കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ധന്‍ ഔഷധ സ്റ്റോറുകള്‍ക്ക് ബദലായി ജനറിക്ക് സ്റ്റോറുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതു മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരുപദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേരള ജനറിക് സ്റ്റോര്‍ പദ്ധതിയിലൂടെ ഉയര്‍ന്ന ഗുണനിലവാരമുള്ള മരുന്നുകള്‍ സാധാരണക്കാരിലെത്തിക്കയാണ് ലക്ഷ്യം.

എന്നാല്‍ കേന്ദ്രപദ്ധതി അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തു വന്നുകഴിഞ്ഞു. ജനറിക് മരുന്നുകള്‍ ബ്രാന്‍ഡഡ് മരുന്നുകളുടെ വില്‍പ്പനയ്ക്കായി തുടങ്ങിയ കാരുണ്യ സ്റ്റോറുകള്‍ വഴി വില്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം കേന്ദ്ര പദ്ധതിയെ അട്ടിമറിക്കണമെന്ന ലക്ഷ്യത്തോടെയാണെന്നു ബിജെപി പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ ക്ഷേമത്തിനായി തുടങ്ങിയ പദ്ധതിക്കു ബദലല്ല ഇതെന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കാരുണ്യയില്‍ ജനറിക് വിഭാഗം തുടങ്ങുന്നതെന്നും കെഎംസിഎല്‍ അധിക്യതര്‍ വെളിപ്പെടുത്തി.

കേരള ജനറിക്സ് എന്ന പേരില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത അഞ്ച് ഫാര്‍മസികളില്‍ വില്‍പനയ്ക്ക് പ്രത്യേക വിഭാഗം തുടങ്ങുവാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ആദ്യഘട്ടത്തിന്റെ വിജയം അടിസ്ഥാനമാക്കിയായയിരിക്കും അടുത്ത ഘട്ടം സംബന്ധിച്ച തീരുമാനം എടുക്കുന്നത്. പദ്ധതി വിജയമാണെങ്കില്‍ സംസ്ഥാനത്തെ 54 കാരുണ്യ ഫാര്‍മസികളിലും ജനറിക് വിഭാഗം തുടങ്ങുമെന്ന് കെഎംസിഎല്‍ അധിക്യതര്‍ അറിയിച്ചു.

പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങി ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ 50 മുതല്‍ 70 ശതമാനം വിലക്കുറവില്‍ ജനറിക് സ്റ്റോര്‍ വഴി വിതരണം ചെയ്യാനാണ് കെഎംസിഎല്‍ പദ്ധതിയിടുന്നത്. ഇതിനു പുറമെ ടാബ്ലെറ്റുകളും, വിറ്റാമിന്‍ ഗുളികകളും, ആന്റി ബയോട്ടിക്കുകളും കുറഞ്ഞ നിരക്കില്‍ ജനറിക് സ്റ്റോറുകളില്‍ നിന്നും ലഭ്യമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ ജനറിക് നാമത്തില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ധന്‍ ഔഷധ പദ്ധതി പ്രകാരം നോഡല്‍ ഏജന്‍സിയായ ബിപിപിഎസ്‌യുവിന്റെ 140 സ്റ്റോറുകളാണ് സംസ്ഥാന്തു പ്രവര്‍ത്തിക്കുന്നത്. 170 സ്റ്റോറുകള്‍ കൂടി ഉടന്‍ തുടങ്ങാനും പദ്ധതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here