ഏഷ്യാ-പസഫിക് മേഖലയില്‍ സൈനിക മേല്‍ക്കോയ്മ നേടാനുള്ള ചൈനയുടെ നീക്കത്തിനെതിരെ അമേരിക്കയെയും റഷ്യയെയും കൂടെ നിര്‍ത്തി തന്ത്രപരമായ നീക്കത്തിന് ഇന്ത്യ.

പുതിയ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റാലുടന്‍ മൂന്ന് രാജ്യങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ചൈനയുടെ നീക്കം തകര്‍ക്കാനാണ് പദ്ധതി. ജപ്പാന്‍, ഓസ്‌ട്രേലിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെയും സഹകരിപ്പിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുന്നത്.

ചൈനക്കെതിരായ നിലപാടിന്റെ കാര്യത്തില്‍ ഇന്ത്യക്കൊപ്പമാണെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപ് – മോദി – പുടിന്‍ ‘ത്രിമൂര്‍ത്തികള്‍’ ആയിരിക്കും ഇനി ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുക എന്ന പ്രചരണവും ശക്തമാണ്. മൂന്ന് നേതാക്കള്‍ക്കിടയിലുള്ള വ്യക്തി പരമായ അടുപ്പവും പരസ്പര ബഹുമാനവുമാണ് ഇത്തരമൊരു വിലയിരുത്തലിന് നയതന്ത്ര വിദഗ്ദരെ പോലും പ്രേരിപ്പിച്ചത്.

പാകിസ്ഥാന് സൈനികമായി ചൈന നല്‍കുന്ന സഹായത്തില്‍ കടുത്ത പ്രതിഷേധമുള്ള ഇന്ത്യ, ഏത് ഭീഷണി നേരിടാനുമുള്ള ശക്തി രാജ്യത്തിനുണ്ടെന്ന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ചൈനയുടെ അനാവശ്യമായ സൈനിക ഇടപെടലിനെതിരെ 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സുരക്ഷാ കോണ്‍ഫറന്‍സില്‍ തന്നെ ശക്തമായി പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ മുന്നറിയിപ്പാണ് ഇതുവഴി ചൈനക്ക് നല്‍കിയത്.

സൈനികമായ മേധാവിത്വം കൈക്കലാക്കാനുള്ള മോഹവും മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത വൈരാഗ്യ ബുദ്ധിയുമാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് മോദി തുറന്നടിച്ചത്.തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈനാ കടലിലെ ദ്വീപുകള്‍ സ്വന്തമാക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ നേരത്തെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ കീഴില്‍ സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്ന റെക്‌സ് ടീല്ലേഴ്‌സണും രംഗത്ത് വന്നിരുന്നു.പാകിസ്ഥാനിലൂടെ ചൈന നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടനാഴി വഴി സൈനിക വിന്യാസമാണ് ആത്യന്തികമായി ചൈന ലക്ഷ്യമിടുന്നതെന്ന് ഇതിനകം തന്നെ ലോക രാഷട്രങ്ങള്‍ക്കും വ്യക്തമായി കഴിഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ മേല്‍ക്കോയ്മ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് ചൈനയുടെയും പാക്കിസ്ഥാന്റെയും ഈ സംയുക്ത നീക്കം. ഇതെല്ലാം മുന്നില്‍ കണ്ട് പൊളിച്ചടക്കാനാണ് ഇപ്പോള്‍ വന്‍ ശക്തികള്‍ ഇന്ത്യക്കൊപ്പം കൈകോര്‍ക്കാനൊരുങ്ങുന്നത്. സൈനിക ശക്തി വലിയ രൂപത്തില്‍ വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യ, തദ്ദേശീയമായി വലിയ രൂപത്തില്‍ ആയുധങ്ങള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നതും സൈന്യത്തെ ഹൈടെക്ക് ആക്കുന്നതുമെല്ലാം പാക്കിസ്ഥാനും ചൈനയും ഗൗരവമായാണ് കാണുന്നത്.

അത് കൊണ്ട് തന്നെയാണ് മുന്‍ കാലങ്ങളില്‍ നിന്നത്തേതിനേക്കാളും വളരെ അടുപ്പത്തോട് കൂടി ഇരു രാഷ്ട്രങ്ങളും ഇപ്പോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ചൈനയില്‍ വന്‍ നാശം വിതക്കാന്‍ ശേഷിയുള്ള മിസൈല്‍ ഇന്ത്യ കൂടുതലായി വികസിപ്പിച്ചെടുത്തതിനെതിരെ ചൈനീസ് മാധ്യമം രൂക്ഷ വിമര്‍ശനവുമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രംഗത്ത് വന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here