2004 ജൂലൈ 22നാണ്‌ അടൂര്‍ ഐച്ച്‌ ആര്‍ ഡി എഞ്ചിനീയറിംഗ്‌ കോളേജിലെ രണ്ടാം വര്‍ഷ ബിടെക്‌ വിദ്യാര്‍ഥിനി രജനി എസ്‌ ആനന്ദ്‌ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കപ്പെടുകയും കടുത്ത ജാതി വിവേചനത്തിനിരയാവുകയും ചെയ്‌തതിൻ്റെ പേരിൽ തിരുവനന്തപുരം ഹൗസിംഗ്‌ ബോര്‍ഡ്‌ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്‌. ജാതി വിവേചനങ്ങള്‍ ശക്തമായപ്പോള്‍ രജനി മറ്റൊരു കോളേജിലേക്ക്‌ മാറാന്‍ എന്‍ട്രന്‍സ്‌ കമ്മീഷനെ സമീപിക്കുകയായിരുന്നു. മറ്റൊരു കോളേജിലേക്കു മാറാന്‍ ടി സി കിട്ടില്ലെന്ന്‌ വ്യക്തമായതോടെയാണ്‌ രജനി മരണത്തിലേക്ക്‌ എടുത്തുചാടിയത്‌.

2002 നവംബര്‍ ആറിനാണ്‌ രജനിയ്‌ക്ക്‌ അടൂര്‍ എഞ്ചിനീയറിംഗ്‌ കോളജില്‍ പേയ്‌മെന്റ്‌ സീറ്റില്‍ പ്രവേശനം ലഭിക്കുന്നത്‌. എന്നാല്‍ പ്രവേശന കമ്മീഷന്‍ നല്‍കിയ സീറ്റ്‌ അലോട്ട്‌മെന്റില്‍ ഫ്രീ സീറ്റ്‌ എന്നാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. ഇതില്‍ത്തന്നെ ദുരൂഹതകള്‍ നിറഞ്ഞിരുന്നു. ഫ്രീ സീറ്റില്‍ പ്രതിവര്‍ഷം 3000 രൂപയായിരുന്നു ട്യൂഷന്‍ ഫീസ്‌. പേയ്‌മെന്റ്‌ സീറ്റില്‍ 50,000 രൂപയും. പേയ്‌മെന്റ്‌ സീറ്റെന്ന്‌ കാണിച്ച്‌ 47,000 രൂപയാണ്‌ മാനേജ്‌മെന്റ്‌ രജനിയുടെ പേരില്‍ ട്യൂഷന്‍ ഫീസ്‌ ഇനത്തില്‍ മാത്രം തട്ടിയെടുത്തത്‌.

പ്രതിമാസ സ്റ്റൈപ്പന്റ്‌ ഇനത്തില്‍ 315 രൂപ നിരക്കില്‍ ഒന്നാം വര്‍ഷം ഏഴു മാസത്തേക്കു 2205 രൂപയാണ്‌ ലഭിക്കേണ്ടത്‌. എന്നാല്‍ പട്ടികജാതി വികസന വകുപ്പില്‍ നിന്ന്‌ രജനിയ്‌ക്ക്‌ ലഭിച്ചിരുന്നത്‌ 1522 രൂപയും. ഇത്തരത്തിൽ പല കൊള്ളകൾക്കും രജനി ഇരയായി. പിന്നീടവര്‍ അവളെ കൊലയ്‌ക്കു കൊടുത്തു. യുഡിഎഫ്‌ സര്‍ക്കാറിന്റെ കാലത്തു നടന്ന രജനിയുടെ ആത്മഹത്യക്കെതിരെ ഇടതുസംഘടകളും വിദ്യാര്‍ഥികളും തെരുവിലിറങ്ങി. പിന്നെ കേരളം കണ്ടത്‌ സമരത്തിന്റെ വേലിയേറ്റമായിരുന്നു. കേരളത്തില്‍ സ്വശ്രയ സമരങ്ങള്‍ സജീവമായി. പതിവുപോലെ എസ്‌എഫ്‌ഐ തന്നെയായിരുന്നു സമരരംഗത്തു സജീവമായത്‌.

കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക്‌ താങ്ങുന്നതിലും എത്രയോ വലുതായിരുന്നു രജനിയുടെ പഠനച്ചെലവ്‌. അതിനെത്തുടർന്നാണു വിദ്യാഭ്യാസ വായ്‌പയ്‌ക്ക്‌ അപേക്ഷിക്കുന്നത്‌. പലകാരണങ്ങള്‍ പറഞ്ഞ്‌ ബാങ്ക്‌ വിദ്യാഭ്യാസ വായ്‌പയും നിഷേധിച്ചു. രജനിയ്‌ക്ക്‌ വായ്‌പ നിഷേധിച്ച ബാങ്ക്‌ കെഎസ്‌ യു അടിച്ചുതകര്‍ത്തു. ഈടില്ലാതെ വിദ്യാഭ്യാസ വായ്‌പ നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാത്ത നിരവധി ബാങ്കുകള്‍ അതിനുശേഷം കെ എസ്‌ യു പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

രജനിയുടെ മരണത്തിന്‌ ഉത്തരവാദികളായവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്നും കുടുംബത്തിന്‌ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു ദളിത്‌ സ്റ്റുഡന്റ്‌ സ്‌ മൂവ്‌ മെന്റിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌ ഒരു മാസക്കാലം നീണ്ട നിരാഹാര സമരം നടന്നു. തുടര്‍ന്നാണ്‌ പത്ത്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. രജനിയുടെ മരണത്തിന്‌ കാരണക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും നിരവധി പ്രക്ഷോഭങ്ങള്‍ തലസ്ഥാനത്ത്‌ നടന്നു. തുടര്‍ന്ന്‌ യുഡിഎഫ്‌ സര്‍ക്കാര്‍ നിയോഗിച്ച ഖാലിദ്‌ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍മേലും യാതൊരു നടപടിയും ഉണ്ടായില്ല.

കത്തോലിക്ക സഭയുടെ അടൂരിലെ കോളേജിനെതിരെ ചെറുവിരലനക്കാന്‍ ഇരുസര്‍ക്കാറുകള്‍ക്കും കഴിഞ്ഞിട്ടില്ല. രജനിയുടെ കുടുംബത്തിന്‌ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നു ഖലിദ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടു ശിപാര്‍ശ ചെയ്‌തെങ്കിലും സൗകര്യപൂര്‍വം സര്‍ക്കാര്‍ അതും അവഗണിക്കുകയായിരുന്നു. ആ റിപ്പോര്‍ട്ട്‌ സെക്രട്ടറിയേറ്റിൻ്റെ ഏതോ മൂലയില്‍ കിടക്കുമ്പോഴാണ്‌ ജിഷ്‌ണുവിന്റെ സ്വാശ്രയ കൊലയും കേരളത്തെ പ്രക്ഷുബ്ധമാക്കുന്നത്‌.

രജനിയുടെ കുടുംബത്തിന്‌ സിപിഐഎം പ്രവര്‍ത്തകര്‍ പിരിവെടുത്ത്‌ നാല്‌ ലക്ഷം രൂപയ്‌ക്ക്‌ വീട്‌ വച്ചു നല്‍കിയിരുന്നു. പിന്നീട്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിൻ്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിലൊന്നായി രജനിയുടെ ആത്മഹത്യ. അധികാരത്തിലെത്തിയ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സ്വാശ്രയ നിയമം പൊളിച്ചെഴുതാന്‍ നീക്കം നടത്തിയെങ്കിലും വേണ്ടത്രെ പഠനം നടത്താതെയുള്ള നിയമത്തെ സുപ്രീംകോടതി അസാധുവാക്കി. പിന്നീട്‌ പതിവ്‌ പോലെ സ്വാശ്രയ കൊള്ള പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു. ഒടുവിലിപ്പോള്‍ രജനിയുടെ വഴിയേ ജിഷ്‌ണുവും യാത്ര തിരിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here