നമസ്‌കാരം ലോകത്തിലെ ഏറ്റവും പ്രബലവും പ്രശസ്തവുമായ വിദേശമലയാളീ പ്രസ്ഥാനമായ ഫോമായുടെ ബൈലോ കമ്മറ്റി അദ്ധ്യക്ഷന്‍ എന്ന സുപ്രധാന പദവിയിലേയ്ക്ക് നിയമിക്കപ്പെട്ടിരിക്കുകയാണല്ലോ. അഭിനന്ദനങ്ങള്‍ നേരുന്നു. ഒപ്പം ആശംസകളും. ഈ അംഗീകരത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

നന്ദി. ബൈലോ കമ്മറ്റിയുടെ അദ്ധ്യക്ഷസ്ഥാനം ഒരു അംഗീകാരമെന്നതിലുപരി ഗൗരവമേറിയ ഉത്തരവാദിത്തമായി ആണ് ഞാന്‍ കാണുന്നത്. ഒരു സംഘടനയുടെ മികവുറ്റ പ്രവര്‍ത്തനത്തിന് ശക്തവും സര്‍വ്വസ്വീകാര്യവും സമകാലിക പ്രസക്തവുമായ ഒരു ഭരണഘടനയുടെ പിന്‍ബലം അനിവാര്യമാണ്. അംഗസംഘടനകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം പ്രവര്‍ത്തകരുടെ വികാരങ്ങളും, വീക്ഷണങ്ങലും പ്രതിഫലിക്കുന്നതു കൂടി ആയിരിക്കണം ഭരണഘടന. ഈ ഉത്തരവാദിത്തം തികഞ്ഞസന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിലേക്ക് എന്നെ നിയോഗിച്ച ഫോമാ അദ്ധ്യക്ഷന്‍ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയോടുള്ള നന്ദി കൂടി അറിയിക്കുന്നു.

ബൈലോ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു പറയാമോ?

ബൈലോ കമ്മിറ്റി ഇപ്പോള്‍ രൂപീകൃതമായിട്ടേയുള്ളൂ പ്രവര്‍ത്തന പരിപാടികളുടെ രൂപരേഖ തയ്യാറായി വരുന്നു. നിലവിലുള്ള ബൈലോയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയും അംഗസംഘടനകളുടെയും പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് അവയെ അവലോകനം ചെയ്തുകൊണ്ട് അന്തിമ ഭേദഗതിക്ക് രൂപം കൊടുത്ത് ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. അടുത്ത പത്തുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് സുശക്തമായ ഒരു ബൈലോ തയ്യാറാക്കുകയാണ് ലക്ഷ്യം.

2017-ലെ വാര്‍ഷീക ജനറല്‍ബോഡിയില്‍ പരിഷ്‌കരിച്ച ബൈലോ അവതരിപ്പിക്കുന്നതാണ്.
ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ബൈലോ കമ്മിറ്റിയെ കുറിച്ച് ഒന്നു വിശദീകരിക്കുമോ?

പണ്ഡിതരും പരിചയസമ്പന്നരുമായ പ്രവര്‍ത്തകരുടെ ഒരു നിരതന്നെയാണ് ഇപ്പോഴത്തെ ബൈലോ കമ്മിറ്റി രാജു വര്‍ഗീസ്, ഡോ.ജയിംസ് കുറിച്ചി എന്നിവര്‍ കോ-ചെയര്‍പേഴ്‌സണ്‍സ്, സാം ഉമ്മന്‍(സെക്രട്ടറി). ഇവരോടൊപ്പം ജോര്‍ജ് മാത്യു(സി.പി.എ), വില്‍സണ്‍ പാലത്തിങ്കല്‍, മാത്യു ചെരുവില്‍, ജോണ്‍ സി വര്‍ഗീസ്, ജെ.മാത്യു എന്നീ പ്രശ്‌സത വ്യക്തികളും ബൈലോ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

ഫോമായുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു?

ഫോമാ ഒരു അജയ്യ ശക്തിയായി അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടരുകയാണല്ലോ. സാമൂഹിക് പ്രതിബദ്ധതയുള്ള പല സംരംഭങ്ങള്‍ ഏറ്റെടുക്കുകയും ഒട്ടേറെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്നുണ്ട്. ക്രിയാത്മകമായ ഈ പ്രവര്‍ത്തനശൈലി പ്രവാസി സമൂഹത്തിന്റെ ആത്മബലവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കുന്നതിന് വഴി തെളിച്ചിട്ടുണ്ട്.

താങ്കള്‍ മികവുറ്റ ഒരു സംഘാടകന്‍ മാത്രമല്ല കലാ സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ കൂടിയാണെന്ന് കേട്ടിട്ടുണ്ട്. ആ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടി ഒന്നു വിശദീകരിക്കാമോ?

കലയും സംസ്‌കാരവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ജീവിതസ്പര്‍ശിയായ വിഷയങ്ങളെ ഭാവനയുടെ വെളിച്ചത്തില്‍ കാണുമ്പോഴാണ് ഉത്തമമായ കലാരൂപങ്ങള്‍ ഉണ്ടാകുന്നത്. അത് മനുഷ്യന്റെ സംസ്‌കാരത്തെ സ്വാധീനിക്കുകയും സംപുഷ്ടമാക്കുകയും ചെയ്യുന്നു. 1972-ല്‍ അമേരിക്കയിലേയ്ക്ക് കുടിയേറുന്നതിനും വളരെ മുമ്പേ അഭിനയരംഗത്ത് സജീവമായിരുന്നു. നാടകപ്രവര്‍ത്തനങ്ങള്‍ക്ക് ആയിരുന്നു അന്ന് പ്രാധാന്യം നല്‍കിയിരുന്നത്. അമേരിക്കയില്‍ എത്തിയശേഷം അതു തുടരുവാനുള്ള ഭാഗ്യം ലഭിച്ചു. ആ കലാപരിചയം രണ്ടു മലയാള സിനിമകളിലും ഒരു ഹിന്ദിസിനിമയിലും തുടര്‍ന്ന് ഒരു ഹോളിവുഡ് സിനിമയിലും അഭിനയിക്കാന്‍ അവസരമൊരുക്കി. മറ്റൊരു ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.

ജീവകാരുണ്യരംഗത്തും അതുല്യമായ സംഭാവനകള്‍ ചെയ്തുവരുന്ന ഒരാളാണല്ലോ താങ്കള്‍. ആ പ്രവര്‍ത്തനങ്ങളെക്കുറിച്ച്…

കാന്‍സര്‍ ബാധിതര്‍ക്ക് സാന്ത്വനം എത്തിക്കുന്ന സൂസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ ചാരിറ്റി ഫണ്ട് എന്ന സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ 16 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു. ലോസ് ഏഞ്ചല്‍സിലെ കേരള കാത്തലിക് അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ്. നമ്മുടെ എളിയ പ്രവര്‍ത്തനം കൊണ്ട് വേദനിക്കുന്ന ഒരു വ്യക്തിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടര്‍ന്നാല്‍ അതിനേക്കാള്‍ ചാരിതാര്‍ത്ഥ്യജനകമായി മറ്റൊന്നില്ല.

1972 ആണല്ലോ അമേരിക്കയില്‍ എത്തിയത്. തീര്‍ച്ചയായും കേരളത്തില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാള്‍ തന്നെ ഏതൊക്കെ സുപ്രധാന പദവികള്‍ വഹിക്കുവാനുള്ള ഭാഗ്യം താങ്കള്‍ക്ക് ഉണ്ടായിട്ടുണ്ട്?

2010-12 കാലഘട്ടത്തില്‍ ഫോമായുടെ ട്രഷറര്‍ ആയിരുന്നു. ഇപ്പോള്‍ നാഷ്ണല്‍ കമ്മിറ്റി അംഗം ആണ് കേരളാ അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസി(കല) ന്റെ സ്ഥാപകരില്‍ ഒരാള്‍ ആണ്. കലയുടെ പ്രസിഡന്റ് ആയി രണ്ടു തവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വാലീ മലയാളീ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് രൂപീകരിക്കുവാനും മുന്‍കൈ എടുത്തിട്ടുണ്ട്.

നാട്ടിലും അമേരിക്കയിലും വലിയൊരു സുഹൃത് വലയത്തിന്റെ ഉടമയാണല്ലോ. അതിനെപറ്റി…

സൗഹൃദങ്ങള്‍ വലിയൊരളവു വരെ ഊര്‍ജം നല്‍കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കുവാനും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ലഭിക്കുവാനും സൗഹൃദങ്ങള്‍ ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.

താങ്കളുടെ കുടുംബത്തെക്കുറിച്ച്…

ഭാര്യ സുജ ഔസോ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം ഉള്ള ആണ്. ഇപ്പോള്‍ കലയുടെ കമ്മറ്റി അംഗം ആയി സേവനം അനുഷ്ഠിക്കുന്നു. മക്കള്‍ ബിന്ദു സേവ്യര്‍, ബിനോയ് ജോസഫ് എന്നിവര്‍ ഫാര്‍മസിസ്റ്റുകള്‍ ആണ്. ഇളയ മകള്‍ ബ്രെന്‍ഡാ പടവില്‍ ഒബാമാ അഡ്മിനിസ്‌ട്രേഷന്റെ മ്ാദ്ധ്യമ വിഭാഗത്തില്‍ ജോലി ചെയ്യുന്നു.

നല്ല വൃക്ഷം നല്ല ഫലങ്ങള്‍ നല്‍കുന്നു എന്ന് പറയപ്പെട്ടതുപോലെ പ്രതിഭയായ പിതാവിന്റെ മക്കളും പ്രഗല്‍ഭര്‍ ആണ് എന്ന് അറിയുന്നതില്‍ വളരെ സന്തോഷം. താങ്കള്‍ക്കും കുടുംബത്തിനും താങ്കളുടെ എല്ലാ ഉദ്യമങ്ങള്‍ക്കും ഫോമാ മീഡിയാ ടീമിന്റെ ഭാവുകങ്ങള്‍ നേരുന്നു. നന്ദി.

ജോജോ കോട്ടൂര്‍
ഫോമാ ന്യൂസ് ടീം

FOMAA bylaw pic

LEAVE A REPLY

Please enter your comment!
Please enter your name here