കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സൗദിയില്‍ ജോലി ചെയ്യുന്ന എന്റെ പേര് ജോണ്‍ സേവ്യര്‍ എന്നാണ്. ഭാര്യ അന്ന ജോണ്‍. വിവാഹ ശേഷം ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിച്ചു – ജെസ്റ്റിന്‍. ഏഴാം തരം വരെ മകന്‍ സൗദിയിലെ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ചു. തുടര്‍വിദ്യാഭ്യാസത്തിനായി അവനെ തമിഴ്‌നാട്ടിലെ എര്‍ക്കാടിലുള്ള പ്രശസ്തമായ മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളില്‍ ചേര്‍ത്തു. പഠിക്കാന്‍ മിടുക്കനായിരുന്നു. ബാസ്‌കറ്റ് ബോളിലും നീന്തലിലും മിടുക്കനായിരുന്നു. വാട്ടര്‍ പോളോയില്‍ സ്വര്‍ണ മെഡല്‍ വാങ്ങി.
ഡിസ്റ്റിംഗ്ഷനോടു കൂടി പ്ലസ് ടു വിജയിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ സ്‌കൂളില്‍ എന്നും ഒന്നാമനായിരുന്നു. തുടര്‍ന്ന് സ്‌പേസ് സയന്‍സ് പഠിക്കാന്‍ അവന്‍ ആഗ്രഹിച്ചു. ഒരു പരസ്യത്തില്‍
ആകൃഷ്ടരായി ഞങ്ങള്‍ അവനെ നോയിഡയിലുള്ള അമിത്തി സ്വകാര്യ സര്‍വകലാശാലയില്‍ (Deemed University) ചേര്‍ത്തു.

2009,ഓഗസ്റ്റ് മൂന്നാം തിയതിയാണ് അവിടത്തെ ഹോസ്റ്റലില്‍ ചേരുന്നത്. കൃത്യം ഒരു മാസം കഴിഞ്ഞ് – അതായത് സെപ്തംബര്‍ മൂന്നാം തിയതി രാവിലെ ഡല്‍ഹിയിലുള്ള ഞങ്ങളുടെ ബന്ധു ജെസ്റ്റിന്‍ മരിച്ചുവെന്ന വിവരമാണ് ഞങ്ങളെ അറിയിക്കുന്നത്.

മരണശേഷം നാല്പത്തിയെട്ടാം ദിവസം റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം പുറത്തെടുക്കുന്നു.
പിന്നീട് ഞാന്‍ കോളേജില്‍ വിളിച്ചപ്പോള്‍ അവര്‍ വാര്‍ത്ത സ്ഥിരീകരിച്ചു. കുറ്റപ്പെടുത്തുന്ന രീതിയിലാണ് മാനേജ്‌മെന്റ് എന്നോടു സംസാരിച്ചത്. മകന്‍ ഹൃദ്രോഗി ആയിരുന്ന വിവരം ഞാന്‍ മറച്ചു വെച്ചുവെന്നായിരുന്നു ആരോപണം. അവന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു. സ്‌പോര്‍ട്‌സില്‍ വളരെ ആക്ടീവ് ആയിരുന്നു. തിടുക്കത്തില്‍ അവര്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ശ്രമിച്ചു. ശക്തമായി എതിര്‍ത്തത് കൊണ്ട് അവര്‍ അത് മാറ്റി വെച്ചു. പിന്നീട് ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി. മുങ്ങി മരണം എന്ന് റിപ്പോര്‍ട്ട് കിട്ടി. മകന്‍ മുങ്ങിയത് അഞ്ചടിയില്‍ താഴെ മാത്രം വെള്ളത്തിലായിരുന്നു എന്ന് അവര്‍ തന്നെ പറയുന്നു.

പിന്നീട് കേരളത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ശ്രീകുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ റീ പോസ്റ്റുമോര്‍ട്ടത്തില്‍ നോയിഡയില്‍ ചെയ്തതു തട്ടിപ്പാണെന്നു തെളിഞ്ഞു.
മകന്റെ തലയില്‍ സാരമായ ക്ഷതം ഉണ്ടായിരുന്നു. കൂടാതെ വൃക്കയിലും രക്തസ്രാവം ഉണ്ടായിരുന്നു. കേസ് അന്വേഷണം ആദ്യം കേരളാ പോലീസ് നടത്തി. അവര്‍ നോയിഡയില്‍ പോയി.

ഈ കേസ് ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് കേരളാ ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. അവര്‍ സമയം വലിച്ചു നീട്ടി ഉഴപ്പിക്കൊണ്ടിരുന്നു. കോടതി കൊടുത്തത് എട്ടു മാസത്തെ സമയമായിരുന്നു. ഏറെ വൈകിയപ്പോള്‍ ഞാന്‍ കോടതിയലക്ഷ്യത്തിന് പരാതി ഫയല്‍ ചെയ്തു. പിന്നീട് അവര്‍ കേസ് അവസാനിപ്പിക്കണമെന്നു പറഞ്ഞ് ഗാസിയാബാദ് സി ബി ഐ കോടതിയില്‍ കേസ് അവസാനിപ്പിക്കാനുള്ള ഹര്‍ജി നല്‍കി.

പ്രതിഷേധവുമായി ഞാന്‍ മുന്നോട്ടു വന്നപ്പോള്‍ കോടതി പുനഃരന്വേഷണത്തിന് ഉത്തരവിട്ടു.
സ്വകാര്യ സ്വാശ്രയ കോളേജിനെതിരെ വാര്‍ത്തകൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെ സ്വന്തമായി വെബ് സൈറ്റ് തുടങ്ങി ജോണ്‍ പോരാട്ടം തുടരുകയാണ്. കേസിന്‍റെ വിവരങ്ങളും ചിത്രങ്ങളും വാര്‍ത്തകളും സൈറ്റിലുണ്ട്.
ഇപ്പോഴിതാ വീണ്ടും അവര്‍ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,വയലാര്‍ രവി, എകെ ആന്റണി, കേടിയേരി ബാലകൃഷ്ണന്‍, ശശി തരൂര്‍, തുടങ്ങിയ നിരവധി നേതാക്കളെ നേരില്‍ കണ്ടു പരാതി സമ്മര്‍പ്പിച്ചുവെങ്കിലും ഫലം ഒന്നും ഉണ്ടായതുമില്ല.

നീതിക്കു വേണ്ടി ഞാന്‍ മുട്ടാതെ വാതിലുകളില്ല. എന്റെ മകന് നീതി കിട്ടണം അതിനു വേണ്ടി ഏത് അറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. ഇനി ഒരു ജിഷ്ണുവും ജസ്റ്റിനും ഉണ്ടായിക്കൂട. മാനേജ്മെന്റിന്റെ വൈകൃതങ്ങള്‍ക്ക് ഇനി ഒരു കുഞ്ഞും ഇരയായിക്കൂടാ. നീതി ലഭിക്കും വരെ ഞാന്‍ പോരാട്ടം തുടരുക തന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here