ഈ വരവ്.

വലിയ ആഘോഷങ്ങളാണ് ഇളയദളപതിയുടെ ചിത്രത്തിനായി സംസ്ഥാനത്താകമാനം ആരാധകര്‍ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here