അന്യന്‍റെ വിയര്‍പ്പു വിറ്റു,
കണ്ണീരു വിറ്റു,
കമ്പോളം വിരിച്ച
കെണി മെത്തയില്‍,
കുടിച്ചു മദിച്ച,
നക്ഷത്ര പുതുവത്സര രാവുകള്‍;
അവനിലും അവളിലും
അടിമുടി ത്രസ്സിക്കവേ;

ആ വഴിയേ പോകാതെ
അന്തരാളം വിശന്നുനടന്നയെന്‍
ഏകാന്തപാതയില്‍;
മുള്ളുകള്‍ തറച്ചയെന്‍ കാലില്‍
അനാഥമാ മൊരു
ക്രിസ്മസ് കടലാസ്സു നക്ഷത്രച്ചീന്തു
മുഖം മുറിവേറ്റു ചുറ്റി വിതുമ്പി:

ڇപുതുവര്‍ഷം പിറന്നിട്ടും
പുതുപ്രതിജ്ഞകളെടുത്തിട്ടും
ഒരുമാറ്റവുമൊന്നിനുമില്ലിനിയും,
എല്ലാം പഴയതിനേക്കാള്‍ വിഷമയം;
വാക്കും പ്ര വൃത്തികളും.

ദരിദ്രന്‍റെ പിച്ചച്ചട്ടിയില്‍ നിന്ന്
സെലബ്രിറ്റിയുടെ സ്വര്‍ണ്ണത്തളികയിലേക്ക്
സകല ജീവനവും ആവഹിക്കുന്ന
കലാപരിപാടികളായ്
പത്രങ്ങളും സിനിമകളും
ചെങ്കോലുകളും കിരീടങ്ങളും
ചുവപ്പു പതാകകളും റെഡ്സ്ട്രീറ്റുകളും
നിണമണിഞ്ഞ മുള്‍ക്കിരീടങ്ങളും ശൂലങ്ങളും
അതേപടി ആവര്‍ത്തിക്കപ്പെടുന്നുڈ.

ഉള്‍ക്കിടിലത്തോടെ
ഒരു കുഴിമാന്തി
ഞാനാ സത്യം മൊഴിയും
നക്ഷത്രച്ചീന്തിനെ മറച്ചു,
ജീവിക്കണ്ടേ എനിക്കും,
എന്തിനു വെറുതേ
പ്രബലരുടെ നോട്ടപ്പുള്ളിയാകണം?

LEAVE A REPLY

Please enter your comment!
Please enter your name here