ദിലീപ് ചെയര്‍മാനായി സിനിമാമേഖലയില്‍ പുതിയ സംഘടന രൂപീകരിച്ചു. തീയറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മാതാക്കളും ചേര്‍ന്നുള്ള സംഘടനയാണ് നിലവില്‍ വന്നിരിക്കുന്നത്. സിനിമാ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പുതിയ സംഘടനയായിരിക്കും തീരുമാനിക്കുക.

എല്ലാവരും യോജിപ്പോടെ പ്രവര്‍ത്തിക്കാനും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നും പുറത്തുവരുന്നവരുമായി സഹകരിക്കാനും പുതിയ സംഘടന തീരുമാനിച്ചിട്ടുണ്ട്.
ബുദ്ധിപരമായ ഇടപെടലിലൂടെ സിനിമാ സമരം പൊളിച്ചടുക്കിയ ദിലീപിനെ പ്രശംസിച്ച് സിനിമാരംഗത്തുള്ള പ്രമുഖര്‍ രംഗത്ത് വന്നു കഴിഞ്ഞു .
നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, മള്‍ട്ടിപ്ലെക്‌സ് ഉടമകള്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെ മുന്‍നിര്‍ത്തി പുതിയ സംഘടന രൂപീകരിക്കുമെന്ന ദിലീപിന്റെ നടപടിയാണ് സിനിമാ സമരം പിന്‍വലിക്കാന്‍ കാരണമായത്.

തീയറ്ററുടമകളുടെ പുതിയ സംഘടനയില്‍ ദിലീപിന്റെ സാന്നിധ്യമുണ്ടാകും. ഡി സിനിമാസ് ദിലീപിന്റെ ഉടമസ്ഥതയിലാണ്. സുരേഷ് ഷേണായി, ആന്റണി പെരുമ്പാവൂര്‍ എന്നിവരും നേതൃത്വത്തിലുണ്ടാകും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ ദിലീപ് പങ്കെടുക്കും

സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നും, തീയറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാ പ്രദര്‍ശനം തുടങ്ങുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here