പ്രശസ്ത ആഗോള ഓണ്‍‌ലൈന്‍ ബിസിനസ് ഭീമനായ ആമസോണ്‍ ഡോട്ട് കോം തുടര്‍ച്ചയായി വിവാദങ്ങളില്‍ ചെന്നു പെടുന്നത് ഒരു പതിവായി തീര്‍ന്നിരിക്കുകയാണ്. ആമസോണ്‍ വഴി വിറ്റഴിക്കുന്ന ഉല്പന്നങ്ങള്‍ ഇന്ന് ലോകമെങ്ങും ലഭ്യമാണ്. സാധാരണക്കാര്‍ക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ കടകളില്‍ വാങ്ങാന്‍ കിട്ടുന്ന സാധനങ്ങള്‍ ആദായവിലയ്ക്ക് ആമസോണ്‍ വഴി വാങ്ങാവുന്നതുകൊണ്ട് കൂടുതല്‍ പേര്‍ ഈ ഓണ്‍ലൈന്‍ കച്ചവട ഭീമനെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍, അറിഞ്ഞോ അറിയാതെയോ ഈ ഭീമന്‍ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വൈവിധ്യങ്ങള്‍ നിറഞ്ഞ സാംസ്ക്കാരിക ഭാരതത്തിന്റെ പൈതൃകത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആമസോണ്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അടുത്ത നാളുകളില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ ആഴ്ചയിലാണ് കാനഡ ആസ്ഥാനമായുള്ള ആമസോണ്‍ ഇന്ത്യന്‍ ദേശീയപതാകയുടെ രൂപത്തിലുള്ള ഡോര്‍ മാറ്റ് (ചവിട്ടി) വില്പനയ്ക്കായി ലിസ്റ്റ് ചെയ്തത്. അവയുടെ ഫോട്ടോകളും സൈറ്റില്‍ പ്രത്യക്ഷമായി. അത് കണ്ടുപിടിച്ച ഒരു ട്വിറ്റര്‍ ഉപഭോക്താവ് വിദേശകാര്യമന്ത്രി സുഷമസ്വരാജിന് ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ ഉടനടി മറുപടി കൊടുക്കുന്ന സുഷമ സ്വരാജ് പെട്ടെന്നു തന്നെ ആമസോണിന് ട്വീറ്റ് ചെയ്തു… “ഇന്ത്യയുടെ ദേശീയപതാകയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഉടനെ പിന്‍വലിക്കണം, ഇത് അനുസരിക്കാതിരുന്നാല്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് മാത്രമല്ല നേരത്തെ ഇഷ്യൂ ചെയ്ത വിസയും റദ്ദാക്കും.  ആമസോണ്‍ ഉടനെ മാപ്പുപറയണം.” തീര്‍ന്നില്ല, കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷനോട് ആമസോണില്‍ നിന്നും വിശദീകരണം തേടാനും സുഷമ സ്വരാജ് നിര്‍ദ്ദേശിച്ചു. സംഭവം നയതന്ത്ര പ്രശ്‌നമായി വളരുമെന്നുറപ്പായ ആമസോണ്‍ ഉടനടി വെബ്‌സൈറ്റില്‍നിന്ന് ഉല്‍പന്നം പിന്‍വലിക്കുകയും നിരുപാധികം മാപ്പു പറയുകയും ചെയ്തു.   

പക്ഷെ, ആമസോണ്‍ വീണ്ടും പുലിവാലു പിടിച്ചു. ഇതാ വരുന്നു മറ്റൊരു ഉല്പന്നം !!  ഗാന്ധിജിയുടെ മുഖചിത്രമുള്ള വള്ളിച്ചെരിപ്പാണ് ഇത്തവണ ഓണ്‍‌ലൈനിലൂടെ വില്പനയ്ക്ക് വെച്ചത്. ഭാരതിയരെ സംബന്ധിച്ച് രാഷ്ട്രപിതാവിനോടുള്ള കടുത്ത അനാദരവാണ് ഈ ചെരിപ്പ്. ‘ഗാന്ധി ഫ്‌ളിപ് ഫ്‌ളോപ്‌സ്’ എന്ന പേരില്‍ ലിസ്റ്റ് ചെയ്തിരുന്ന ഒരു ജോഡി ചെരിപ്പിന് 16.99 ഡോളറായിരുന്നു വില. ഇത് ഇന്ത്യക്കാരെ മുഴുവനും പ്രകോപിപ്പിച്ചുവെന്നു മാത്രമല്ല, മലയാളികളുടെ ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജ് പൊങ്കാലയ്ക്ക് ആഹ്വാനം നല്‍കിക്കൊണ്ട് ആമസോണിന്റെ ഔദ്യോഗിക ഫെയ്സ്ബുക്കില്‍ ആക്രമണം തുടര്‍ന്നു, അതും മലയാളികളുടെ തനതു ഭാഷയില്‍. കൂടാതെ ആമസോണിനെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി BoycttoAmazon എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ആമസോണില്‍ നിന്നുണ്ടാകുന്നത് ആദ്യമല്ല. ഓം എന്ന് രേഖപ്പെടുത്തിയ അടിവസ്ത്രങ്ങള്‍, ഗണപതി, സരസ്വതി തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചവിട്ടികള്‍, ദേശീയപതാക ആലേഖനം ചെയ്ത പാദരക്ഷകള്‍ തുടങ്ങി വേറേയും ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ വില്‍ക്കുന്നുണ്ടായിരുന്നു. ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ട് പ്രതിഷേധമറിയിച്ചാല്‍ അവരതുടനെ പിന്‍‌വലിക്കും. പക്ഷെ, മറ്റൊരു ഉല്പന്നവുമായിട്ടായിരിക്കും വീണ്ടും സൈറ്റ് പ്രത്യക്ഷപ്പെടുക.

‘ഫോര്‍ച്യൂണ്‍’ എന്ന അമേരിക്കന്‍ ബിസിനസ് മാസികയുടെ 2013 ജനുവരി ലക്കത്തിന്റെ മുഖചിത്രം ആമസോണ്‍ സിഇഒ ജെഫ് ബോസിനെ ഹിന്ദു ദൈവമായ മഹാവിഷ്ണുവായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് കാണിച്ച് ഒട്ടേറെ പേര്‍ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ആര്‍ട്ടിസ്റ്റ് നീഗല്‍ ബച്ചനാണ് കാര്‍ട്ടൂണിന്റെ രചയിതാവ്. വലതുകൈയ്യില്‍ ആമസോണിന്റെ ലോഗോയും മറുകൈയ്യില്‍ താമരയുമായി നില്‍ക്കുന്ന വിഷ്ണു ഭഗവാനായാണ് ജെഫ് ബോസിനെ ചിത്രീകരിച്ചിരുന്നത്. ഇന്ത്യയില്‍ ആമസോണിന്റെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫോര്‍ച്ച്യൂണ്‍ മാസിക ആമസോണിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍, കാര്‍ട്ടൂണിനെതിരെ ശക്തമായ പ്രതിഷേധമാണ് അന്ന് അമേരിക്കയിലും ഇന്ത്യയിലും നടന്നത്. ചിത്രം വിവാദമായതോടെ ഫോര്‍ച്ച്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് അലന്‍ മ്യുറേ ട്വിറ്ററിലെത്തി മാപ്പ് ചോദിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ ക്ഷേത്രങ്ങളില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദൈവമാണ് മഹാവിഷ്ണുവെന്നും അതിനാല്‍ നാടകീയ രംഗങ്ങള്‍ക്ക് വേണ്ടി പുനരാവിഷ്‌കരിക്കരുതെന്നും അന്ന് വിവിധ സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 

ഗുരുത്വദോഷമാണോ അതോ അഹങ്കാരമാണോ എന്നറിയില്ല, ആമസോണിന് എന്തോ ശാപം കിട്ടിയിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം 2014-ല്‍ അവര്‍ വിവാദ ഉല്പന്നങ്ങളുമായി വീണ്ടും രംഗത്തെത്തിയത്.  ഇത്തവണ അവര്‍ വില്പനയ്ക്കു വെച്ചത് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ലെഗിംഗ്സാണ്.  ‘യിസാം’ എന്ന പേരിലാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുമായി ലെഗിംഗ്‌സും യോഗ പാന്റും അന്നവര്‍ പുറത്തിറക്കിയത്. ഗണപതി, ശിവന്‍, ബ്രഹ്മാവ്‌, വിഷ്ണു, മുരുകന്‍, ഹനുമാന്‍, രാമന്‍, രാധ-കൃഷ്ണ, കാളി തുടങ്ങിയ ചിത്രങ്ങള്‍ പതിച്ച വസ്ത്രങ്ങളായിരുന്നു ആമസോണ്‍ വില്പനയ്ക്കായി ലിസ്റ്റ് ചെയ്തത്. 48 മുതല്‍ 52 ഡോളര്‍ വരെയായിരുന്നു അതിന്റെ വില. സംഭവം വാര്‍ത്തയായതോടെ  ആമസോണ്‍ 24 മണിക്കൂറിനകം ഉല്പന്നങ്ങള്‍ പിന്‍വലിച്ചു. വിവാദ ലെഗിംഗ്സിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരിന്നു. ഹിന്ദുക്കള്‍ ക്ഷേത്രങ്ങളിലും പൂജാമുറിയിലുമാണ് ദൈവങ്ങളെ ബഹുമാനത്തോടെ ആരാധിക്കുന്നത്. കാലിലും ജനനേന്ദ്രയത്തിലും അരക്കെട്ടിലുമൊക്കെ കച്ചവട താത്പര്യത്തോടുകൂടി ദൈവങ്ങളെ ചിത്രീകരിച്ചത് അനുവദിക്കാനാവില്ലെന്ന് അവര്‍ പ്രതികരിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ ലെഗിംഗ്സ് വില്പന അവസാനിപ്പിക്കാന്‍ ആമസോണ്‍ തീരുമാനിക്കുകയും മതവികാരണം വ്രണപ്പെടുത്തിയതില്‍ മാപ്പുചോദിക്കുകയും ചെയ്തു. 

അടുത്തത് ഇന്ത്യന്‍ ദേശീയപതാകയാണ്. ഓരോ രാജ്യങ്ങള്‍ക്കും അവരുടെ ദേശീയ പതാകയുടെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ നിബന്ധനകളുണ്ട്. ഇന്ത്യന്‍ ദേശീയ പതാകയ്ക്കുമുണ്ട് നിബന്ധനകള്‍. ഇന്ത്യന്‍ ദേശീയ പതാകയുടേയും ദേശീയ ഗാനത്തിന്റേയും ചരിത്രത്തെക്കുറിച്ചും അവ ഉപയോഗിക്കുകയും ആദരിക്കുകയും ചെയ്യേണ്ട നിബന്ധനകളെക്കുറിച്ചും മറ്റും ഈ ലിങ്കുകളില്‍ ലഭ്യമാണ്: ദേശീയ പതാക – https://en.wikipedia.org/wiki/ Flag_of_India, ദേശീയഗാനം – https://en.wikipedia.org/wiki/ Jana_Gana_Mana. ഈ നിബന്ധനകള്‍ പാലിക്കാത്തവര്‍ ശിക്ഷാര്‍ഹരാണെന്ന കാര്യം പലരും മറക്കുന്നുണ്ടെന്ന് ചില സംഘടനകള്‍ ദേശീയപതാകയോട് കാണിക്കുന്ന അനാദരവില്‍ നിന്ന് മനസ്സിലാക്കാം. അമേരിക്കയിലെ പല സംഘടനകളും അക്കൂട്ടത്തില്‍ പെടും. ദേശീയ പതാക തലതിരിച്ചു കെട്ടിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ ‘ഓ….അമേരിക്കയിലല്ലേ, ആര് കാണാന്‍’ എന്നു പറയുന്നവരെയും കണ്ടിട്ടുണ്ട്.  

ഇന്നലെ അബുദാബിയില്‍ കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ ദേശീയ പതാക തലതിരിച്ചാണ് പ്രദര്‍ശിപ്പിച്ചത്. സുസ്ഥിര ഊര്‍ജ്ജ കോണ്‍‌ഫറന്‍സില്‍ പങ്കെടുക്കാനാണ് മന്ത്രി അബുദാബിയിലെത്തിയത്. സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഹാലിഹുമായി മന്ത്രി പീയുഷ് ഗോയല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത ഫോട്ടോയുടെ പശ്ചാത്തലത്തിലാണ് തലതിരിഞ്ഞ ഇന്ത്യന്‍ ദേശീയ പതാക കാണുന്നത് (ചിത്രം കാണുക). സൗദി പ്രസ് ഏജന്‍സി ട്വീറ്റ് ചെയ്ത ചിത്രമാണത്. 

2015 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലതിരിച്ച് കെട്ടിയ ദേശീയ പതാകയ്ക്കു മുന്‍പില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ആസിയാന്‍ ഉച്ചക്കോടിക്കിടെ മലേഷ്യയില്‍ മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ദേശീയ പതാക തലതിരിച്ച് കെട്ടിയിരുന്നത്. പല സന്ദര്‍ഭങ്ങളിലും മന്ത്രിമാര്‍ പോലും ഇന്ത്യന്‍ ദേശീയ പതാകയെ ശ്രദ്ധിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവങ്ങള്‍. 

ഗാന്ധിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരിക്കാം കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രം, സ്കെച്ച് തുടങ്ങിയവ മോശം സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചര്‍ക്ക തുടങ്ങിയവയുടെ ചിത്രങ്ങളും വികൃതമാക്കപ്പെടാവുന്ന രീതിയില്‍ ഉപയോഗിക്കരുതെന്നും, പൊതുകക്കൂസിന്‍െറ ഭിത്തി, ചവറ്റു കൊട്ട തുടങ്ങിയവയില്‍ അലങ്കാരമെന്ന പോലെ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദ്ദേശിക്കുന്നു.  സ്വച്ഛ് ഭാരത് മിഷന്‍ പരിപാടികള്‍ക്കും ഗാന്ധി ചിത്രങ്ങളോ മഹാത്മാവിന്‍െറ ഉപയോഗവസ്തുക്കളോ ദുരുപയോഗം ചെയ്യരുതെന്നും പറയുന്നു. ഖാദി ഗ്രാമവ്യവസായ കോര്‍പറേഷന്‍െറ കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും ഗാന്ധിജിയെ കുടിയിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കുടിയേറിയതിനു പിന്നാലെയാണ് പുതിയ നിര്‍ദേശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പോയിരിക്കുന്നതെന്നത് വിരോധാഭാസമായി തോന്നുന്നു.  

Amazon Amazon5 gandhi Modi at ASIAN Piyush Goyal

LEAVE A REPLY

Please enter your comment!
Please enter your name here